മലപ്പുറം ജില്ലാ രൂപീകരണം തൊട്ടിന്നുവരെയും സിപിഎം ചിഹ്നത്തില്‍ എംഎല്‍എ ഉണ്ടായിട്ടില്ലാത്ത മണ്ഡലമാണ് നിലമ്ബൂർ.സാക്ഷാല്‍ ആര്യാടൻ മുഹമ്മദ് മുതല്‍ പി വി അൻവർ വരെ ഇടതു പക്ഷത്ത് നിന്ന് ജയിച്ചെങ്കിലും മറ്റ് പാർട്ടികളുടെ ബാനറിലോ സ്വതന്ത്രരോ ആയിരുന്നു.
കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷൻ്റെ കസേരയിലിരുന്ന ടി കെ ഹംസയെ സ്വതന്ത്രനാക്കി അവതരിപ്പിച്ച് ജയിപ്പിച്ച സിപിഎം ഇത്തവണയും അത്തരം ചില സർപ്രൈസിനുള്ള സാധ്യത പരീക്ഷിക്കുന്നുണ്ട്. അല്ലാത്തപക്ഷം ജില്ലാ കമ്മറ്റിയംഗം വി എം ഷൗക്കത്ത്, ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡൻ്റ് പി ഷബീർ എന്നിവരാണ് പരിഗണനയില്‍.
സ്ഥാനാർത്ഥികാര്യത്തില്‍ യുഡിഎഫില്‍ ഏറെക്കുറെ വ്യക്തതയുണ്ട്. ആര്യാടൻ മുഹമ്മദിൻ്റെ മകനും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്തോ ഡിസിസി പ്രസിഡൻ്റ് വി എസ് ജോയിയോ സ്ഥാനാർത്ഥിയാകും എന്നത് ഉറപ്പാണ്. ഇവരില്‍ ഭരണരംഗത്തെ പരിചയസമ്ബത്തിൻ്റെ ആനുകൂല്യമുള്ള ഷൗക്കത്തിന് മുൻതൂക്കമുണ്ട്. നിലമ്ബൂർ പഞ്ചായത്ത് പ്രസിഡൻ്റും നഗരസഭാ ചെയർമാനും ആയിരിക്കെ നടപ്പാക്കിയ പദ്ധതികള്‍ കണ്ണഞ്ചിക്കുന്നതാണ്. നഗരസഭാധ്യക്ഷനായിരിക്കെ എല്ലാവർക്കും നാലാം ക്ലാസ് വിദ്യാഭ്യാസം ഉറപ്പാക്കിയ പദ്ധതിക്ക് കേന്ദ്ര സർക്കാരിൻ്റെ അംഗീകാരം ലഭിച്ചത് നേട്ടങ്ങളില്‍ ഒന്നുമാത്രമാണ്.

പ്രായംകുറഞ്ഞ ഡിസിസി പ്രസിഡൻ്റെന്ന നിലയില്‍ പ്രവർത്തന മികവുള്ള വി എസ് ജോയിക്ക് പ്രായം ഒരേസമയം അനുകൂലവും ചിലപ്പോള്‍ തിരിച്ചടിയും ആയേക്കാം. മുതിർന്ന നേതാവെന്ന നിലയ്ക്കും പരിചയസമ്ബത്ത് പരിഗണിച്ചും ഷൗക്കത്തിന് അവസരം നല്‍കേണ്ടതാണെന്ന ധാരണ നേതൃത്വത്തിലുണ്ട്. എംഎല്‍എ സ്ഥാനം രാജിവച്ച പി വി അൻവർ പിൻഗാമിയെന്ന മട്ടില്‍ ജോയിയുടെ പേര് നിർദേശിച്ചത് നേതൃത്തിലാകെ അസ്വസ്ഥത ഉണ്ടാക്കിയതാണ്. കോണ്‍ഗ്രസിൻ്റെ സ്ഥാനാർത്ഥിയെ അൻവർ തീരുമാനിച്ചത് പോലെയാണ് ആ നീക്കത്തെ പലരും കണ്ടത്. യുഡിഎഫ് പ്രവേശത്തിനായുള്ള അൻവറിൻ്റെ കത്ത് ഇനിയും യുഡിഎഫ് പരിഗണിച്ചിട്ട് തന്നെയില്ല.

നിലമ്ബൂരില്‍ യുഡിഎഫിനെ രണ്ടുവട്ടം വീഴ്ത്തിയ അൻവറിനാണ് ഇത്തവണ യുഡിഎഫ് വിജയം ഏറ്റവും അനിവാര്യമാകുന്നത്. ഇടതുസർക്കാരിനെയും സാക്ഷാല്‍ പിണറായി വിജയനെയും വെല്ലുവിളിച്ച് മുന്നണിവിട്ട അൻവറിന് പിടിച്ചുനില്‍ക്കാൻ ഇത് കൂടിയേ തീരൂ. അതുകൊണ്ട് തന്നെ മുന്നണിപ്രവേശം എന്ന ഔപചാരികത പരിഗണിക്കാതെ തന്നെ യുഡിഎഫ് വിജയത്തിനായി സഹകരിക്കേണ്ടി വരും. തൻ്റെ രാഷ്ട്രിയ പ്രസക്തി നിലനിർത്താൻ ഇത് അനിവാര്യമാണെന്ന് അൻവറിന് അറിയാം. ഇതെല്ലാം യുഡിഎഫിന് അനുകൂലമാണ്. സർവോപരി ആര്യാടൻ മുഹമ്മദ് എന്ന അതികായൻ്റെ ലെഗസി നിലമ്ബൂരൂകാരുടെ മനസില്‍ മായാതെ നില്‍ക്കുന്നതും പ്രധാനമാണ്.
പി വി അൻവർ രാജിവച്ചപ്പോള്‍ തന്നെ നിലമ്ബൂരില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ അതെന്ന് എന്നതായിരുന്നു ആശയക്കുഴപ്പം. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് ഇനി വൈകില്ല എന്ന സൂചനകള്‍ വന്നിരിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളില്‍ ഡല്‍ഹിയില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.








