അമ്യൂസ്മെന്‍റ് പാര്‍ക്കുകള്‍ സന്ദര്‍ശിക്കുകയെന്നാല്‍ കുട്ടികള്‍ക്ക് വലിയ ആവേശമാണ്. പലതരത്തിലുള്ള റൈഡുകളില്‍ പറന്ന് കളിക്കാം.എന്നാല്‍ അമ്യൂസ്മെന്‍റ് പാര്‍ക്കിലെ റൈഡുകളെല്ലാം കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്നതല്ല. അവയുടെ ഉയർന്ന അപകട സാധ്യത തന്നെ കാരണം.
കുട്ടികളെയും കൊണ്ട് അമ്യൂസ്മെന്‍റ് പാര്‍ക്കിലെത്തിയാല്‍ അപകട സാധ്യത കണക്കിലെടുക്കാതെ തന്നെ കുട്ടികള്‍ക്ക് എല്ലാ റൈഡിലും കയറണം. പറ്റില്ലെന്ന് പറഞ്ഞാല്‍ പിന്നെ വാശിയായി, ബഹളമായി, വഴക്കായി, കരച്ചിലായി. എന്നാല്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ മകള്‍ക്കായി ഒരമ്മ വീട്ടിലൊരുക്കിയ റോളർ കോസ്റ്റർ കണ്ട് അന്തം വിട്ടത് സോഷ്യല്‍ മീഡിയ ഉപയോക്താക്കളായിരുന്നു.
-->
അഭിനന്ദനങ്ങള്‍ കൊണ്ട്, ആ അമ്മയെ മൂടുകയാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍. കുട്ടികള്‍ക്ക് ഇത്രയും ലളിതമായി റോളർ കോസ്റ്റർ അനുഭവം സമ്മാനിക്കാന്‍ കഴിയുമെന്ന് കരുതിയില്ലെന്ന് കുറിച്ചവരും കുറവല്ല. ഒരു രൂപ പോലും ചെലവില്ലാതെ മകള്‍ക്ക് റോളർ കോസ്റ്റർ അനുഭവം സമ്മാനിക്കുന്ന അമ്മയുടെ ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് പങ്കുവയ്ക്കപ്പെട്ടത്.
വീഡിയോയില്‍ അമ്മയുടെ മടയില്‍ കമഴ്ത്തി വച്ചിരിക്കുന്ന ഒരു കസേരയില്‍ മകള്‍ ഇരിക്കുന്നത് കാണാം. അവള്‍ കസേരയുടെ മുന്‍കാലുകളില്‍ പിടിച്ചിരിക്കുന്നു അമ്മ പിന്‍കാലുകളിലും. ഇരുവരുടെയും മുന്നിലെ സ്ക്രീനില്‍ റോളർ കോസ്റ്റര്‍ സഞ്ചരിക്കുമ്ബോള്‍ മുന്നിലെ കാഴ്ചകള്‍ പകർത്തിയ വീഡിയോ പ്ലേ ചെയ്യുന്നു. റോളർ കോസ്റ്ററിന്‍റെ റൈയിലുകള്‍ വളഞ്ഞ് പുളഞ്ഞ് പോകുന്നതിന് അനുസരിച്ച് അമ്മ കസേരയുടെ കൈലില്‍ പിടിച്ച് ആ കാഴ്ചാനുഭവത്തിന് തതുല്യമായി കസേര ചലിപ്പിക്കുന്നു. മുന്നിലെ കാഴ്ചയില്‍ മുഴുകിയിരിക്കുന്ന മകള്‍, താന്‍ റോളർ കോസ്റ്ററില്‍ യാത്ര ചെയ്യുകയാണെന്ന തരത്തില്‍ ആസ്വദിച്ചിരിക്കുന്നു.
അമ്മ ഇന്‍റര്‍നെറ്റ് കീഴടക്കി എന്ന് കുറിച്ച് കൊണ്ട് ദി ഫിഗെൻ എന്ന ജനപ്രിയ അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. നിരവധി പേര്‍ ചോദിച്ചത് ആ റോളർ കോസ്റ്റർ വിആര്‍ വീഡിയോ എവിടെ നിന്ന് ലഭിച്ചെന്നാണ്. തങ്ങള്‍ക്കും വീട്ടില്‍ അത്തരമൊരു റോളര്‍ കോസ്റ്റര്‍ ഒരുക്കണമെന്ന് പലരും ആഗ്രഹം പ്രകടിപ്പിച്ചു. മറ്റ് ചിലർ കുട്ടികളോടൊത്തുള്ള ചില സാഹസിക വീഡിയോകള്‍ പങ്കുവച്ചു. മറ്റ് ചിലര്‍ സീറ്റ് ബെല്‍റ്റ് ഇല്ലാതെ ഇത്തരം യാത്രകള്‍ അത്ര സുഖകരമല്ലെന്ന് എഴുതി. ഫോണ്‍ മാറ്റി വച്ച് കുട്ടികളുമായി ഒപ്പമിരിക്കാനുള്ള ചില സൂത്രങ്ങള്‍ എന്ന് കുറിച്ചവരും കുറവല്ല.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക