മുസ്‍ലിം വിദ്വേഷ പരാമര്‍ശം നടത്തിയ സിപിഎം ആവോലി ലോക്കല്‍ സെക്രട്ടറി എം.ജെ ഫ്രാന്‍സിസിനെ നീക്കി. ഇന്ന് ചേര്‍ന്ന മൂവാറ്റുപുഴ ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.മത ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനുതകുന്ന നിലപാട് മാത്രമേ പാര്‍ട്ടി സ്വീകരിക്കുകയുളളൂ എന്ന് നേതൃത്വം വ്യക്തമാക്കി.
ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്‍ലിംകള്‍ക്കാണെന്നായിരുന്നു മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം എം.ജെ ഫ്രാൻസിസ് ഫേസ്ബുക്ക് കമന്റില്‍ പങ്കുവെച്ച വിദ്വേഷ കമന്റ്. കെ. ടി ജലീലിന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോക്ക് കീഴിലായിരുന്നു എം. ജെ ഫ്രാന്‍സിസിന്റെ കമന്റ്.
നോമ്ബെടുത്താല്‍ ഒരു വർഷം പ്ലാൻ ചെയ്ത കുറ്റങ്ങള്‍ക്ക് പരിഹാരമായെന്നാണ് ചിലർ കരുതുന്നതെന്നും കമന്റില്‍ ആരോപണം. ‘ഈ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവം ഉള്ളത് മുസ്‍ലിംകള്‍ക്കാണ്. അവരെ പഠിപ്പിക്കുന്നത് എന്ത് തെറ്റ് ചെയ്താലും പള്ളിയില്‍പോയി അഞ്ചുനേരം പ്രാർഥിച്ചാല്‍ മതി.അതുപോലെ എല്ലാവർഷവും നോമ്ബ് നോറ്റ് പകല്‍ മുഴുവൻ ഉമിനീര് രാത്രി നല്ല ഭക്ഷണം കഴിച്ച് ഉറങ്ങിയാല്‍ ഒരു വർഷക്കാലം പ്ലാൻ ചെയ്ത കുറ്റങ്ങള്‍ക്ക് പോരായ്മകളും പരിഹാരങ്ങളും ഉണ്ടാകും എന്നാണ് മതപുരോഹിതന്മാർ പഠിപ്പിക്കുന്നത്’ എന്നും കമന്റില്‍ പറയുന്നു. വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്തു.
അതേസമയം, ഫ്രാൻസിസിന്റേത് സിപിഎം നിലപാടല്ലെന്ന് മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അഡ്വ.അനിഷ് മാത്യു വ്യക്തമാക്കിയിരുന്നു. മൂവാറ്റുപുഴ പൊലീസ് സംഭവത്തില്‍ എം.ജെ ഫ്രാന്‍സിസിനെ കേസ് എടുത്തിരുന്നു.





