മുംബൈ:നഗരത്തിലെ കുർളയിൽ തിങ്കളാഴ്ച രാത്രി 9.30 ഓടെയുണ്ടായ ദാരുണമായ ബസ് അപകടം മരിച്ചവരുടെ കുടുംബങ്ങൾക്ക് വേദനാജനകമായ ഓർമ്മകൾ സമ്മാനിച്ചു. മരിച്ചവരിൽ അഫ്രീൻ ഷാ എന്ന 20 വയസ്സ് കാരി ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസമായിരുന്നു.ദൗർഭാഗ്യകരമെന്നു പറയട്ടെ, റൂട്ട് നമ്പർ A-332-ബസ് കുർളയിലെ എസ്ജി ബാർവ് റോഡിൽ കാൽനടയാത്രക്കാരെയും നിരവധി വാഹനങ്ങളെയും ഇടിച്ച് തെറിപ്പിച്ച് മുന്നോട്ട് പോയപ്പോൾ ജീവൻ നഷ്ടപ്പെട്ട ഏഴ് ഇരകളിൽ ഒരാളായിരുന്നു അഫ്രീൻ.
അഫ്രീൻ്റെ പിതാവ് അബ്ദുൾ സലിം ഷാ മകളുടെ അവസാന സംഭാഷണം വിവരിച്ചു,ആദ്യ ദിവസത്തെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ കുർള റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ലഭിക്കാൻ ബുദ്ധിമുട്ടുന്നതായി പരാതിപ്പെട്ട് മകൾ തന്നെ വിളിച്ചപ്പോഴാണ് താൻ അവസാനമായി മകളോട് സംസാരിച്ചതെന്ന് പറഞ്ഞു.ശേഷം തൻ്റെ മകളുടെ മൊബൈൽ ഫോൺ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് കുർള ഭാഭ ആശുപത്രിയിൽ നിന്ന് തനിക്ക് കോൾ വന്നതായും ഉടൻ ആശുപത്രിയിൽ എത്താൻ ആവശ്യപ്പെട്ടതായും മാധ്യമ പ്രവർത്തകരോട് സലിം ഷാ പറഞ്ഞു.ആശുപത്രിയിൽ എത്തിയപ്പോഴാണ് മകളുടെ മൃതദേഹം കണ്ടത്.
അടുത്ത അഞ്ചോ ആറോ മാസത്തിനുള്ളിൽ അവളുടെ കല്യാണം നടത്താൻ പദ്ധതിയിട്ടിരുന്നതായും ചെയ്യുകയായിരുന്നു ഷാ വേദനയോടെ വെളിപ്പെടുത്തി.ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി), പാതയോരത്തെ അനധികൃത കച്ചവടക്കാർ, ട്രാഫിക് പോലീസ്, കോർപ്പറേറ്റർ, എംഎൽഎ, എംപി എന്നിവരാണ് അപകടത്തിന് ഉത്തരവാദികളെന്ന് ഷാ കുറ്റപ്പെടുത്തി. ഇത്രയും വർഷമായിട്ടും ഈ സ്ഥിതിക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ഈ അനധികൃത കച്ചവടക്കാർ കയ്യേറിയ തിരക്കേറിയ റോഡിലൂടെ നടക്കാൻ പോലും ആളുകൾ പാടുപെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

















