ഇനിമുതൽ പുതിയ രൂപവും ഭാവവും; യുപിഐ ഇടപാടുകളിൽ ഇന്നുമുതൽ വ്യാപക മാറ്റങ്ങൾ: വിശദമായി വായിക്കാം.
ലോക രാഷ്ട്രങ്ങള്‍ക്ക് മുൻപില്‍ ഇന്ത്യൻ സാങ്കേതിക വളർച്ചയുടെ പ്രതീകമായി വളർന്ന ഡിജിറ്റല്‍ പേയ്മെൻ്റ് സംവിധാനമാണ് യു പി ഐ.
2016ല്‍ നാഷണല്‍ പേയ്‌മെൻ്റ് കോർപ്പറേഷനാണ് യു പി ഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. അതേ വർഷം ഓഗസ്റ്റ് 25ന് യു പി ഐ ആപ്പുകള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമായി തുടങ്ങി. നിലവില്‍ ഗൂഗിള്‍, പേ ടിഎം, ഫോണ്‍ പേ, ആമസോണ്‍ തുടങ്ങിയ നിരവധി കമ്ബനികള്‍ യു പി ഐ ഉപഭോക്താക്കളിലേക്കെത്തിക്കുന്നുണ്ട്. ഇതേ സാങ്കേതിക വിദ്യ മാറ്റങ്ങള്‍ വരുത്തി മറ്റു പല രാജ്യങ്ങള്‍ക്കും ഇന്ത്യ നല്‍കിയിട്ടുമുണ്ട്. പ്രതിദിനം കോടിക്കണക്കിനു രൂപയുടെ ഇടപാടുകള്‍ യു പി ഐ വഴി രാജ്യത്തു നടക്കുന്നുണ്ട്. ലോകത്തിനു ഇന്ത്യ സംഭാവന ചെയ്ത നൂതനമായ പുത്തൻ പണമിടപാട് സംസ്കാരമായി യു പി ഐ ഇതിനോടകം മാറിക്കഴിഞ്ഞു.
2016 മുതല്‍ 2024 വരെയുള്ള 8 വർഷക്കാലയളവില്‍ നിരവധി മാറ്റങ്ങളിലൂടെ യു പി ഐ ആപ്പുകള്‍ കടന്നു പോയി. ഫോണില്‍ സേവ് ചെയ്തിട്ടുള്ളതോ ആപ്പില്‍ എൻ്റർ ചെയ്യുന്നതോ ആയ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണ്‍ നമ്ബറുകള്‍ വഴി മാത്രമായിരുന്നു ആദ്യ കാലത്ത് പണമയക്കാനായിരുന്നത്. എന്നാല്‍ ഇന്ന് കൂടുതലും ക്യു ആർ കോഡുകള്‍ വഴി കുറച്ചു സമയം കൊണ്ടു തന്നെ പണമയക്കാം. ഇതുവഴി അപരിചിതരുമായി ഫോണ്‍ നമ്ബർ പങ്കിടുന്നതിലെ ആശങ്കയും ഒഴിവായി. ആപ്പിൻ്റെ വേഗതയും കൃത്യതയും ആദ്യ കാലത്തേതിനേക്കാള്‍ പല മടങ്ങു വർധിച്ചു. ഇത് സെക്കൻ്റുകള്‍ക്കുള്ളില്‍ പേയ്മെൻ്റ് പൂർത്തീകരിക്കാൻ സഹായിക്കുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ മൂലം പേയ്മെൻ്റ് പൂർത്തീകരിക്കാനാകാത്ത സാഹചര്യവും ഇന്ന് അപൂർവ്വമായി മാത്രമാണ് ഉപഭോക്താക്കള്‍ അനുഭവിക്കുന്നത്. കൂടുതല്‍ മെച്ചപ്പെട്ട, സമയ ലാഭവും കൃത്യതയും ഉറപ്പാക്കുന്ന മാറ്റങ്ങള്‍ക്കാണ് നാഷണല്‍ പേയ്മെൻ്റ് കോർപ്പറേഷൻ മുൻഗണന നല്‍കുന്നത്.
ഓട്ടോമാറ്റിക് ടോപ്പ് അപ്പ് ഫീച്ചർ
പുതിയ കാലത്തിൻ്റെ വേഗതയ്ക്കൊപ്പം സഞ്ചരിക്കാൻ വീണ്ടും മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് യു പി ഐ സംവിധാനം. ഉപഭോക്താവ് ക്രമീകരിക്കുന്ന ഒരു നിശ്ചിത തുകയേക്കാള്‍ യു പി ഐ ലൈറ്റിലെ ബാലൻസ് താഴ്ന്നാല്‍ ഓട്ടോമാറ്റിക്കായി പണം റീലോഡ് ചെയ്യുന്ന രീതി ഇന്നു മുതല്‍ നിലവില്‍ വരും. നാഷണല്‍ പേയ്മെൻ്റ് കോർപ്പറേഷൻ തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. പണം ഓട്ടോമാറ്റിക്കായി റീലോഡ് ചെയ്യപ്പെടുന്നത്തിലൂടെ യു പി ഐ സേവനം കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്നാണ് നാഷണല്‍ പേയ്മെൻ്റ് കോർപ്പറേഷൻ ഉറപ്പു നല്‍കുന്നത്. പി എസ് പി ആപ്പ് വഴി ഓട്ടോമാറ്റിക് റീലോഡിങ് അനുമതി ഏത് സമയത്ത് വേണമെങ്കിലും പിൻവലിക്കാനും ഉപഭോക്താക്കള്‍ക്ക് കഴിയും.ഇത്തരത്തില്‍ അനുമതി റദ്ദാക്കുന്നതിലൂടെ യു പി ഐ ലൈറ്റില്‍ നിക്ഷേപിച്ചിട്ടുള്ള തുക ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ എത്തും. അതിനാല്‍ തന്നെ പണം നഷ്ടമാകുമെന്ന ആശങ്കയും ഉപഭോക്താക്കള്‍ക്ക് ഒഴിവാക്കാം.
പിൻ ഫ്രീ പേയ്മെന്റ്
യു പി ഐ ലൈറ്റ് വേഗതയേറിയ പണമിടപാട് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഒരു പുത്തൻ മാറ്റം കൂടി നടപ്പാക്കുകയാണ്. ഇന്നു മുതല്‍ 500 രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ പിൻ നമ്ബർ ഉപയോഗിക്കാതെ തന്നെ നടത്താം. എത്ര ചെറിയ തുകയാണെങ്കിലും പിൻ നമ്ബർ ഉപയോഗിച്ചു മാത്രമായിരുന്നു ഇതുവരെ പണമയക്കാൻ സാധിച്ചിരുന്നത് എന്നാല്‍ ഈ പുതിയ മാറ്റത്തിലൂടെ കൂടുതല്‍ സുഗമമായി പണമിടപാട് പൂർത്തിയാക്കാൻ സാധിക്കും. പിൻ ആവശ്യമില്ലാത്ത ഇല്ലാത്ത ഇടപാടുകളുടെ പരിധി 500 രൂപയില്‍ നിന്ന് 2000 ആക്കി വർധിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് കഴിയും. ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ യു പി ഐ ഉപയോഗിച്ചു പണം അയക്കാൻ ആവിശ്യമായിരുന്ന സമയം ഈ മാറ്റത്തിലൂടെ നല്ല രീതിയില്‍ കുറയ്ക്കാൻ കഴിയും. ഈ പുതിയ രണ്ട് മാറ്റങ്ങള്‍ യു പി ഐ സംവിധാനത്തെ മെച്ചപ്പെടുത്തുമെന്നും കൂടുതല്‍ ജനകീയമാക്കുമെന്നുമാണ് നാഷണല്‍ പേയ്മെൻ്റ് കോർപ്പറേഷൻ പ്രതീക്ഷിക്കുന്നത്.