കേരള കോൺഗ്രസുകാർക്ക് കേരളത്തിൽ എവിടെയെങ്കിലും സിപിഐക്കാരോട് സ്നേഹവും കരുതലും ഉണ്ടെങ്കിൽ അത് പാലാ നഗരസഭയിലെ സിപിഐ കൗൺസിലർ ആർ സന്ധ്യയോടായിരിക്കും. സ്വന്തം പാർട്ടിയിലെ ചെയർമാൻ ഷാജു തുരുത്തനെ അവിശ്വാസത്തിലൂടെ പുറത്താക്കാൻ ഭരണ മുന്നണിക്ക് എണ്ണം തികഞ്ഞത് 13ആം വാർഡിലെ വോട്ടർമാരോട് പോലും പറയാതെ വിദേശ ജോലിക്കായി നാടുവിട്ട പതിമൂന്നാം വാർഡ് കൗൺസിലർ ആർ സന്ധ്യ തിരികെയെത്തിയതോടെയാണ്. കേരള കോൺഗ്രസ് നേതൃത്വം പ്രത്യേക താല്പര്യം എടുത്താണ് ഓപ്പറേഷൻ തുരുത്തൻ വിജയിപ്പിക്കുവാൻ സന്ധ്യയെ യുകെയിൽ നിന്ന് തിരികെ എത്തിച്ചത്.

പറന്നിറങ്ങിയത് രഹസ്യ സങ്കേതത്തിലേക്ക്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലായിലെ രാഷ്ട്രീയ നീക്കങ്ങളുടെ നാടകീയത സന്ധ്യയുടെ വരവിനും ഉണ്ടായിരുന്നു. അതീവ രഹസ്യമായി രാജ്യത്തേക്ക് പറന്നിറങ്ങിയ സന്ധ്യ സ്വന്തം വീട്ടിലേക്ക് പോലും പോകാതെ കേരള കോൺഗ്രസ് വനിതാ കൗൺസിലർ മായാ പ്രദീപിന്റെ വീട്ടിലാണ് താമസിച്ചതെന്ന വിവരങ്ങൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. ‘മിഷൻ’ വിജയിച്ചതോടെ കേരള കോൺഗ്രസുകാരുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി സന്ധ്യ ഉടൻതന്നെ വിദേശത്തേക്ക് മടങ്ങുമെന്നാണ് സൂചന. ഇരു കൂട്ടർക്കും ‘ ഡീൽ’ വൻ ലാഭമായിരുന്നു എന്ന് അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.

വാർഡ് സഭ എങ്കിലും കൂടുമോ എന്ന് വോട്ടർമാർ

ആറുമാസം മുമ്പാണ് സന്ധ്യ വിദേശത്തേക്ക് പോയത്. ഇംഗ്ലണ്ടിലെ ഒരു കെയർ ഹോമിൽ ജോലി ചെയ്യുകയാണെന്നാണ് ഇവരുടെ സഹ കൗൺസിലർമാർ വ്യക്തമാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയുടെ അഭാവം വാർഡിലെ ജനങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. പതിമൂന്നാം വാർഡിന്റെ വാർഡ് സഭ ഇതുവരെ കൂടിയിട്ടും ഇല്ല. കൗൺസിലർ മടങ്ങുന്നതിനു മുമ്പ് വാർഡ് സഭ എങ്കിലും വിളിച്ചുചേർത്ത് തങ്ങൾക്കുള്ള ആനുകൂല്യങ്ങളും മറ്റും ഉറപ്പാക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുമോ എന്ന് നോക്കിയിരിക്കുകയാണ് വോട്ടർമാർ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക