ഇന്ത്യയെ എതിരാളിയായി പ്രഖ്യാപിച്ച് കാനഡയുടെ ഔദ്യോഗിക രേഖ. പുതിയ സുരക്ഷാ റിപ്പോർട്ടില്‍ ഇന്ത്യയെ ‘സൈബർ എതിരാളി’ എന്നാണ് കാനഡ മുദ്രകുത്തിയിരിക്കുന്നത്.
കനേഡിയൻ സെൻ്റർ ഫോർ സൈബർ സെക്യൂരിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ നാഷണല്‍ സൈബർ ത്രെറ്റ് അസസ്‌മെൻ്റ് 2025-2026ലാണ് ഈ വിശേഷണമുള്ളത്. ചൈന, റഷ്യ, ഇറാൻ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളെയും ഈ ഗണത്തില്‍ പെടുത്തിയിട്ടുണ്ട്.
-->
ഇന്ത്യ സ്പോണ്‍സർ ചെയ്യുന്ന ഗൂഢസംഘങ്ങള്‍ തങ്ങളുടെ സർക്കാർ വെബ്സൈറ്റുകള്‍ക്ക് നേരെ സൈബർ ആക്രമണങ്ങള്‍ നടത്തിയേക്കാമെന്ന് വിലയിരുത്തുന്നതായിട്ടാണ് സുരക്ഷാ റിപ്പോർട്ടില്‍ പരാമർശിക്കുന്നത്. എന്നാല്‍ ഇതിനെപ്പറ്റി ഇന്ത്യ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
നൂതന സൈബർ സാങ്കേതിക വിദ്യയിലൂടെ കാനഡയെ നിരീക്ഷിക്കുന്നുവെന്ന് കനേഡിൻ ഇന്റലിജൻസ് ഏജൻസിയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇന്ത്യ സൈബർ ആക്രമണം നടത്തുന്നുവെന്ന ആരോപണം ഗൗരവതരമാണെന്ന് ചൂണ്ടിക്കാണിച്ച് അമേരിക്കയും രംഗത്തുവന്നിട്ടുണ്ട്.
കാനഡയില്‍ സിഖ് വിഭാഗക്കാർക്കെതിരെയുള്ള അതിക്രമത്തിനും അവരെ നിരീക്ഷിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രി ഷായാണ് അനുമതി നല്‍കിയതെന്ന ആരോപണം കഴിഞ്ഞ ദിവസം കാനഡ സർക്കാർ ആവർത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോഗിക രേഖകളില്‍ ഇന്ത്യയെ ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നത്. 2023 ല്‍ കൊല്ലപ്പെട്ട സിഖ് വിഘടനവാദി ഹർദ്ദീപ് സിംഗ് നിജ്ജര്‍ കൊലപാതകത്തില്‍ അമിത് ഷാക്ക് പങ്കുണ്ടെന്ന കടുത്ത ആരോപണവും കാനഡ ഉന്നയിച്ചിരുന്നു.
നിജ്ജർ വധവുമായി ബന്ധപ്പെട്ടാണ് ഇന്ത്യ – കാനഡ ബന്ധം വഷളാകുന്നത്. വധത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെൻ്റില്‍ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. കാനഡയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കുകയും കനേഡിയൻ ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്നും തിരിച്ചയക്കുകയും ചെയ്തിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക