കേരളപ്പിറവി ദിനത്തില്‍ ‘ചന്ദ്രിക’ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മുൻ മുഖ്യമന്ത്രിമാരുടെ പട്ടിക തിരുവനന്തപുരത്തെത്തിയപ്പോള്‍ കടുംവെട്ട് കിട്ടിയവരില്‍ സി.എച്ച് മുഹമ്മദ് കോയയും.
പത്രത്തിലെ ‘പാഠമുദ്ര’ സ്‌പെഷല്‍ പതിപ്പിലാണു വിദ്യാർഥികള്‍ക്ക് പഠനസഹായമായി മുൻ മുഖ്യമന്ത്രിമാരുടെ പട്ടിക നല്‍കിയത്. ഇക്കൂട്ടത്തിലാണ് സംസ്ഥാന സർക്കാരിന്റെ പരസ്യത്തിനു വേണ്ടി പാർട്ടി നേതാവിനെ ലീഗ് മുഖപത്രം ഒഴിവാക്കിയത്.
കോഴിക്കോട്, കണ്ണൂർ എഡിഷനുകളില്‍ സി.എച്ച് മുഹമ്മദ് കോയയുടേതടക്കം കേരളത്തിന്റെ 12 മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങളും വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍, തിരുവനന്തപുരം എഡിഷനില്‍ ഇതില്‍ മാറ്റമുണ്ട്. നാല് മുഖ്യമന്ത്രിമാർ ഒഴിവാക്കപ്പെട്ടു. പകരം വന്നതാവട്ടെ, സംസ്ഥാന സർക്കാരിന്റെ ‘മാലിന്യമുക്തം നവകേരളം’ കാംപയിനിന്റെ പരസ്യവും. പരസ്യം ലഭിച്ചപ്പോള്‍ ഒഴിവാക്കപ്പെട്ട മുൻ മുഖ്യമന്ത്രിമാരില്‍ ഇ.കെ നായനാർ, വി.എസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി എന്നിവർക്കൊപ്പം മുസ്‌ലിം ലീഗിന്റെ സമുന്നതനായ നേതാവ് കൂടിയായ സി.എച്ച് മുഹമ്മദ് കോയയും!
മുസ്‌ലിം ലീഗിന്റെ വളർച്ചയില്‍ നിർണായക പങ്കുവഹിച്ച നേതാവ് കൂടിയാണ് സി.എച്ച്. നിയമസഭാ സ്പീക്കറും മുഖ്യമന്ത്രിയുമായ ഏക വ്യക്തിയുമാണ്. രണ്ടു തവണ ഉപമുഖ്യമന്ത്രിയും ആറു തവണ വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു. ലീഗിന്റെ ചരിത്രത്തില്‍ മുഖ്യമന്ത്രി പദവി അലങ്കരിച്ച ഏക നേതാവിനെയാണ് പാർട്ടിപത്രം തന്നെ ‘തിരസ്‌കരിച്ചിരിക്കുന്നത്’. ദീർഘകാലം ‘ചന്ദ്രിക’ ദിനപത്രത്തിന്റെയും ആഴ്ചപതിപ്പിന്റെയും പത്രാധിപർ കൂടിയായിരുന്നു സി.എച്ച് എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം.
ഇത്തരമൊരു നേതാവിനാണ് ഇപ്പോള്‍ ‘ചന്ദ്രിക’യുടെ തന്നെ കടുംവെട്ട്. പത്രത്തിന്‍റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ വിമർശനം ഉയരുന്നുണ്ട്.





