സിപിഎം എംഎൽഎയും മന്ത്രിയുമായ വി എൻ വാസവൻ പ്രതിനിധീകരിക്കുന്ന ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നടന്ന കുറ്റകൃത്യത്തിനെതിരെ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ഉപവസിച്ചു പ്രതിഷേധിക്കാൻ തിരഞ്ഞെടുത്തത് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആയ കോട്ടയം നിയോജക മണ്ഡലം. മെഡിക്കൽ കോളേജ് റാഗിംഗ് കേസുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ ആർപ്പൂക്കരയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തിയിരുന്നു. രമേശ് ചെന്നിത്തലയാണ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തത്. ഈ പ്രതിഷേധത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് കോട്ടയം നഗരത്തിൽ വിഷയവുമായി ബന്ധപ്പെട്ട് ഉപവസിച്ചു പ്രതിഷേധിക്കാനുള്ള തീരുമാനവുമായി ചാണ്ടി ഉമ്മൻ രംഗത്തെത്തിയത്.

എന്നാൽ ചാണ്ടി സമരം പ്രഖ്യാപിച്ച സ്ഥലത്ത് തന്നെ ഇന്ന് ഇതേ വിഷയവുമായി ബന്ധപ്പെട്ട് കോട്ടയം ഈസ്റ്റ്, വെസ്റ്റ് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികൾ സംയുക്തമായി പ്രതിഷേധയോഗം നടത്താനിരുന്നതാണ്. രണ്ടു ദിവസങ്ങൾക്കു മുന്നേ പ്രഖ്യാപിച്ച പ്രതിഷേധ യോഗത്തിന് വേണ്ടി നേരത്തെ തന്നെ പന്തലും ഇട്ടിരുന്നു. ഈ പ്രതിഷേധയോഗസ്ഥലവും പന്തലും ഹൈജാക്ക് ചെയ്ത് ഉപവാസ സമരം ചെലവില്ലാതെ നടത്താനാണ് ചാണ്ടി രംഗത്ത് എത്തിയത്. എന്നാൽ ഉമ്മൻചാണ്ടിയുടെ മകൻ എന്ന സ്നേഹം മറന്ന് കോട്ടയത്തെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധമുയർത്തിയതോടെ കാര്യങ്ങൾ കൈവിട്ടു പോകുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരുവശത്ത് ചാണ്ടിക്കെതിരെ സ്വന്തം അണികളുടെ പ്രതിഷേധവും മറുവശത്ത് സഹായം അഭ്യർത്ഥിച്ചു നിൽക്കുന്ന ആത്മസതീർത്ഥൻ ഉമ്മൻചാണ്ടിയുടെ മകനും വന്നതോടെ ധർമ്മസങ്കടത്തിലായ തിരുവഞ്ചൂർ മുതിർന്ന നേതാവിന്റെ പക്വതയോടെ വിഷയത്തിൽ ഇടപെട്ട് പ്രവർത്തകരെ അനുനയിപ്പിക്കുകയായിരുന്നു. ഡിസിസി പ്രസിഡന്റിനോട് അടക്കം സംസാരിച്ച ശേഷം ഉപവാസ സമരം ഉദ്ഘാടനം ചെയ്യാമെന്ന് തിരുവഞ്ചൂർ സമ്മതിച്ചതോടെയാണ് ചാണ്ടിക്ക് പരിപാടി നടത്തി മുഖം രക്ഷിക്കുവാൻ അവസരം ഒരുങ്ങിയത്. ഐ ഗ്രൂപ്പിന്റെ സഹായവും തിരുവഞ്ചൂർ വിഭാഗത്തിൽ നിന്ന് അകന്നു നിൽക്കുന്ന യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷന്റെ മേൽവിലാസവും മുതലെടുത്ത് ഗ്രൂപ്പ് ഉണ്ടാക്കാൻ ചാണ്ടി നടത്തുന്ന ശ്രമങ്ങളാണ് ഇതെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ തന്നെ സംശയമുയർത്തിട്ടുണ്ട്.

പുതുപ്പള്ളി എംഎൽഎ ആയതോടെ അന്തർദേശീയ, അഖിലേന്ത്യ ഓപ്പറേഷനുകളിൽ മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന ചാണ്ടി ഉമ്മൻ സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ചോർന്നു പോകുന്നു എന്ന് തിരിച്ചറിഞ്ഞതോടെയാണ് ഗ്രൂപ്പ് അല്ലെങ്കിൽ ഒരു ടീം എന്ന നിലയിൽ കോട്ടയം ജില്ലയിൽ സ്വന്തം സംവിധാനം രൂപീകരിക്കുവാൻ തീരുമാനിച്ചതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. എന്നാൽ മുതിർന്ന നേതാക്കൾ പോലും തിരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടി പ്രാദേശിക നേതൃത്വത്തോടും കൂടി ആലോചിച്ചു കാര്യങ്ങൾ നടത്തുമ്പോൾ ഏകപക്ഷീയമായി സമരപ്രഖ്യാപനം നടത്തി മുന്നോട്ടുപോകുവാനാണ് ചാണ്ടി തീരുമാനിച്ചത്. എന്നാൽ കോട്ടയത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് തനിക്കെതിരെ ഇത്തരം ഒരു പ്രതിഷേധവും പ്രതിരോധവും ഉണ്ടാകുമെന്ന് അദ്ദേഹം ഒരിക്കൽ പോലും കരുതിയിട്ടുണ്ടാവില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക