സ്ഥലം കൂടുതല്‍ ഉയർന്നവിലക്ക് വാങ്ങും എന്ന പ്രതീക്ഷയിലാണ് ബഹുഭൂരിപക്ഷം സ്ഥലക്കച്ചവടവും നടക്കുന്നത്. എന്നാല്‍ ഇതിന് ഭാവിയില്ലെന്നും കേരളത്തില്‍ സ്ഥലത്തിന്റെ ലഭ്യത കുറയുകയല്ല, കൂടുകയാണെന്ന് വലിയ താമസമില്ലാതെ ആളുകള്‍ക്ക് മനസ്സിലാകുമെന്നും മുരളി തുമ്മാരുകുടി. കേരളത്തില്‍ സ്ഥലവില കുറയാൻ പോകുന്നുവെന്ന് 2008 ല്‍ തന്നെ താൻ പറഞ്ഞത് അതുകൊണ്ടാണെന്നും അന്ന് ആരും അത് വിശ്വസിച്ചില്ലെന്ന് മാത്രമല്ല മൊത്തത്തില്‍ പുച്ഛിച്ച് തള്ളുകയും ചെയ്തു.
2008 നു ശേഷം കേരളത്തില്‍ ഭൂമിവില കുതിക്കുന്ന സാഹചര്യം ഉണ്ടായില്ല. ഇതിനർത്ഥം കേരളത്തില്‍ ഒരിടത്തും സ്ഥലത്തിന് വില കൂടിയിട്ടില്ല എന്നല്ലെന്നും അദ്ദേഹം പറയുന്നു. ഗ്രാമങ്ങളില്‍ ഇപ്പോള്‍ സ്ഥലമുള്ളവർ കിട്ടുന്ന വിലക്ക് മൊത്തത്തില്‍ വില്‍ക്കുന്നത് തന്നെയാണ് ബുദ്ധിയെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നു.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
എന്തുകൊണ്ടാണ് സ്ഥലവില കുറയുന്നത്?”Buy land, cause God ain’t making any more of it.” “സ്ഥലം വാങ്ങൂ, കാരണം ദൈവം അത് കൂടുതല്‍ സൃഷ്ടിക്കുന്നില്ല.” ഒരു നൂറ്റാണ്ട് പഴയ പ്രയോഗമാണ്. പതിവ് പോലെ മാർക്ക് ട്വൈനിന്റെ (MT) പേരില്‍ അറിയപ്പെടുന്ന ഉദ്ധരണിയും ലോകത്തെമ്ബാടുമുള്ള ആളുകളുടെ ഉറച്ച വിശ്വാസവും പൊതുവില്‍ ശരിയുമാണ്.
എന്റെ ചെറുപ്പകാലത്ത് 1970 കളില്‍ ഏക്കറിന് ആയിരം രൂപക്ക് വെങ്ങോലയില്‍ സ്ഥലം കിട്ടുമായിരുന്നു. അതായത് സെന്റിന് പത്തുരൂപ. അന്ന് സെന്റിന് പത്തുരൂപക്ക് വാങ്ങിയ സ്ഥലത്തിന് ഇപ്പോള്‍ ചുരുങ്ങിയത് ഒരു ലക്ഷം രൂപ വിലയുണ്ട്. അതായത് പതിനായിരം മടങ്ങ് വളർച്ച.1990 കളില്‍ സെന്റിന് അയ്യായിരം രൂപക്ക് വാങ്ങിയ ഭൂമിക്ക് പോലും 2005 ആയപ്പോള്‍ അഞ്ചു ലക്ഷം ആയ കഥകളുണ്ട്. അതുകൊണ്ടാണ് ഭൂമി ഒരു നല്ല നിക്ഷേപമാണെന്ന ചിന്ത ലോകത്തെവിടെയും പോലെ മലയാളികള്‍ക്കും ഉണ്ടായത്. അതുകൊണ്ടാണ് ഗള്‍ഫില്‍ നിന്നും വന്ന പണത്തിന്റെ വലിയൊരു ശതമാനം നമ്മള്‍ ഭൂമിയില്‍ നിക്ഷേപിച്ചത്1990 കളില്‍ ഞാനും ഒരു ‘ഗള്‍ഫുകാരൻ’ ആയിരുന്നതുകൊണ്ട് ഞാനും സ്ഥലം വാങ്ങി. പാരമ്ബരാഗതമായി കിട്ടിയതൊന്നും വിറ്റുമില്ല.
എന്നാല്‍ 2008 ല്‍ ഒരു വർഷം നാട്ടില്‍ നിന്ന സമയത്ത് ഞാനൊരു കാര്യം മനസ്സിലാക്കി. നാട്ടില്‍ സ്ഥലത്തിന് യാതൊരു ക്ഷാമവുമില്ല.കൃഷി കുറഞ്ഞു വരുന്നു. അതിനി കൂടാൻ പോകുന്നുമില്ല. വീടുകളില്‍ കുട്ടികളുടെ എണ്ണം കുറയുന്നു. ശരാശരി കുട്ടികളുടെ എണ്ണം രണ്ടില്‍ താഴെ എത്തുന്നു. ഫ്ളാറ്റുകളോടുള്ള മലയാളികളുടെ മനോഭാവം മാറുന്നു. പുതിയ തലമുറയിലെ സ്ത്രീകള്‍ കൂടുതലും ഫ്ലാറ്റുകളാണ് ഇഷ്ടപ്പെടുന്നത്. അപ്പോള്‍പ്പിന്നെ വീടുകള്‍ വെക്കാൻ ഇനി സ്ഥലത്തിന്റെ ആവശ്യം കാര്യമായി ഉണ്ടാകില്ല.ഇപ്പോള്‍ നാട്ടില്‍ സ്ഥലത്തിന് യഥാർത്ഥത്തില്‍ ആവശ്യക്കാരില്ലെങ്കിലും ‘സ്ഥലമല്ലേ, അത് കൂടുന്നില്ലല്ലോ, മറ്റാരെങ്കിലും കൂടുതല്‍ ഉയർന്നവിലക്ക് വാങ്ങും’ എന്ന പ്രതീക്ഷയിലാണ് ബഹുഭൂരിപക്ഷം സ്ഥലക്കച്ചവടവും നടക്കുന്നത്. ഇതിന് ഭാവിയില്ല. കേരളത്തില്‍ സ്ഥലത്തിന്റെ ലഭ്യത കുറയുകയല്ല, കൂടുകയാണെന്ന് വലിയ താമസമില്ലാതെ ആളുകള്‍ക്ക് മനസ്സിലാകും.
കേരളത്തില്‍ സ്ഥലവില കുറയാൻ പോകുന്നുവെന്ന് 2008 ല്‍ത്തന്നെ ഞാൻ പറഞ്ഞത് അതുകൊണ്ടാണ്. അന്ന് ആരും അത് വിശ്വസിച്ചില്ലെന്ന് മാത്രമല്ല മൊത്തത്തില്‍ പുച്ഛിച്ച് തള്ളുകയും ചെയ്തു. 2008 നു ശേഷം കേരളത്തില്‍ ഭൂമിവില കുതിക്കുന്ന സാഹചര്യം ഉണ്ടായില്ല. ഇതിനർത്ഥം കേരളത്തില്‍ ഒരിടത്തും സ്ഥലത്തിന് വില കൂടിയിട്ടില്ല എന്നല്ല.സിവില്‍ സ്റ്റേഷനോ ഇൻഫോ പാർക്കോ ഷോപ്പിംഗ് മാളോ പോലുള്ള പൊതുസ്ഥാപനങ്ങള്‍ വരുന്നതിന്റെ അടുത്ത്, മെട്രോയും റോഡും ഉള്‍പ്പെടെയുള്ള വികസന പ്രവർത്തനങ്ങള്‍ വരുന്ന സ്ഥലങ്ങളില്‍, പുതിയതായി സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികള്‍ വന്ന ഇടങ്ങളില്‍ ഒക്കെ സ്ഥലവില കൂടിയിട്ടുണ്ട്. വീട് വെക്കാൻ സൗകര്യപ്രദമായ ചെറിയ പ്ലോട്ടുകള്‍ക്കും (ഇരുപത് സെന്റില്‍ താഴെ) വില കൂടിയിട്ടുണ്ട്. ഇതൊന്നും ഇല്ലാത്തയിടങ്ങളില്‍ സ്ഥലവില നിന്നിടത്ത് നില്‍ക്കുകയാണ്.
ഈ സാഹചര്യത്തിലാണ് മൂന്നു പുതിയ സംഭവവികാസങ്ങള്‍ ഉണ്ടാകുന്നത്.
ഒന്ന് – ഗള്‍ഫ് രാജ്യങ്ങളില്‍ വീട് വാങ്ങാനുള്ള അവകാശം പ്രവാസികള്‍ക്ക് ലഭിക്കുന്നു. വീട് വാങ്ങുന്നവർക്ക് ദീർഘകാല വിസയും അനുവദിക്കുന്നു.
രണ്ട് – കേരളത്തില്‍ നിന്നും വിദ്യാർത്ഥികള്‍ വലിയതോതില്‍ പാശ്ചാത്യ രാജ്യങ്ങളിലേക്ക് പഠനത്തിനായി പോകുന്നു. നാട്ടിലേക്ക് തിരിച്ചില്ല എന്ന ഉറപ്പോടെയാണ് അവർ പോകുന്നത് തന്നെ.
മൂന്ന് – 1990 കളില്‍ പാശ്ചാത്യരാജ്യങ്ങളില്‍ കുടിയേറിയവരില്‍ ഭൂരിഭാഗവും ഇനി നാട്ടിലേക്കില്ല എന്ന തീരുമാനം എടുക്കുന്നു.
ഇതിനോട് ചേർത്ത് വായിക്കേണ്ട രണ്ടു കാര്യങ്ങള്‍ കൂടി ഉണ്ടായി.
ഒന്ന്, കൃഷി ചെയ്തിരുന്ന പഴയ തലമുറക്ക് പ്രായമാകുന്നു. പുതിയ തലമുറയില്‍ കൃഷി ഒരു തൊഴില്‍രംഗമായി ആരും കാണുന്നില്ല. കൃഷിയിടങ്ങള്‍, പുരയിട കൃഷി ഉള്‍പ്പടെ, കൂടുതല്‍ സ്ഥലങ്ങള്‍ വില്‍പ്പനക്ക് ലഭ്യമാകുന്നു.
രണ്ട്, കൃഷിയിടങ്ങള്‍ കാടുപിടിക്കുന്നതോടെ വന്യമൃഗങ്ങള്‍ വനാതിർത്തി വിട്ട് പുറത്തേക്കിറങ്ങുന്നു. ഒരിക്കല്‍ ഒരു ആനയോ പന്നിയോ എത്തിയ ഭൂമിക്ക് അതോടെ ആവശ്യക്കാർ ഇല്ലാതാകുന്നു.
അങ്ങനെ ആളുകള്‍ക്ക് നാട്ടില്‍ വീടുണ്ടാക്കുവാനുള്ള താല്പര്യം കുറഞ്ഞുവെന്ന് മാത്രമല്ല, ഉള്ള വീടും സ്ഥലവും വിറ്റ് വിദേശത്തേക്ക് പണം അയക്കാനുള്ള ശ്രമങ്ങളും ആരംഭിക്കുന്നു. കൂടുതല്‍ കൂടുതല്‍ സ്ഥലം കമ്ബോളത്തില്‍ എത്തുന്നു. നാട്ടില്‍ സ്ഥലത്തിന് ഒരു ക്ഷാമവുമില്ല എന്ന് ആളുകള്‍ക്ക് മനസ്സിലായിത്തുടങ്ങുന്നു. അതോടെ നമ്മള്‍ ഒരാവശ്യവുമില്ലാതെ ഊഹക്കച്ചവടത്തിന് വാങ്ങിയ സ്ഥലം, സ്ഥലത്തിന് ഒരാവശ്യവുമില്ലെങ്കിലും ഊഹക്കച്ചവടത്തിന് വേണ്ടി മറ്റുള്ളവർ വാങ്ങുമെന്ന പ്രതീക്ഷ മങ്ങുന്നു. സ്ഥലക്കച്ചവടം നടക്കാതാകുന്നു. പലയിടങ്ങളിലുവീടും സ്ഥലവും വില്‍ക്കാതെ കിടക്കുന്നു.
ഇത് ഒരു തുടക്കം മാത്രമാണ്.കേരളത്തില്‍ നിന്നും കുട്ടികള്‍ പുറത്തേക്ക് പോവുക മാത്രമല്ല, പൊതുവെ നാട്ടില്‍ കുട്ടികള്‍ ജനിക്കുന്നത് കുറയുകയുമാണ്. 1990 കളില്‍ ഒരു വർഷത്തില്‍ ആറുലക്ഷം കുട്ടികള്‍ ജനിച്ചിരുന്നത് ഇപ്പോള്‍ നാലു ലക്ഷത്തിന് താഴെ എത്തിയിരിക്കുന്നു. കേരളത്തിന് പ്രായമാകുന്നു. വലിയ താമസമില്ലാതെ ജനസംഖ്യ തന്നെ കുറഞ്ഞുവരുന്ന സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നത്. ഒറ്റക്കൊറ്റക്ക് വീടുകളില്‍ താമസിക്കുന്നവർ അത് വിറ്റ് ഫ്ളാറ്റിലേക്കോ റിട്ടയർമെന്റ് ഹോമിലേക്കോ മാറാൻ ശ്രമിക്കുന്നതോടെ സ്ഥലവില വീണ്ടും കുറയുന്നു.
ഇതിനർത്ഥം കേരളത്തിലെ ഓരോ പ്ലോട്ടിനും വിലകുറയും എന്നല്ല. മുൻപ് പറഞ്ഞത് പോലെ ചില പോക്കറ്റുകളില്‍ വില കൂടും. 2018 ല്‍ പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ സ്ഥലവില വല്ലാതെ കുറഞ്ഞിട്ടുണ്ട്. അതുപോലെ പ്രളയം ബാധിക്കാതിരുന്ന സ്ഥലങ്ങളില്‍ വില കൂടിയിട്ടുമുണ്ട്. ഇങ്ങനെ ചില അപവാദങ്ങള്‍ ഒഴിച്ചാല്‍ കേരളത്തില്‍ സ്ഥലവില ഇനി താഴേക്ക് തന്നെയാണ്. ഗ്രാമങ്ങളില്‍ ഇപ്പോള്‍ സ്ഥലമുള്ളവർ കിട്ടുന്ന വിലക്ക് മൊത്തത്തില്‍ വില്‍ക്കുന്നത് തന്നെയാണ് ബുദ്ധി.
വെങ്ങോലയിലാണ് എനിക്ക് പാരമ്ബരാഗതമായി സ്ഥലമുളളത്. വെള്ളം കയറാത്ത പ്രദേശമായതിനാല്‍ ഗോഡൗണ്‍ നിർമ്മിക്കാൻ ഇപ്പോള്‍ അത്യാവശ്യം ഡിമാൻഡുണ്ട്. പക്ഷെ അവർക്ക് അധികം സ്ഥലമൊന്നും വേണ്ട. ഏതെങ്കിലും പ്രൈവറ്റ് യൂണിവേഴ്സിറ്റിക്കാരോ മറ്റോ കൂടുതല്‍ സ്ഥലം അന്വേഷിച്ച് വന്നാല്‍ തുമ്മാരുകുടി ഒക്കെ കച്ചവടമാക്കുന്നതാണ് ബുദ്ധി എന്ന് ഞാൻ അനിയനോടും പറഞ്ഞിട്ടുണ്ട് ! മുരളി തുമ്മാരുകുടി

















