
കോട്ടുവള്ളി കൈതാരം വട്ടത്തിപ്പാടം ധന്യൻ-ജലജ ദമ്ബതികളുടെ മകൻ അരുണ്‍ലാല്‍ (34) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ ആതിര(30)ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം പോലീസ് കേസെടുത്തു. ഭാര്യ വീടുവിട്ടു പോയതിനെ തുടർന്ന് കഴിഞ്ഞ നാലിനാണ് അരുണ്‍ലാലിനെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടത്.
ഇവരുടെ ഒമ്ബതും രണ്ടരയും വയസുള്ള പെണ്‍മക്കളെ അരുണ്‍ലാലിനെ ഏല്‍പ്പിച്ച ശേഷമാണ് ആതിര വീടുവിട്ടത്. അരുണ്‍ലാലിന്‍റെ മരണശേഷം കുട്ടികളെ സംരക്ഷിക്കാൻ ബാധ്യതയുള്ള അമ്മ അതിന് തയാറായില്ലെന്ന് കാട്ടി ആതിരയുടെ മാതാവായ പറവൂത്തറ പുഞ്ചയില്‍ ഷോബി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
പറവൂർ നഗരത്തിലെ ഒരു പ്രധാന എയ്ഡഡ് സ്കൂളിലെ അധ്യാപികയാണ് ആതിര. ഇളന്തിക്കര ഹൈസ്കൂള്‍ അധ്യാപകനായ മാള മഠത്തുംപടി ചക്കാടിക്കുന്ന് മാടവന വീട്ടില്‍ എം.ആർ. കൃഷ്ണകുമാറു(38)മായുള്ള ആതിരയുടെ ബന്ധത്തെ തുടർന്നാണ് അരുണ്‍ലാലും ആതിരയും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. ഇതു സംബന്ധിച്ച് ഇരു വീട്ടുകാരും തമ്മില്‍ പലവട്ടം ചർച്ചകള്‍ നടത്തിയെങ്കിലും അതൊന്നും അംഗീകരിക്കാൻ ആതിര തയാറാകാതെ വന്നതോടെ അരുണ്‍ലാല്‍ പോലീസില്‍ പരാതി നല്‍കി.
ഇതിലും കാര്യങ്ങള്‍ തീരുമാനമായില്ല. ഭർത്താവിന്‍റെയൊപ്പം പോകാൻ ആതിര വിസമ്മതിച്ചോടെ പോലീസ് ഇവരെ ഹോസ്റ്റലിലാക്കി. പിന്നീടും ഇവർ കൃഷ്ണകുമാറുമായുള്ള ബന്ധം തുടരുകയായിരുന്നു. അരുണ്‍ലാലിന്‍റെ മരണമൊഴിയില്‍ തന്‍റെ കുടുംബ ജീവിതം തകർത്തതിലും കുട്ടികളെ അനാഥമാക്കിയതിലും കൃഷ്ണകുമാറിനുള്ള പങ്ക് വ്യക്തമാക്കിയിരുന്നു. തുടർന്ന് അറസ്റ്റിലായ കൃഷ്ണകുമാർ റിമാൻഡിലാണ്.
വിവാദങ്ങള്‍ ഉണ്ടായതിനെ തുടർന്ന് കൃഷ്ണകുമാറിനെ ജോലിയില്‍ നിന്ന് സ്കൂള്‍ മാനേജ്മെന്‍റ് മാറ്റി നിർത്തിയിരിക്കുകയാണ്. ആതിര ജോലി ചെയ്യുന്ന സ്കൂളില്‍ അവധിക്ക് അപേക്ഷിച്ചെങ്കിലും മാനേജ്മെന്‍റ് അനുവദിച്ചിട്ടില്ല. ഇതിനിടയില്‍ വിദേശത്ത് ജോലിക്കായി ഇരുവരും ശ്രമിക്കുന്നത് സംബന്ധിച്ച വിവരവും വീട്ടുകാർക്ക് ലഭിച്ചു. 15ന് വിദേശത്തേക്ക് കടക്കാൻ ആതിര ശ്രമിക്കുന്നുണ്ടെന്ന സൂചനയെ തുടർന്ന് ഇവർക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനൊരുങ്ങുന്നുവെന്നാണ് വിവരം.