സ്ത്രീധന പീഡനത്തെത്തുടർന്ന് ആയൂർവേദ മെഡിക്കല്‍ വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണ്‍ കുമാറിന് പരോള്‍ നല്‍കി ജയില്‍ വകുപ്പ്.ആദ്യം നല്‍കിയ അപേക്ഷയില്‍ പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു. എന്നാല്‍ രണ്ടാമത് നല്‍കിയ അപേക്ഷയില്‍ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായും പൊലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു. പിന്നീട് അപേക്ഷ ജയില്‍ മേധാവി പരിഗണിക്കുകയും 30 ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു. കേസില്‍ പത്ത് വർഷത്തെ തടവാണ് കിരണിന് കൊല്ലം ഒന്നാം അഡിഷണല്‍ സെഷൻസ് കോടതി വിധിച്ചത്.

കടുത്ത നിബന്ധനകളോടെയാണ് കിരണിന് പരോള്‍ അനുവദിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ കാണാൻ പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാൻ പാടില്ല തുടങ്ങിയ നിബന്ധനങ്ങളോടെയാണ് പരോള്‍. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റങ്ങള്‍ കിരണിനെതിരെ തെളിഞ്ഞതോടെയാണ് ശിക്ഷ വിധിച്ചത്. ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്ന ലക്ഷ്യത്തോടെ കിരണ്‍ വിസ്മയയെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2021 ജൂണ്‍ 21നാണ് വിസ്മയയെ അസി. മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്ടറായിരുന്ന കിരണ്‍ കുമാറിന്റെ വീടായ പോരുവഴി അമ്ബലത്തുംഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പുമുറിയോട് ചേർന്നുള്ള ടോയ്‌ലെറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പീഡനങ്ങളെക്കുറിച്ച്‌ വിസ്മയ സഹപാഠിക്കും സഹോദരഭാര്യയ്ക്കും അയച്ച വാട്സ്‌ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. വിസ്മയയെ ആശുപത്രിയില്‍ എത്തിച്ചശേഷം ഒളിവില്‍ പോയ കിരണ്‍കുമാർ ശാസ്താംകോട്ട സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കിരണിനെ പിന്നീട് സർവീസില്‍ നിന്ന് പിരിച്ചുവിട്ടു. ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ മേല്‍നോട്ടത്തില്‍ 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.

വിചാരണ അന്തിമഘട്ടത്തിലെത്തിയിരുന്ന സാഹചര്യത്തില്‍ സുപ്രീംകോടതി കിരണിന് ജാമ്യം അനുവദിച്ചിരുന്നു. വീട്ടില്‍ വച്ചുള്ള ആക്രമണങ്ങള്‍ക്ക് പുറമേ 2020 ആഗസ്റ്റ് 29ന് ചിറ്റുമലയില്‍ പൊതുജനമദ്ധ്യത്തിലും 2021 ജനുവരി 3ന് വിസ്മയയുടെ നിലമേലുള്ള വീട്ടില്‍ വച്ചും കാർ മാറ്റി നല്‍കണമെന്ന് പറഞ്ഞ് കിരണ്‍കുമാർ പ്രശ്നം ഉണ്ടാക്കിയെന്ന് സാക്ഷിമൊഴികളുണ്ട്. സ്ത്രീധന തർക്കം സംബന്ധിച്ച ഫോണ്‍ സംഭാഷണങ്ങളും കോടതി തെളിവായി സ്വീകരിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക