കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായ സംസ്ഥാന ട്രഷറി മൂന്നു ദിവസമായി ഓവർ ഡ്രാഫ്റ്റിലെന്ന് സൂചന.ഇത് ഒഴിവാക്കാൻ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സർക്കർ.അവശേഷിക്കുന്ന 605കോടിരൂപയുടെ വായ്പ ചൊവ്വാഴ്ച എടുക്കും.അത് കിട്ടുന്നതോടെ താല്‍ക്കാലിക ആശ്വാസമാകുമെങ്കിലും സാമ്ബത്തിക വർഷത്തിന്റെ അവസാന മാസമായതിനാല്‍ ചെലവുകള്‍ക്ക് പണം കണ്ടെത്തിയേ തീരു.
എത്രരൂപയുടെ ഓവർഡ്രാഫ്റ്റിലായെന്നതിന്റെ കണക്കെടുപ്പ് നടത്തിവരികയാണ്.നികുതിവരുമാനം, യൂണിവേഴ്സിറ്റികള്‍, തദ്ദേശസ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളിലെ നീക്കിയിരുപ്പ്. പങ്കാളിത്ത പെൻഷൻ ഫണ്ടില്‍ നിന്നുള്ള അധിക വായ്പ എന്നിവ ട്രഷറിയിലേക്ക് മാറ്റാനാണ് സർക്കാർശ്രമം.
പ്രതിസന്ധി കടുത്തതുകൊണ്ടാണ് മുഖ്യമന്ത്രി തന്നെ ഡല്‍ഹിയില്‍ പോയി ധനമന്ത്രി നിർമ്മല സീതാരാമനെ കാണുന്നത്. പാർട്ടി സമ്മേളനം കഴിഞ്ഞാല്‍ ഉടൻ പോകാനാണ് സാദ്ധ്യത.വായ്പകളുടെ കാര്യത്തില്‍ അടിന്തര തീരുമാനം ഉണ്ടായാലേ കേരളത്തിന് പിടിച്ചു നില്‍ക്കാൻ കഴിയൂ.
ട്രഷറി പൂട്ടല്‍ ഒഴിവാക്കാൻ
1. ട്രഷറി അക്കൗണ്ടില്‍ പണം ഇല്ലാതെ വരുമ്ബോള്‍, റിസർവ് ബാങ്കിന്റെ വെയ്സ് ആൻഡ് മീൻസ് അഡ്വാൻസ് എടുക്കാനാകും.ഇത് താല്‍ക്കാലികസഹായമാണ്. കേരളത്തിന് 1670കോടിയാണിങ്ങനെ വെയ്സ് ആൻഡ് മീൻസായി കിട്ടുക. അത് തീർന്നാല്‍ ഒരുതവണ കൂടി 1670 കോടിയെടുക്കാം. പക്ഷേ, രണ്ടാമത്തേത് രണ്ടാഴ്ചക്കുള്ളില്‍ തിരിച്ചടയ്ക്കണം. അങ്ങനെ ചെയ്യാതിരിക്കുമ്ബോഴാണ് ഓവർ ഡ്രാഫ്റ്റിലേക്ക് നീങ്ങുന്നത്. അത് പരിഹരിച്ചില്ലെങ്കില്‍ ട്രഷറിയുടെ പ്രവർത്തനം അവതാളത്തിലാകും.
2. നാലുദിവസമായി വളരെ കുറച്ചു ബില്ലുകളേ മാറി നല്‍കുന്നുള്ളൂ.തിങ്കളാഴ്ചയോടെ സ്ഥിതി മെച്ചപ്പെടുമെന്ന് അധികൃതർ പറഞ്ഞു.കഴിഞ്ഞ ദിവസം അദ്ധ്യാപകർ അടക്കമുള്ള ജീവനക്കാരുടെ ശമ്ബളം മുടങ്ങിയതും ട്രഷറി കടക്കെണിയിലായതിനെ തുടർന്നാണെന്ന് പറയപ്പെടുന്നു. ഇന്നും നാളെയും അവധിയായതിനാല്‍ ട്രഷറി ഇടപാടുകളുണ്ടാകില്ല.
3. മാർച്ച് മാസത്തെ ചെലവുകള്‍ക്ക് 25000 കോടി രൂപയെങ്കിലും കണ്ടെത്തേണ്ടിവരും.വൈദ്യുതി മേഖലയിലെ പരിഷ്ക്കരണത്തിന്റെ പേരില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 0.5% വായ്പയെടുക്കാൻ അനുമതി നല്‍കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ട്. അത് അനുവദിച്ചാല്‍ 5500കോടി ലഭിക്കും. ട്രഷറിയിലെ നീക്കിയിരുപ്പിന്റെ ഉറപ്പില്‍ 10000കോടിയോളം എടുക്കാനാകും. ഇതിന് അപേക്ഷ നല്‍കിയെങ്കിലും കേന്ദ്രം പ്രതികരിച്ചിട്ടില്ല.ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെടുന്നത്.





