തിയേറ്ററുകളിലെ കഴുത്തറുക്കുന്ന ടിക്കറ്റ് നിരക്കിന് കടിഞ്ഞാണിടാൻ കർണാടക സർക്കാർ. സിനിമാ ടിക്കറ്റിന് പരമാവധി 200 രൂപ മാത്രമായി സർക്കാർ നിജപ്പെടുത്തി.സംസ്ഥാനത്തെ മള്‍ട്ടിപ്ലക്സുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ തിയേറ്ററുകള്‍ക്കും ഇത് ബാധകമാണ്. അടുത്ത സാമ്ബത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ധനകാര്യവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിച്ചത്.കന്നഡ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാനായി പുതിയ ഒ.ടി.ടി. പ്ലാറ്റ്ഫോം കൊണ്ടുവരുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. തങ്ങളുടെ കന്നഡ ചിത്രങ്ങള്‍ക്കും സീരീസുകള്‍ക്കും ഒ.ടി.ടി. പ്ലാറ്റ്ഫോമുകളില്‍ ഇടം കിട്ടാനുള്ള ബുദ്ധിമുട്ട് അടുത്തിടെ കന്നഡ നടന്മാരും നിർമ്മാതാക്കളുമായ റിഷഭ് ഷെട്ടിയും ചൂണ്ടിക്കാട്ടിയിരുന്നു.
രക്ഷിത് ഷെട്ടിയുടെ പ്രൊഡക്ഷൻ കമ്ബനിയായ പരംവാഹ് സ്റ്റുഡിയോയുടെ ഏകം എന്ന വെബ് സീരീസിന് ഒ.ടി.ടി. പ്ലാറ്റഫോമുകള്‍ കിട്ടാതിരുന്നതിനെ തുടർന്ന് പ്രത്യേക വെബ്സൈറ്റ് ഉണ്ടാക്കി അതിലാണ് സ്ട്രീം ചെയ്തിരുന്നു. കഴിഞ്ഞവർഷം ജൂലൈയിലായിരുന്നു ഇത്.
മൈസൂരുവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം സിറ്റി സ്ഥാപിക്കാനായി 150 ഏക്കർ ഭൂമി ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻ വകുപ്പിന് കൈമാറിയെന്ന് സിദ്ധരാമയ്യ അറിയിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പി.പി.പി. മോഡല്‍) 500 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചുകൊണ്ടാണ് ഫിലിം സിറ്റി നിർമ്മിക്കുക.
കർണാടകയുടെ സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന കന്നഡ ചലച്ചിത്രങ്ങള്‍ സംരക്ഷിക്കാനായി മൂന്ന് കോടി രൂപയും ബജറ്റ് വകയിരുത്തി. ഡിജിറ്റല്‍ രൂപത്തിലും അല്ലാതെയും ഈ സിനിമകള്‍ സംരക്ഷിക്കുന്ന പദ്ധതിയാണ് ഇത്.
കന്നഡ സിനിമാ മേഖലയ്ക്ക് വ്യവസായ പദവി നല്‍കുമെന്നും സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ഇതുവഴി വ്യവസായ നയത്തിനുകീഴിലുള്ള സൗകര്യങ്ങള്‍ സിനിമകള്‍ക്ക് ലഭ്യമാക്കും. സാൻഡല്‍വുഡില്‍ നിന്നുയർന്ന നിരന്തരമായ ആവശ്യത്തെ തുടർന്നാണ് തീരുമാനം. കൂടാതെ പി.പി.പി. മോഡലില്‍ നന്ദിനി ലേ ഔട്ടിലെ കർണാടക ചലച്ചിത്ര അക്കാദമിയുടെ രണ്ടര ഏക്കർ ഭൂമിയില്‍ മള്‍ട്ടിപ്ലക്സ് സിനിമാ തിയേറ്റർ കോംപ്ലക്സ് നിർമ്മിക്കുമെന്നും പ്രഖ്യാപനമുണ്ട്.






