വിവാഹത്തിന്റെ തലേദിവസം ഹല്‍ദി ആഘോഷത്തിനിടെ നൃത്തം ചെയ്യുന്നതിനിടയില്‍ നവവധു ഹൃദയാഘാതം മൂലം മരിച്ചു. ഉത്തർപ്രദേശിലെ ബദൗനില്‍ വിവാഹ ആഘോഷങ്ങള്‍ക്കിടെയാണ് ദാരുണമായ സംഭവം നടന്നത്. തന്റെ ഹല്‍ദി ആഘോഷത്തിനിടയില്‍ നൃത്തം ചെയ്ത 22കാരിയാണ് കുഴഞ്ഞുവീണ് മരിച്ചത്.
ചടങ്ങിനിടെ പെണ്‍കുട്ടി നൃത്തം ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കുഴഞ്ഞുവീണ യുവതിക്ക് അടിയന്തര സഹായശ്രമങ്ങള്‍ നടത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെണ്‍കുട്ടി പൂർണമായും ആരോഗ്യവതിയായിരുന്നു. അവള്‍ക്ക് യാതൊരുവിധ അസുഖവും ഉണ്ടായിരുന്നില്ല.
അത്തരമൊരു സന്തോഷ നിമിഷത്തില്‍ ഈ ദുരന്തം സംഭവിക്കുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. പെട്ടന്നുള്ള മരണം ആ ഗ്രാമത്തെ മുഴുവൻ ദുഃഖത്തിലാക്കിയിരിക്കുകയാണ്. അന്തിമ മെഡിക്കല്‍ റിപ്പോർട്ട് പുറത്ത് വരുന്നതോടുകൂടി മരണത്തിന്റെ കൃത്യമായ കാരണം അറിയാൻപറ്റുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

















