മൂന്ന് നിയമസഭാമണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തുടനീളം ചർച്ച ചന്നപട്ടണയാണ്.
ഭരണസിരാകേന്ദ്രമായ ബംഗളുരുവില്‍ നിന്ന് അറുപത് കിലോമീറ്റർ മാത്രം അകലെയുള്ള ഈ മണ്ഡലത്തില്‍ മുമ്ബൊരിക്കലും ഇത്രയേറെ വാശിയും ആവേശവും ആകാംക്ഷയും ഉണ്ടായിട്ടില്ല. ചന്നപട്ടണയില്‍ ആരു ജയിക്കുമെന്നാണ് ബംഗളുരുവിലും മറ്റും കണ്ടുമുട്ടുന്നവർ പരസ്പരം ചോദിക്കുന്നത്. ഉപമുഖ്യമന്ത്രിയും പി സിസി അധ്യക്ഷനുമായ ഡി കെ ശിവകുമാറോ ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമായ കുമാരസ്വാമിയോ ചന്നപട്ടണയില്‍ സ്ഥാനാർത്ഥികളല്ല. എന്നാല്‍ അവിടെ ജയിക്കേണ്ടത് ഇരുനേതാക്കള്‍ക്കും അഭിമാനപ്രശ്നമാണ്.
അതിനായി കരുത്തരായ രണ്ടു നേതാക്കളും സർവ്വ സന്നാ ഹവുമുപയോഗിച്ച് പരസ്പരം പോരാടുമ്ബോള്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഹൈവോള്‍ട്ടേജ് മണ്ഡലമായി ചന്നപട്ടണ മാറുന്നു. വൊക്കലിഗ സമുദായത്തില്‍ പെട്ടവർക്ക് നിർണ്ണായകസ്വാധീനമുള്ള രാമനഗര ജില്ലയിലെ നാലുമണ്ഡലങ്ങളില്‍ ഒന്നാണ് ചന്നപട്ടണ. മരക്കളിക്കോപ്പുകള്‍ക്ക് പേരുകേട്ട നാട്. ഹാസൻ പോലെ രാമനഗരയും മുൻപ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ സ്വാധീനമേഖലയായിരുന്നു.
രാമനഗറില്‍ നിന്ന് ജയിച്ചാണ് 1994 ല്‍ ദേവഗൗഡ മുഖ്യമന്ത്രിയായത്. 2006 ല്‍ കുമാരസ്വാമി മുഖ്യമന്ത്രിയായപ്പോഴും ഈ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. മുഖ്യമന്ത്രിയായിരിക്കെ 2007 ല്‍ കുമാരസ്വാമിയാണ് ബംഗളുരു റൂറല്‍ ജില്ല വിഭജിച്ച് രാമനഗര ജില്ല രൂപീകരിച്ചത്. ബംഗളുരു റൂറല്‍ ലോകസഭാ മണ്ഡലത്തിന്റെ പരിധിയിലാണ് രാമനഗരജില്ലയിലെ നാല് നിയമസഭാമണ്ഡലങ്ങളും ഉള്‍പ്പെടുന്നത്.
2009 ല്‍ കുമാരസ്വാമി വിജയിച്ചിട്ടുണ്ടെങ്കിലും 2013 ലെ ഉപതെരഞ്ഞെടുപ്പിലും പിന്നീട് 2014ലും 2019 ലും ബംഗളുരു റൂറല്‍ മണ്ഡലത്തെ ലോകസഭയില്‍ പ്രതിനിധീകരിച്ചത് ഡി കെ ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷാണ്. ശിവകുമാറിന്റെ മണ്ഡലമായ കനകപുര ബംഗളുരു റൂറല്‍ ലോകസഭാമണ്ഡലത്തിന്റെ പരിധിയിലാണ്. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചന്നപട്ടണ ഒഴികെ രാമനഗര ജില്ലയിലെ മൂന്നു മണ്ഡലങ്ങളും ഡി കെ സഹോദരന്മാരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് പിടിച്ചു. എന്നാല്‍ കുമാരസ്വാമി മത്സരിച്ച ചന്നപട്ടണയില്‍ കടന്നുകയറാൻ സാധിച്ചില്ലെന്ന് മാത്രമല്ല കേവലം പതിനഞ്ചായിരം വോട്ടുകളോടെ കോണ്‍ഗ്രസ്സ് സ്ഥാനാർത്ഥി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു.
ഇക്കൊല്ലം മേയില്‍ നടന്ന ലോകസഭാതെരഞ്ഞെടുപ്പില്‍ ബംഗളുരു റൂറലില്‍ ജെഡിഎസ്സ്-ബിജെപി സഖ്യം രണ്ടര ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ഡി കെ സുരേഷിനെ മലർത്തിയടിച്ചത് കനത്ത ആഘാതമാണ് ഡി കെ ശിവകുമാറിന് ഏല്‍പ്പിച്ചത്. ആ തോല്‍വിയ്ക്ക് ചന്നപട്ടണയില്‍ പകരംവീട്ടുമെന്ന് ശപഥം ചെയ്ത് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. ഡി കെ സുരേഷ് സ്ഥാനാർത്ഥിയാകുമെന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നതെങ്കിലും കഴിഞ്ഞ തവണ കുമാരസ്വാമിയുടെ തൊട്ടടുത്തെത്തിയിരുന്ന ബിജെപി നേതാവ് സി പി യോഗേശ്വറിനെ അടർത്തിയെടുത്ത് കോണ്‍ഗ്രസ്സ് സ്ഥാനാർത്ഥിയാക്കി കുമാരസ്വാമിയെയും ബിജെപിയെയും ഡി കെ ഞെട്ടിച്ചു. കുമാരസ്വാമി എത്തും മുമ്ബ് ചന്നപട്ടണയില്‍നിന്ന് മൂന്നു തവണ എംഎല്‍എ ആയിട്ടുള്ള കരുത്തനായ യോഗേശ്വർ ഒരു ടേമില്‍ മന്ത്രിയുമായിരുന്നു.
സിനിമാതാരം കൂടിയായ ഇദ്ദേഹത്തിന് മണ്ഡലത്തില്‍ വ്യക്തിപരമായി വിപുലമായ സ്വാധീനമുണ്ട്. യുവനേതാവും സിനിമാതാരവുമായ മകൻ നിഖില്‍ഗൗഡയെ ബിജെപിയുടെ ആശീർവാദത്തോടെ എൻ ഡി എ സ്ഥാനാർത്ഥിയായി ഗോദയിലിറക്കിക്കൊണ്ടാണ് യോഗേശ്വറിനെ കുമാരസ്വാമി നേരിടുന്നത്. ചന്നപട്ടണയില്‍ തീപാറുന്നതും അതിനാലാണ്. നിഖിലും യോഗേശ്വറും വൊക്കലിഗരാണ്, സിനിമാതാരങ്ങളുമാണ്.
മണ്ഡലത്തിലെ 2.32 ലക്ഷം വോട്ടർമാരില്‍ 45 ശതമാനം വൊക്കലിഗരാണ്. മുസ്ലിം- 12%, എസ് സി – 18%, ഒ ബി സി – 16%, ലിങ്കായത്ത്-3% എന്നിങ്ങനെയാണ് മറ്റുവിഭാഗങ്ങളുടെ കണക്ക്. പത്ത് മന്ത്രിമാരെ മണ്ഡലത്തില്‍ നിയോഗിച്ചുകൊണ്ടാണ് ഡി കെ പൊരുതുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൂർണ്ണ പിൻബലമുണ്ട്.
ഡി കെ സുരേഷാണ് പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. എതിർപക്ഷത്ത് ജെഡിഎസ്സിന്റെയും ബിജെപിയുടെയും പ്രമുഖ നേതാക്കള്‍ നിഖിലിന് വേണ്ടി അണിനിരക്കുന്നു. മുൻമന്ത്രിയും വൊക്കലിഗ നേതാവുമായ അശ്വത് നാരായണനെയാണ് ബിജെപി മണ്ഡലത്തിന്റെ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. മുൻമുഖ്യമന്ത്രി യദിയൂരപ്പ മൂന്ന് ദിവസം പ്രചാരണത്തിനെത്തും.
നിഖിലിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതുതന്നെ അദ്ദേഹമാണ്. ഓരോ കല്ലും മറിച്ചിട്ടുകൊണ്ടാണ് ഇരുപക്ഷവും നീങ്ങുന്നത്. ചന്നപട്ടണയില്‍ നടക്കുന്നത് അക്ഷരാർത്ഥത്തില്‍ തീപ്പാറുന്ന പോരാട്ടമാണ്. വൊക്കലിഗ കോട്ട ജീവൻ കൊടുത്തും സംരക്ഷിക്കാൻ കുമാരസ്വാമി ശ്രമിക്കുമ്ബോള്‍ എന്തുവിലകൊടുത്തും പിടിച്ചടക്കും എന്ന വാശിയിലാണ് ഡി കെയുടെ മുന്നേറ്റം. വിജയം ആരുടേതാകും എന്ന പ്രവചനം അസാധ്യമായ സാഹചര്യമാണ് ചന്നപട്ടണയില്‍ നിലവിലുള്ളത്.

















