സോഷ്യല്‍മീഡിയാ പോസ്റ്റുകളുടെ പേരില്‍ ശിക്ഷിക്കപ്പെട്ടതുനെത്തുടര്‍ന്ന് ജയിലില്‍ കഴിയുകയായിരുന്ന സൗദി അറേബ്യയിലെ ഷിയാ വനിതാ അവകാശ ആക്ടിവിസ്റ്റ് സല്‍മ അല്‍ ഷിഹാബ് മോചിതയായി. 34 വര്‍ഷത്തെ തടവുശിക്ഷയ്ക്കാണ് സല്‍മയെ ശിക്ഷിച്ചതെങ്കിലും വെട്ടിച്ചുരുക്കിയ ജയില്‍ശിക്ഷ നാലുവര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് അധികൃതര്‍ സല്‍മയെ മോചിപ്പിച്ചത്.

ബ്രിട്ടൺ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗദി മനുഷ്യാവകാശ സംഘടന ALQST ആണ് തിങ്കളാഴ്ച സല്‍മയുടെ മോചനം അറിയിച്ചത്. ബ്രിട്ടണിലെ ലീഡ്‌സ് സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിനിയായിരുന്നു സല്‍മ. മോചിതയായതോടെ പഠനം പൂര്‍ത്തിയാക്കുന്നതിനും യാത്ര ചെയ്യാനുമുള്ള അവകാശം ഉള്‍പ്പെടെയുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കണമെന്ന് ALQST ആവശ്യപ്പെട്ടു. സല്‍മയുടെ മോചനം ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മിഡില്‍ ഈസ്റ്റ് വക്താവ് ഡാന അഹമ്മദ് സ്വാഗതംചെയ്തു. യാത്രാ വിലക്കോ കൂടുതല്‍ ശിക്ഷാ നടപടികളോ അവര്‍ക്ക് മേല്‍ ഉണ്ടാകരുതെന്നും ഡാന അഹമ്മദ് അഭ്യര്‍ഥിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് കുട്ടികളുടെ ഉമ്മയും പി.എച്ച്‌.ഡി വിദ്യാര്‍ത്ഥിനിയുമായ 36കാരി സല്‍മ അല്‍ ഷിഹാബ് 2021 ജനുവരി 15നാണ് ബ്രിട്ടണില്‍നിന്ന് സൗദി അറേബ്യയില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോള്‍ അറസ്റ്റിലായത്. സൗദി വനിതാ അവകാശ പ്രവര്‍ത്തകരെ പിന്തുണയ്ക്കുന്ന ട്വീറ്റുകള്‍ പങ്കുവയ്ക്കുകയും സമാന ആശയമുള്ള മറ്റ് ട്വീറ്റുകള്‍ റിട്വീറ്റ്‌ചെയ്തതിനുമായിരുന്നു അറസ്റ്റ്. പൊതു ക്രമസമാധാനത്തിന് ഭംഗം വരുത്തുക, സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും സുരക്ഷയെ അസ്ഥിരപ്പെടുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് സല്‍മയ്‌ക്കെതിരേ ചുമത്തിയിരുന്നത്.

സൗദി നിയമപ്രകാരം ഭരണകൂടത്തെ ആക്ഷേപിക്കുന്നതും രാജ്യത്തിന്റെ നിയമങ്ങള്‍ക്കെതിരായ കുറിപ്പുകള്‍ പങ്കുവയ്ക്കുന്നതും കനത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. സല്‍മയ്ക്ക് വേണ്ടി ലീഡ്‌സ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ രംഗത്തുവരുകയും വിവിധ കാംപയിനുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. 2022 മാര്‍ച്ചില്‍ സൗദി സ്‌പെഷ്യലൈസ്ഡ് ക്രിമിനല്‍ കോടതി (എസ്.സി.സി) അവര്‍ക്ക് ആറ് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. 2022 ഓഗസ്റ്റില്‍ പ്രോസിക്യൂഷന്‍ കഠിനമായ ശിക്ഷ ആവശ്യപ്പെട്ടതോടെ ശിക്ഷ 34 വര്‍ഷമാക്കി ഉയര്‍ത്തി. ശിക്ഷയ്‌ക്കെതിരേ സല്‍മയും മറ്റ് ഏഴ് സ്ത്രീകളും നിരാഹാര സമരം ആരംഭിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ കേസ് പുനപ്പരിശോധിച്ചപ്പോള്‍ ശിക്ഷാ കാലാവധി നാല് വര്‍ഷമായി കുറച്ചു. ഇതുപ്രകാരമാണ് ഇവരുടെ മോചനം സാധ്യമായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക