മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിച്ച പതിമൂന്നാം മലയാളോത്സവത്തിന്റെ ഗ്രാന്‍ഡ് ഫിനാലെയായ കേന്ദ്ര കലോത്സവം ഡിസംബര്‍ 22 ഞായറാഴ്ച നടന്നു. യുവതലമുറയുടെ സക്രിയ സാന്നിധ്യം കൊണ്ടും അഭൂതപൂര്‍വമായ പ്രേക്ഷക സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായി മാറിയ ഈ കലാമാമാങ്കം അരങ്ങേറിയത് ഡോംബിവലി കമ്പല്‍ പാടയിലെ മോഡല്‍ കോളേജില്‍ വച്ചാണ്.
പ്രൌഢഗംഭീരവും ഹൃദയഹാരിയുമായ 10 വേദികളിലായി രാവിലെ പത്തു മണിക്ക് ആരംഭിച്ച ഈ മലയാള കലാമഹോത്സവത്തില്‍ മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ മേഖലകളില്‍ നടന്ന മേഖല കലോത്സവങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ മത്സരാര്‍ഥികളാണ് പങ്കെടുത്തത്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് രാവിലെ അതിഥികളെ വേദിയിലേക്ക് ആനയിച്ചത്. പതിമൂന്നാം മലയാളോത്സവം സംഘാടക സമിതി ചെയര്‍മാന്‍ വര്‍ഗ്ഗീസ് ഡാനിയല്‍ (ചെയര്‍മാന്‍, ഡോംബിവലി കേരളീയ സമാജം) കൊടി ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡന്റ് റീന സന്തോഷ് അധ്യക്ഷം വഹിച്ചു.

ജനറല്‍ സെക്രട്ടറി രാജന്‍ നായര്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ പ്രേമന്‍ ഇല്ലത്ത് കേന്ദ്ര കലോത്സവത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അമ്മിഞ്ഞ പ്പാലുപോലെ പുസ്തകങ്ങളുടെ ഗന്ധം അറിഞ്ഞുവേണം കുഞ്ഞുങ്ങൾ വളരേണ്ടതെന്നും ഭാഷാ സ്നേഹം വളരാനും ചിന്തിക്കാനും ആശയങ്ങൾ രൂപപ്പെടുത്താനുമുള്ള മാര്‍ഗ്ഗമാണ് അതെന്നും തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. മലയാളഭാഷ പ്രചാരണ സംഘം ആ ദൗത്യമാണ് ഏറ്റെടുത്തിട്ടുള്ളതെന്നും മലയാള ഭാഷയുടെ പ്രചാരണത്തിനായി ഇത്രയും വിപുലമായ ഒരു കലോത്സവം കേരളത്തിനുപുറത്ത് മറ്റെവിടെയും നടക്കുന്നില്ലെന്നും പ്രേമൻ ഇല്ലത്ത് കൂട്ടിച്ചേര്‍ത്തു.

വർഗ്ഗീസ് ഡാനിയൽ (ചെയർമാൻ, ഡോംബിവ്‌ലി കേരളീയസമാജം), മലയാളോത്സവം ആഘോഷക്കമ്മിറ്റി രക്ഷാധികാരി ടി.എന്‍.ഹരിഹരന്‍ (പ്രസിഡന്റ്, കേരളീയ കേന്ദ്ര സംഘടന), എം.കെ. നവാസ് (പ്രസിഡന്റ്, കെയര്‍ ഫോര്‍ മുംബൈ) എന്നിവര്‍ പതിമൂന്നാം മലയാളോത്സവത്തിനും പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ക്കും വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ മുഖപത്രം “കേരളം വളരുന്നു” പതിമൂന്നാം മലയാളോത്സവം വിശേഷാല്‍ പതിപ്പിന്‍റെ പ്രകാശനം മുഖ്യാതിഥി പ്രേമന്‍ ഇല്ലത്ത് നിര്‍വ്വഹിച്ചു. വേദിയില്‍ വച്ച് കുവൈറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 16 എഴുത്തുകാരുടെ കഥാസമാഹാരം “അര്‍ഫജ് പറഞ്ഞ കഥകള്‍” എന്ന പുസ്തകത്തിന്‍റെ പ്രകാശനം വര്‍ഗ്ഗീസ് ദാനിയലിന് ആദ്യ പ്രതി നല്‍കിക്കൊണ്ട് സാഹിത്യകാരന്‍ ഗിരിജാവല്ലഭന്‍ നിര്‍വ്വഹിച്ചു.മലയാളോത്സവം കണ്‍വീനര്‍ അനില്‍പ്രകാശ് ചടങ്ങുകള്‍ നിയന്ത്രിച്ചു. കേന്ദ്ര പ്രവര്‍ത്തക സമിതി ട്രെഷറര്‍ പി. രാമചന്ദ്രന്‍ നന്ദി പ്രകാശിപ്പിച്ചു. മലയാളോത്സവം കണ്‍വീനര്‍ പ്രദീപ്കുമാര്‍, മലയാള ഭാഷാ പ്രചാരണ സംഘം കല്യാൺ-ഡോംബിവ്‌ലി മേഖല പ്രസിഡണ്ട് രജനി, മേഖല സെക്രട്ടറിയും മലയാളോത്സവം സംഘാടക സമിതി കൺവീനറുമായ പ്രശാന്ത് രാജ്, ട്രഷറർ ജയന്തി മനോജ് എന്നിവരും വേദിപങ്കിട്ടു.

കൊളാബ മുതല്‍ റായ്ഗഡ്, ഖോപ്പോളി, പാല്‍ഘര്‍ എന്നീ പ്രദേശങ്ങള്‍ വരെ വ്യാപിച്ചുകിടക്കുന്ന 10 മേഖലകളെ പ്രതിനിധീകരിച്ചുകൊണ്ട് നാലു വയസുള്ള കുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധര്‍ വരെയുള്ള ആയിരത്തിലേറെ ഭാഷാ-കലാസ്നേഹികള്‍ മലയാള ഭാഷയെയും സംസ്ക്കാരത്തെയും പൈതൃക കലകളെയും നെഞ്ചിലേറ്റിക്കൊണ്ട് 23 ഇനം മത്സരങ്ങളില്‍ മാറ്റുരച്ചു. പ്രായമനുസരിച്ച് അഞ്ചു ഗ്രൂപ്പുകളിലായി നടന്ന ആവേശകരമായ ഈ മത്സരങ്ങള്‍ക്ക് മൂവായിരത്തിലേറെ പേര്‍ സാക്ഷ്യം വഹിച്ചു. മൂന്നു വേദികള്‍ ഗായകരുടെ നാദബ്രഹ്മത്തില്‍ ആറാടിയപ്പോള്‍ മറ്റു മൂന്നു വേദികള്‍ വിവിധ കേരളീയ നൃത്ത രൂപങ്ങളുടെ മാന്ത്രിക പാദ വിന്യാസങ്ങളില്‍ പ്രകമ്പനം കൊണ്ടു. കാവ്യാലാപനവും ലഘുനാടകവും കഥാപ്രസംഗവും ചിത്രരചനയുമൊക്കെ നടന്ന മറ്റു മത്സര വേദികളും മറുനാട്ടിലെ മലയാളത്തിന്‍റെ അഭിമാനസ്തംഭങ്ങളായി മാറി. വനിതകളും കുട്ടികളും അരങ്ങു വാണ കലാമത്സരങ്ങളില്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളുമായാണ് വിവിധ മേഖലകളിൽ നിന്നെത്തിയ പ്രതിഭകൾ വേദികളെ കയ്യടക്കിയത്.മത്സരാര്‍ഥികളെ പ്രോത്സാഹിപ്പിക്കാനും അവര്‍ക്ക് ഉണര്‍വ്വ് പകരാനും വേണ്ടി എത്തിയ വിവിധ മലയാളി സംഘടനാ സാരഥികളുടെ സജീവ സാന്നിദ്ധ്യം എല്ലാ മത്സരവേദികളിലും പ്രകടമായിരുന്നു.

മഹാനഗരത്തിലെ ഒട്ടു മിക്ക സാഹിത്യകാരന്മാരും സാംസ്കാരിക നായകന്മാരും കലാകാരന്മാരും മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നതും പ്രസ്താവ യോഗ്യമാണ്. പ്രശസ്ത നൃത്ത കലാ സാഹിത്യ പ്രതിഭകളായ 36 പേരാണ് മത്സരങ്ങളുടെ വിധി നിര്‍ണയത്തിന് വേണ്ടി എത്തിയത്. രാത്രി എട്ടു മണിയോടെ മത്സര വേദികള്‍ക്ക് തിരശീല വീണു. പതിമൂന്നാം മലയാളോത്സവം സമാപിച്ചപ്പോള്‍ കൂടുതല്‍ പോയിന്റ് നേടിയ കല്യാണ്‍-ഡോംബിവലി മേഖല തുടര്‍ച്ചയായ നാലാം തവണയും ടീം ചാമ്പ്യന്‍ഷിപ് കിരീടം നിലനിര്‍ത്തി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം വസായ് – വിരാര്‍ മേഖലയും നവി മുംബൈ മേഖലയും കരസ്ഥമാക്കി.








