മഹാരാഷ്‌ട്രയില്‍ മഹായുതി തരംഗത്തില്‍ അടിപതറിയ മഹാവികാസ് അഘാഡി സഖ്യത്തിന് പല സീറ്റുകളിലും നേരിട്ട തിരിച്ചടി ഹൃദയഭേദകമാണ്.

സകോലി നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷൻ വിജയിച്ചത് കേവലം 208 വോട്ടുകള്‍ക്കാണ്. ബിജെപിയുടെ പുതുമുഖ സ്ഥാനാർത്ഥി അവിനാശ് ബ്രഹ്‌മാങ്കർ ആയിരുന്നു എതിരാളി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

96,795 വോട്ടുകളാണ് നാനാ പടോലെ നേടിയത്. ബിജെപിയുടെ അവിനാശ് ആനന്ദ്‌റാവു ബ്രഹ്‌മാങ്കർ 96,587 വോട്ടുകള്‍ നേടി. 2009 ല്‍ ബിജെപി ടിക്കറ്റിലും പിന്നീട് 2019 ല്‍ കോണ്‍ഗ്രസ് ടിക്കറ്റിലും നാനാ പടോല വിജയിച്ച മണ്ഡലമാണിത്. മൂന്നാമൂഴത്തിനാണ് ഇക്കുറി ഇറങ്ങിയത്. കോണ്‍ഗ്രസിലൂടെ രാഷ്‌ട്രീയത്തിലെത്തിയ നാനാ പടോലെ ഇടയ്‌ക്ക് ബിജെപിയിലെത്തിയെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കോണ്‍ഗ്രസിലേക്ക് തിരികെ ചേക്കേറുകയായിരുന്നു.

സ്വന്തം നാട്ടിലാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന് ഈ തിരിച്ചടി നേരിട്ടതെന്നതാണ് പാർട്ടിയെ കൂടുതല്‍ ഞെട്ടിക്കുന്നത്. മണ്ഡലം കുത്തകയാക്കാനുളള നാനാ പടോലെയുടെ നീക്കത്തിനെതിരായ ജനവികാരം ശക്തമായിരുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ 6240 വോട്ടുകള്‍ക്ക് മാത്രമാണ് നാനാ പടോലെ വിജയിച്ചത്. സകോലിയിലെ സുക് ലി ഗ്രാമത്തില്‍ നിന്നുളള കർഷക കുടുംബത്തിലെ അംഗമാണ് നാനാ പടോലെ. സകോലി ഉള്‍പ്പെടുന്ന ബന്ദാര – ഗോന്ദിയ ലോക്‌സഭാ സീറ്റില്‍ എംപിയായും നാനാ പടോലെ വിജയിച്ചിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിക്കും മഹായുതി സഖ്യത്തിനും നേരെ നാനാ പടോലെ നടത്തിയ പല പരാമർശങ്ങളും വിവാദമായിരുന്നു. ബിജെപിയെ പട്ടിയായി ഉപമിച്ചത് വലിയ ജനരോഷത്തിനും കാരണമായി. സകോലിയുടെ യഥാർത്ഥ പുത്രൻ എന്ന് അവകാശപ്പെട്ടുകൊണ്ടാണ് അവിനാശ് ബ്രഹ്‌മാങ്കർ നാനാ പടോലെയെ നേരിട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക