നവീൻ ബാബു മരണത്തില്‍ അറസ്റ്റിലായ പിപി ദിവ്യയെ പ്രത്യേക അന്വേഷണ സംഘം അഞ്ച് മണിക്കൂർ ചോദ്യം ചെയ്തു. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ശേഷം ചിരി വറ്റിയാണ് ദിവ്യ മടങ്ങിയത്.

ആദ്യ ദിനത്തില്‍ മാധ്യമപ്രവർത്തകരെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചുവെങ്കിലും ഇത്തവണ അതു മുണ്ടായില്ല. തലകുനിച്ചാണ് ചോദ്യം ചെയ്യലിനു ശേഷം ക്രൈംബ്രാഞ്ച് ഓഫിസില്‍ നിന്നും പിന്നീട് കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ദിവ്യ മടങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഞ്ചു മണിക്കൂർ ചോദ്യം ചെയ്തതിനു ശേഷമാണ് ദിവ്യയെ കണ്ണൂർ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. വെള്ളിയാഴ്ച്ച വൈകുന്നേരം നാലരയോടെ ദിവ്യയെ ജയിലിലേക്ക് മാറ്റി. പതിവില്‍ നിന്നും വ്യത്യസ്തമായി ചുരിദാർ അണിഞ്ഞാണ് ദിവ്യ ചോദ്യം ചെയ്യലിന് ജയിലില്‍ നിന്നും എത്തിയത്.

കണ്ണൂർ പള്ളിക്കുന്നിലെ വനിതാ ജയിലിലെ റിമാൻഡ് തടവുകാരിയാണ് ദിവ്യ. പൊലിസ് ഹർജി നല്‍കിയതു പ്രകാരമാണ് പി പി ദിവ്യയെ ഒരു ദിവസത്തേക്ക് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടു നല്‍കിയത്. വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയായിരുന്നു സമയമെങ്കിലും നാലു മണിയോടെ കോടതിയില്‍ ഹാജരാക്കി.

കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസില്‍ നിന്നും കണ്ണൂർ അസി. പൊലിസ് കമ്മിഷണർ ടി കെ രത്നമകുമാറിൻ്റെ നേതൃത്വത്തിലാണ് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തത്. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ആവർത്തിക്കുകയാണ് പി പി ദിവ്യ ചെയ്തതെന്നാണ് വിവരം. താൻ യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്തത് കലക്ടർ അരുണ്‍ കെ വിജയൻ ക്ഷണിച്ചിട്ടാണെന്നും എഡിഎമ്മിനെ വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും ദിവ്യ പറഞ്ഞു. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന മുഖ്യമന്ത്രിയുടെ വാചകം സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയില്‍ ഓർമ്മിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്ന് പി പി ദിവ്യ പറഞ്ഞു. എന്നാല്‍ എഡിഎം ജീവനൊടുക്കുമെന്ന് കരുതിയില്ല. അത്തരമൊരു സാഹചര്യം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും ദിവ്യ പറഞ്ഞു.

ഇതിനിടെ കണ്ണൂർ നവീന്‍ ബാബുവിന്‍റെ മരണത്തില്‍ അറസ്റ്റിലായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാന്‍ മാറ്റി. നവംബർ അഞ്ചിന് കോടതി വാദം കേള്‍ക്കും. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. നവീന്‍ ബാബുവിന്‍റെ കുടുംബം ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക