കോണ്‍ഗ്രസിന് തന്നെ ആവശ്യമില്ലെങ്കില്‍ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ എം.പി. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂരിന്റെ പരാമർശം. കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു ലീഡറുടെ അഭാവമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് പരമ്ബരാഗതമായി ലഭിക്കുന്ന വോട്ടുകള്‍ക്കപ്പുറത്തുള്ള പിന്തുണ പാർട്ടിക്ക് കിട്ടണം. തനിക്ക് ലഭിക്കുന്നത് അത്തരത്തിലൊരു പിന്തുണയാണ്. സ്വാധീനം വർധിപ്പിക്കാൻ കോണ്‍ഗ്രസ് ശ്രമിച്ചില്ലെങ്കില്‍ പാർട്ടിക്ക് മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം മണ്ഡലത്തില്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ താൻ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നു. ഇത് പാർട്ടിക്കപ്പുറത്തുള്ള പിന്തുണ തനിക്ക് കിട്ടുന്നതിന് കാരണമാകുന്നുവെന്നും അത്തരമൊന്നാണ് പാർട്ടിക്ക് 2026 തെരഞ്ഞെടുപ്പില്‍ വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേക്കാര്യം യു.ഡി.എഫിലെ മറ്റ് കക്ഷികളും തന്നോട്ട് പറഞ്ഞിട്ടുണ്ട്. ഇത് ഉറപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്തമല്ല. എങ്കിലും പാർട്ടിക്ക് മുമ്ബാകെ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുവെന്ന് മാത്രം.
കോണ്‍ഗ്രസില്‍ ഒരു നേതാവിന്റെ അഭാവമുണ്ടെന്ന് പ്രവർത്തകർ കരുതുന്നതായും ശശി തരൂർ പറഞ്ഞു.പല സ്വതന്ത്ര ഏജൻസികളും താനാണ് നേതാവാകാൻ യോഗ്യനെന്ന് പ്രവചിച്ചിട്ടുണ്ട്. പാർട്ടിക്ക് വേണമെങ്കില്‍ തന്നെ ഉപയോഗിക്കാം. അല്ലെങ്കില്‍ തനിക്ക് സ്വന്തമായ വഴിയുണ്ട്.
എനിക്ക് മറ്റുവഴികളില്ലെന്ന് ചിന്തിക്കരുത്. പുസ്തകമെഴുത്, പ്രസംഗം തുടങ്ങി തനിക്ക് മറ്റ് പല വഴികളുമുണ്ടെന്നും ശശി തരൂർ പറഞ്ഞു.നരേന്ദ്ര മോദിയേയും പിണറായി വിജയനേയും പ്രശംസിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് ഇടുങ്ങിയ രാഷ്ട്രീയചിന്താഗതിയല്ല തനിക്കുള്ളത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാഷ്ട്രീയ പ്രത്യാഘാതം ആലോചിച്ചല്ല താൻ പ്രസ്താവന നടത്താറ്. എനിക്ക് ബോധ്യമുള്ള കാര്യമാണെങ്കില്‍ അഭിപ്രായം പറയും. കേരളത്തിലെ ഭൂരിപക്ഷം ആളുകളും രാഷ്ട്രീയപാർട്ടിയുടെ ആളുകളല്ല. നല്ലത് ചെയ്താല്‍ നല്ലതെന്നും മോശമായത് കണ്ടാല്‍ മോശമെന്നും അവർ പറയുമെന്നും ശശി തരൂർ വ്യക്തമാക്കി.

















