ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയിലെ ശക്തമായ സാന്നിധ്യമാണ് എംജി വിൻഡ്സർ ഇവി. 2024 സെപ്റ്റംബറിലാണ് ഈ വാഹനം എംജി മോട്ടോഴ്സ് വിപണിയില്‍ എത്തിച്ചതെങ്കിലും ചുരുങ്ങിയ കാലംകൊണ്ട് എതിരാളികളുടെ പേടിസ്വപ്നമായി മാറാൻ വിൻഡ്സർ ഇവിക്ക് കഴിഞ്ഞു. ഇപ്പോഴിതാ, ആരാധകർ ഏറെ നാളായി കാത്തിരുന്ന വിൻഡ്സർ ഇവി പ്രോ എന്ന ടോപ്പ് സ്പെക് പതിപ്പും പുറത്തിറക്കിയിരിക്കുകയാണ് എംജി. പുതിയ ബാറ്ററി പായ്ക്ക്, സ്റ്റൈല്‍, കൂടുതല്‍ ഫീച്ചറുകള്‍, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയോടെയാണ് വാഹനം എത്തിയിരിക്കുന്നത്. നിലവിലെ ടോപ് സ്പെക്ക് എസെൻസ് വേരിയന്റിന് മുകളിലാണ് പ്രോയുടെ സ്ഥാനം.

എന്തെല്ലാം മാറ്റങ്ങള്‍
- ബാറ്ററിയും പവറും: നിലവില്‍ 38 kWh ബാറ്ററി പാക്കിലാണ് എംജി വിൻഡ്സർ ലഭ്യമാകുന്നത്. 332 കിലോമീറ്ററാണ് റേഞ്ച്. വിൻഡ്സർ ഇവി പ്രോ എത്തിയപ്പോള്‍ കാര്യങ്ങളെല്ലാം മാറി. 52.9 kWh ബാറ്ററി പായ്ക്കാണ് പ്രോയിലെ പ്രധാന ആകർഷണം. ഇതോടെ റേഞ്ചും കൂടി. ഒറ്റ ചാർജില്‍ 449 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്. ബാറ്ററി ശേഷി മെച്ചപ്പെടുത്തിയെങ്കിലും വിൻഡ്സർ ഇവി പ്രോയുടെ പവറും ടോർക്കും സ്റ്റാൻഡേർഡ് മോഡലിന് സമാനമാണ്. 136 എച്ച്‌പി പവറും 200 എൻഎം ടോർക്കും മാറ്റമില്ലാതെ തുടരുന്നു. 7.4kWh എസി ചാർജർ ഉപയോഗിച്ച് ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം 9.5 മണിക്കൂർ എടുക്കും. 60kW ഡിസി ഫാസ്റ്റ് ചാർജിങ്ങും പിന്തുണയ്ക്കുന്നുണ്ട്.ഇത് 50 മിനിറ്റിനുള്ളില്‍ 20 മുതല്‍ 80 ശതമാനം വരെ ചാർജാകും. വലിയ ബാറ്ററി പായ്ക്ക് വന്നതോടെ ഉള്ളിലെ സ്ഥലസൗകര്യം കുറഞ്ഞിട്ടുണ്ട്. സ്റ്റാൻഡേർഡ് വിൻഡ്സറിലെ 604 ലിറ്ററുമായി താരതമ്യപ്പെടുത്തുമ്ബോള്‍ പ്രോയുടെ ബൂട്ട് സ്പേസ് 579 ലിറ്ററാണ്.

- ഡിസൈൻ: ഡിസൈനില്‍ മാറ്റങ്ങളൊന്നും ഇല്ല. എംജി ഹെക്ടർ എസ്യുവിയുടേതിന് സമാനമായ 18 ഇഞ്ച് അലോയ് വീലുകളുടെ പുതിയ ഡിസൈൻ മാത്രമാണ് ഏക മാറ്റം. സീറ്റുകള്‍, ഫ്രണ്ട് ആംറെസ്റ്റ്, റൂഫ്, കോളം ലൈനറുകള്‍, പുതിയ ബീജ് അപ്ഹോള്‍സ്റ്ററി എന്നിവയിലൂടെ പ്രോ വേരിയന്റിനെ എളുപ്പത്തില്‍ തിരിച്ചറിയാനാകും. നിലവില്‍ വിപണിയിലുള്ള മോഡലില്‍ പൂർണമായും കറുപ്പ് നിറത്തിലുള്ള ഇന്റീരിയർ കളർ സ്കീമാണുള്ളത്.

- ഫീച്ചറുകള്‍: V2V (വെഹിക്കിള്‍ ടു വെഹിക്കിള്‍), V2L (വെഹിക്കിള്‍ ടു ലോഡ്) പോലുള്ള പുതിയ ഫീച്ചറുകള്‍ ലഭിക്കുന്നുണ്ട്. ഇതിലൂടെ വാഹനത്തിനുള്ളിലെ ബാറ്ററി ഉപയോഗിച്ച് മറ്റ് ഇലക്‌ട്രിക് കാറുകളും പുറമെയുള്ള ഉപകരണങ്ങളും ചാർജ് ചെയ്യാം. കൂടാതെ ലെവല്‍ 2 അഡാസ് സുരക്ഷയും ഉണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ട്രാഫിക് ജാം അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിങ്ങ് എന്നിവയുള്‍പ്പെടെ 12 സവിശേഷതകളോടുകൂടിയതാണ് അഡാസ് സംവിധാനം.

- പവേർഡ് ടെയില്‍ഗേറ്റാണ് മറ്റൊരു പ്രധാന പ്രത്യേകത. സ്റ്റാൻഡേർഡ് പതിപ്പില്‍ തന്നെ, വിൻഡ്സറിന് എല്‍ഇഡി ലൈറ്റുകള്‍, ഫ്ലഷ് ഡോർ ഹാൻഡിലുകള്‍, എയ്റോ-ലോഞ്ച് സീറ്റുകള്‍, 15.6 ഇഞ്ച് ടച്ച്‌സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാർപ്ലേ എന്നിവയുണ്ട്. സെലാഡോണ്‍ ബ്ലൂ, ഗ്ലേസ് റെഡ്, അറോറ സില്‍വർ എന്നിങ്ങനെ മൂന്ന് പുതിയ കളർ ഓപ്ഷനുകള്‍ പ്രോ വേരിയന്റില്‍ ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ട്.

വിലയും എതിരാളികളും: 17.49 ലക്ഷം രൂപയാണ് വിൻഡ്സർ പ്രോയുടെ എക്സ്ഷോറൂം വില. ബുക്കിങ്ങ് മേയ് എട്ടിന് ആരംഭിക്കും. പ്രാരംഭ വിലയായ 17.49 ലക്ഷം രൂപ ആദ്യത്തെ 8,000 ബുക്കിങ്ങുകള്‍ക്ക് മാത്രമുള്ളതായിരിക്കും. ടാറ്റ നെക്സോണ്‍ ഇവി, ഹ്യുണ്ടായ് ക്രെറ്റ ഇലക്‌ട്രിക്, മഹീന്ദ്ര എക്സ്യുവി400 എന്നിവയോടാണ് സ്റ്റാൻഡേർഡ് വിൻഡ്സർ ഇവി മത്സരിക്കുന്നത്. നെക്സോണ്‍ ഇവിയുടെ 45kWh വേരിയന്റും ക്രെറ്റ ഇലക്‌ട്രിക്കിന്റെ 51.4kWh വേരിയന്റുമാകും വിൻഡ്സർ ഇവി പ്രോയുടെ പ്രധാന എതിരാളികള്‍.

















