കുംഭമേള നടക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്‍രാജില്‍ വൻ ട്രാഫിക് ജാം. 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.റോഡുകളില്‍ മണിക്കൂറുകളായി വാഹനങ്ങള്‍ നിരങ്ങിനീങ്ങുകയാണ്. ഞായറാഴ്ച കുംഭമേളക്ക് വന്ന ലക്ഷക്കണക്കിന് തീർത്ഥാടകരാണ് മേള സ്ഥലത്ത് നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെ കാറുകളക്‍ലും മറ്റും കുടുങ്ങിക്കിടക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്നാണ് നെറ്റിസണ്‍സ് ഇതേക്കുറിച്ച്‌ വിശേഷിപ്പിക്കുന്നത്. മധ്യപ്രദേശ് വഴി മഹാകുംഭമേളക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങളുടെ നിര 200-300 കിലോമീറ്റർ ദൂരെ വരെ നീണ്ടുനില്‍ക്കുകയാണ്. ഇതോടെ വിവിധ ജില്ലകളിലൂടെയുള്ള ഗതാഗതം നിർത്തിവെക്കാൻ പൊലീസ് നിർദേശം നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രയാഗ്‌രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങള്‍ തിരക്ക് ഒഴിവാക്കുന്നതിനായി മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍ തടഞ്ഞുവെച്ചതായി പി.ടി.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. വാഹനങ്ങളിലുള്ളവരോട് സുരക്ഷിതമായ താമസസ്ഥലങ്ങള്‍ കണ്ടെത്താൻ പൊലീസ് ആവശ്യപ്പെട്ടു. കട്നി ജില്ലയില്‍ തിങ്കളാഴ്ച വരെ ഗതാഗതം നിർത്തിവച്ചതായി പൊലീസ് അറിയിപ്പ് നല്‍കി. മൈഹാർ പൊലീസാകട്ടെ, വാഹനങ്ങള്‍ കട്നിയിലേക്കും ജബല്‍പൂരിലേക്കും തിരിച്ചുപോകാൻ ഉത്തരവിട്ടു. 200-300 കിലോമീറ്റർ ഗതാഗതക്കുരുക്കുള്ളതിനാല്‍ വണ്ടികള്‍ക്ക് മുന്നോട്ട് നീങ്ങാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞതായി പി‌.ടി.‌ഐ റിപ്പോർട്ടില്‍ പറഞ്ഞു.

മധ്യപ്രദേശിലെ കട്നി, ജബല്‍പൂർ, മൈഹാർ, രേവ ജില്ലകളിലെ റോഡുകളില്‍ ആയിരക്കണക്കിന് കാറുകളും ട്രക്കുകളും നിരനിരയായി കിടക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കട്നി മുതല്‍ എംപി-യുപി അതിർത്തിയിലെ ചക്ഘട്ട് വരെയുള്ള 250 കിലോമീറ്റർ ദൂരത്തില്‍ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ‘ജബല്‍പൂരിന് 15 കിലോമീറ്റർ മുമ്ബ് ഗതാഗതക്കുരുക്കില്‍ പെട്ടുകിടക്കുകയാണ്. പ്രയാഗ്‌രാജിലേക്ക് ഇനി 400 കിലോമീറ്റർ ദൂരം താണ്ടാനുണ്ട്. മഹാകുംഭ മേളക്ക് വരുന്നതിനുമുമ്ബ് ദയവായി ഗതാഗത സാഹചര്യം മനസ്സിലാക്കുക’ -തിരക്കിനെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ഒരു ഉപയോക്താവ് കുറിച്ചു.

കുംഭ മേളക്കിടെ ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയെന്നും പ്രയാഗ്‌രാജ് പൂർണമായും ബ്ലോക്കിലാണെന്നും മറ്റൊരു ഉപയോക്താവ് എക്സില്‍ എഴുതി. ‘ഏകദേശം അഞ്ച് കിലോമീറ്റർ സഞ്ചരിക്കാൻ അഞ്ച് മണിക്കൂർ എടുത്തു. ഈ സമയത്തിനകം ഞാൻ ലഖ്‌നൗവില്‍ എത്തേണ്ടതായിരുന്നു. കുംഭമേളയിലെ മോശം ട്രാഫിക് മാനേജ്‌മെന്റ് കാരണം എന്റെ വിമാന ടിക്കറ്റ് റദ്ദാക്കി ഇരട്ടി നിരക്കില്‍ മറ്റൊന്ന് ബുക്ക് ചെയ്യേണ്ടിവന്നു” -പോസ്റ്റില്‍ പറയുന്നു.

ഞായറാഴ്ചത്തെ ഭക്തജനത്തിരക്കാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന് രേവ സോണ്‍ പൊലീസ് ഇൻസ്‌പെക്ടർ ജനറല്‍ സാകേത് പ്രകാശ് പാണ്ഡെ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രയാഗ്‌രാജ് ഭരണകൂടവുമായി ബന്ധപ്പെട്ട ശേഷം വാഹനങ്ങള്‍ മുന്നോട്ട് നീങ്ങാൻ മധ്യപ്രദേശ് പൊലീസ് അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, തങ്ങള്‍ 48 മണിക്കൂർ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതായി യാത്രക്കാർ പറഞ്ഞു. 50 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഏകദേശം 10-12 മണിക്കൂർ എടുക്കുന്നതായി മറ്റൊരാള്‍ പറഞ്ഞു. എം.പി-യു.പി അതിർത്തിയില്‍ തിരക്ക് ഒഴിവാക്കാൻ വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ തടയുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, മഹാകുംഭ മേളക്ക് പോകുന്ന തീർഥാടകരെ കടന്നുപോകാൻ സഹായിക്കണമെന്ന് ബിജെപി മധ്യപ്രദേശ് സംസ്ഥാന പ്രസിഡന്റ് വി.ഡി ശർമ്മ പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചു. ‘മഹാ കുംഭമേളയ്ക്ക് പോകുന്ന ഭക്തരെ സാധ്യമായ എല്ലാ വഴികളിലൂടെയും സഹായിക്കാൻ എല്ലാ പ്രവർത്തകരോടും അഭ്യർഥിക്കുന്നു. ആവശ്യമെങ്കില്‍ ഭക്ഷണത്തിനും താമസത്തിനും ക്രമീകരണങ്ങള്‍ ചെയ്യുക. ഭക്തർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈ മഹാ യാഗത്തില്‍ നമുക്ക് നമ്മുടെ പങ്ക് വഹിക്കാം’ -ശർമ്മ ട്വീറ്റ് ചെയ്തു. ജനുവരി 13ന് ആരംഭിച്ച മഹാകുംഭമേള ഫെബ്രുവരി 26ന് അവസാനിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക