നടൻ അജിത് കുമാർ ആശുപത്രിയില്‍. കാലിനേറ്റ പരിക്കിനെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാഷ്‌ട്രപതി ദ്രൗപദി മുർമുവില്‍ നിന്ന് പദ്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങി ഡല്‍ഹിയില്‍ നിന്നു തിരിച്ചെത്തിയതായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ കുടുംബത്തോടൊപ്പം വന്നിറങ്ങിയ നടനെ ആരാധകർ വളഞ്ഞിരുന്നു. ഇതിനിടെയാണ് നടന്റെ കാലിന് പരിക്കേറ്റത്. തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഫിസിയോതെറാപ്പി ചികിത്സ നല്‍കുകയും ചെയ്തു. ബുധനാഴ്ച വൈകിട്ടോടെ ആശുപത്രി വിടാനാകുമെന്നാണ് വിവരം.
ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘Good Bad Ugly’ ആണ് അജിത്തിന്റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. ഏപ്രില്‍ 10ന് റിലീസ് ചെയ്ത ചിത്രം തീയേറ്ററില്‍ പ്രദർശനം തുടരുകയാണ്. റേസിംഗിനോട് കടുത്ത അഭിനിവേശമുള്ള നടൻ അജിത്ത് അടുത്തിടെ ബെല്‍ജിയത്തില്‍ നടന്ന 12H റേസിംഗ് ഇവന്റില്‍ പങ്കെടുത്തിരുന്നു. താരത്തിന്റെ ടീം രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
















