തിരുവനന്തപുരം: വാർത്താ ചാനലുകളുടെ റേറ്റിങ്ങില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോയിന്റ് നിരക്കിലേക്ക് കൂപ്പുകുത്തി ഏഷ്യാനെറ്റ് ന്യൂസ്. ഇന്ന് പുറത്തുവന്ന ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച്‌ സെന്ററർ ( BARC) ന്റെ 15-ാം ആഴ്ചയിലെ റേറ്റിങ്ങില്‍ കേരള ഓള്‍ യൂണിവേഴ്സല്‍ വിഭാഗത്തില്‍ 68.3 പോയിന്റ് മാത്രമാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. ചാനലുകളുടെ റേറ്റിങ്ങ് ഏജൻസിയായിരുന്ന ടാം(TAM)നെ മാറ്റി ബാർക് വന്ന ശേഷം ഏഷ്യാനെറ്റ് ന്യൂസ് ഇത്രയും താഴ്ന്ന പോയിന്റ് നിലവാരത്തിലേക്ക് പോകുന്നത് ഇതാദ്യമാണ്.

പതിനാലാം ആഴ്ചയില്‍ 72.2 പോയിന്റ് ഉണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് 3.9 പോയിന്റ് ഇടിഞ്ഞാണ് 68.3 പോയിന്റിലേക്ക് കൂപ്പുകുത്തിയത്. മലയാളത്തിലെ വാർത്താ ചാനലുകളുടെ പ്രേക്ഷക പങ്കാളിത്തത്തില്‍ സംഭവിക്കുന്ന ഇടിവിന്റെ വ്യക്തമായ തെളിവാണ് ഒന്നാം നമ്ബർ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ റേറ്റിങ്ങിലെ കുറവ്. ടെലിവിഷനില്‍ വാർത്താ- വിനോദ ചാനലുകള്‍ കാണുന്നവരുടെ എണ്ണം ദിനംപ്രതി കുറയുകയാണ്. ചാനല്‍ പ്രേക്ഷകരില്‍ നല്ലൊരു പങ്കും മൊബൈലിലോ ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ കൂടിയോ ആണ് ഇപ്പോള്‍ ചാനലുകള്‍ വീക്ഷിക്കുന്നത്. ടെലിവിഷൻ സ്ക്രീനില്‍ കൂടി ചാനല്‍ കാണുന്നവരുടെ എണ്ണം അളക്കാനുളള സംവിധാനമേ ബാർക് ഏജൻസിക്കുളളു. അതുകൊണ്ടുതന്നെ ഡിജിറ്റല്‍ പ്ളാറ്റ് ഫോമിലൂടെ ചാനല്‍ കാണുന്നവരുടെ എണ്ണം ബാർക് പോയിന്റില്‍ പ്രതിഫലിക്കുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വലിയ വാർത്തകളോ സംഭവങ്ങളോ ഇല്ലാത്തതും പ്രേക്ഷകർ വാർത്താ ചാനലുകളില്‍ നിന്ന് അകലാൻ കാരണമായി. ഷിരൂരില്‍ ലോറി ഡ്രൈവർ അർജുന് വേണ്ടി നടന്ന തെരച്ചില്‍ സമയത്തും വയനാട് ഉരുള്‍പൊട്ടല്‍ സമയത്തും വാർത്താ ചാനലുകളുടെ റേറ്റിങ്ങ് പോയിന്റ് നൂറ് പോയിന്റിന് മേലേക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് പ്രധാനപ്പെട്ട വാർത്തകളോ സംഭവങ്ങളോ ഇല്ലാതെ വന്നപ്പോള്‍ പോയിന്റ് പടിപടിയായി കുറയുകയാണ് ഉണ്ടായത്. ആ പ്രവണതയാണ് ഇപ്പോള്‍ മുൻനിര ചാനലുകളുടെ റേറ്റിങ്ങിനെപോലും ബാധിച്ചിരിക്കുന്നത്.

വാർത്താ ചാനലുകളുടെ റേറ്റിങ്ങ് ചാർട്ടിലേക്ക് പുതിയൊരു ചാനല്‍ കൂടി കടന്നുവന്നതും പോയിൻറ് നില താഴേക്കെത്താൻ കാരണമായിട്ടുണ്ട്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂസ് മലയാളത്തിന്റെ വരവാണ് റേറ്റിങ്ങ് പോയിന്റില്‍ ഇളക്കം ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോള്‍ ആറാം സ്ഥാനത്തുളള ന്യൂസ് മലയാളം മറ്റ് ചാനലുകളുടെ പ്രേക്ഷകരെ ചോർത്തി തങ്ങളിലേക്ക് എത്തിച്ചുകൊണ്ടാണ് ചുരുങ്ങിയ കാലം കൊണ്ട് ഈ നേട്ടം കരസ്ഥമാക്കിയത്. ന്യൂസ് മലയാളം ഇനിയും മുന്നേറിയാല്‍ മലയാളത്തിലെ വാർത്താ ചാനലകുളുടെ റേറ്റിങ്ങ് പോയിന്റ് ഇനിയും ഇടിഞ്ഞേക്കാം.

ചാനല്‍ ഡിസ്ട്രിബ്യൂഷൻ രംഗത്ത് മികവ് പുലർത്താൻ കഴിഞ്ഞതാണ് ന്യൂസ് മലയാളത്തിന്റെ മുന്നേറ്റത്തിൻെറ ഒരു ഘടകം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേബിള്‍ കണക്ഷനുകളുളള കേരളാ വിഷൻ ന്യൂസ് മലയാളത്തിന്റെ ഓഹരി പങ്കാളിയാണ്. ഇതര വാർത്താ ചാനലുകളുടെ ശൈലിയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു എന്നതും ന്യൂസ് മലയാളത്തിന് പ്രേക്ഷക പ്രീതി ലഭിക്കാൻ കാരണമായിട്ടുണ്ട്.

പോയിന്റ് നിലയില്‍ വൻ ഇടിവ് നേരിടുകയാണെങ്കിലും റേറ്റിങ്ങിന്റെ എല്ലാ വിഭാഗത്തിലും ഒന്നാം സ്ഥാനം ഏഷ്യാനെറ്റ് ന്യൂസിന് തന്നെയാണ്. മുൻ ആഴ്ചകളിലേപോലെ തന്നെ റിപോർട്ടർ ടിവിയാണ് രണ്ടാം സ്ഥാനത്ത്.കേരളാ യൂണിവേഴ്സ് വിഭാഗത്തില്‍ 67.5 പോയിന്റ് നേടിയാണ് റിപോർട്ടർ രണ്ടാം സ്ഥാനം നിലനിർത്തിയത്. ഏഷ്യാനെറ്റിന് മുൻ ആഴ്ചയിലേക്കാള്‍ പോയിന്റ കുറഞ്ഞപ്പോഴും റിപോർട്ടറിന് കഴിഞ്ഞയാഴ്ചത്തെ അതേ പ്രകടനം ആവർത്തിക്കാനായി എന്നത് ശ്രദ്ധേയമാണ്.ചാനല്‍ വാർത്ത, ചർച്ച തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് റിപോർട്ടറിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നത്.

ട്വന്റി ഫോർ ന്യൂസാണ് വാർത്താ ചാനല്‍ റേറ്റിങ്ങില്‍ മൂന്നാം സ്ഥാനത്ത്.യൂണിവേഴ്സ് വിഭാഗത്തില്‍ 52.9 പോയിന്റ് നേടിയാണ് ട്വന്റി ഫോർ മൂന്നാം സ്ഥാനത്ത് തുടർന്നത്. എന്നാല്‍ മുൻ ആഴ്ചയിലേക്കാള്‍ 4,4 പോയിന്റിന്റെ കുറവാണ് ട്വന്റി ഫോറിന് സംഭവിച്ചിരിക്കുന്നത്.ഇതോടെ രണ്ടാം സ്ഥാനത്തുളള റിപോർട്ടർ ടിവിയുമായുള അകലം 14.6 പോയിന്റായി വർദ്ധിച്ചു. ഇതാണ് ട്വന്റി ഫോറിന് ഏറ്റിരിക്കുന്ന കനത്ത പ്രഹരം.

ഒരു ഘട്ടത്തില്‍ റിപോർട്ടറിനെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തുമെന്ന് തോന്നിച്ചിരുന്നിടത്ത് നിന്നാണ് ട്വന്റി ഫോറിന്റെ ഈ തകർച്ച. ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായരുടെ മാധ്യമ ജീവിതത്തിന്റെ നാല്‍പതാം വാർഷികം പ്രമാണിച്ച്‌ നടത്തിയ കേരള യാത്രയാണ് ട്വന്റി ഫോറിന്റെ റേറ്റിങ്ങ് പോയിന്റ് അപഹരിച്ചത്.പ്രധാന വാർത്തകള്‍ക്ക് പോലും ഇടമില്ലാതായി മാറിയ ട്വന്റി ഫോറില്‍ സർവസമയവും എഡിറ്ററുടെ യാത്രയും ആട്ടവും പാട്ടുമായിരുന്നു കാണിച്ച്‌ കൊണ്ടിരുന്നത്.പ്രധാന വാർത്താ സംഭവങ്ങള്‍ എടുത്താല്‍ തന്നെ അല്‍പസമയം മാത്രമേ പ്രക്ഷേപണത്തിന് നല്‍കിയിരുന്നുളളു. ചാനലിന്റെ ബ്രാൻഡ് വളർച്ചക്കും മാർക്കറ്റിങ്ങ് വരുമാനത്തിലും യാത്ര നേട്ടം ഉണ്ടാക്കിയെങ്കിലും ചാനലിന്റെ കണ്ടന്റിലും റേറ്റിങ്ങിലും വിപരീത ഫലമാണ് ഉണ്ടാക്കിയത്.

വാർത്താ ചാനലുകളുടെ റേറ്റിങ്ങില്‍ മനോരമ ന്യൂസിനാണ് നാലാം സ്ഥാനം. 30.3 പോയിന്റാണ് മനോരമയുടെ സമ്ബാദ്യം. 60 പോയിൻറിലേറേ നേടിയിരുന്ന മനോരമ ന്യൂസ് റിപ്പോർട്ടറിന്റെ കുതിപ്പോടെയാണ് അതിന് താഴേക്ക് എത്തിയത്.എന്നാല്‍ ഇപ്പോള്‍ 30 പോയിന്റിലേക്ക് താഴ്ന്നിരിക്കുന്നു. മുൻ ആഴ്ചയിലേക്കാള്‍ രണ്ട് പോയിന്റിന്റെ കുറവാണ് മനോരമ ന്യൂസിന് ഉണ്ടായിരിക്കുന്നത്.പത്ര മുത്തശി കുടുംബത്തില്‍ നിന്നുളള മാതൃഭൂമി ന്യൂസാണ് അഞ്ചാം സ്ഥാനത്ത്. മുൻ ആഴ്ചയിലേക്കാള്‍ ഒരു പോയിന്റ് കുറഞ്ഞ് 27.5 പോയിന്റാണ് മാതൃഭൂമിയുടെ നേട്ടം. ആറാം സ്ഥാനത്തുളള ന്യൂസ് മലയാളത്തിന് 25.3 പോയിന്റാണ് ലഭിച്ചത്.മുൻ ആഴ്ചയിലേക്കാള്‍ 0.2 പോയിന്റ് ഇടിഞ്ഞാണ് ന്യൂസ് മലയാളം ഈ നിലയിലേക്ക് എത്തിയത്.

21 പോയിന്റുമായി ജനം ടിവി ഏഴാം സ്ഥാനത്തും 12.9 പോയിന്റുമായി കൈരളി ന്യൂസ് എട്ടാം സ്ഥാനത്തുമുണ്ട്.മുൻ ആഴ്ചയുമായി താരതമ്യം ചെയ്യുമ്ബോള്‍ ജനം ടിവിക്ക് ഒരു പോയിന്റ് കൂടിയപ്പോള്‍ കൈരളിക്ക് നഷ്ടമാണ് സംഭവിച്ചത്. ന്യൂസ് 18 കേരളം 10.7 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്. 6 പോയിന്റ് മാത്രമുളള മീഡിയാ വണ്‍ ചാനലാണ് റേറ്റിങ്ങില്‍ ഏറ്റവും പിന്നില്‍

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക