എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുൻകൂർ ജാമ്യപേക്ഷ നല്‍കി കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യ.

നവീൻ ബാബുവിന്‍റെ യാത്രയയ്പ്പ് ചടങ്ങിലേക്ക് ജില്ലാ കളക്ടറാണ് തന്നെ ക്ഷണിച്ചതെന്ന് ദിവ്യ ജാമ്യ ഹർജിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ് ജാമ്യപേക്ഷ നല്‍കിയത്. ജില്ലാ കളക്ടർ അരുണ്‍ കെ. വിജയനും താനും മറ്റൊരുപരിപാടിയില്‍ പങ്കെടുത്തപ്പോള്‍ നവീൻ ബാബുവിന്‍റെ യാത്രയയ്പ്പ് ഉണ്ടെന്ന് ജില്ലാ കളക്ടറാണ് തന്നെ അറിയിച്ചത്. ഇതേതുടർന്നാണ് ഈ പരിപാടിയിലേക്ക് എത്തിയതെന്നും ദിവ്യ ഹർജിയില്‍ പറയുന്നു.

തന്‍റെ സംസാരം സദുദ്ദേശപരമായിരുന്നു. പ്രസംഗിച്ചത് ആത്മഹത്യയിലേക്ക് തള്ളിവിടാൻ ഉദ്ദേശിച്ചല്ല. ഫയലുകള്‍വച്ചു താമസിപ്പിക്കുന്നുവെന്ന പരാതി നേരത്തെയും നവീനെതിരെ ഉണ്ടായിരുന്നു. പ്രശാന്തൻ മാത്രമല്ല ഗംഗാധരൻ എന്നയാളും തന്നോട് പരാതി പറഞ്ഞിരുന്നു. ഫയല്‍ നീക്കം വേഗത്തില്‍ വേണമെന്ന് ചൂണ്ടികാട്ടുകയായിരുന്നു.

അന്വേഷണത്തില്‍നിന്ന് താൻ ഒളിച്ചോടില്ലെന്നും മുൻകൂർ ജാമ്യം വേണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടു. ഗുരുതരാവസ്ഥയിലുള്ള അച്ഛൻ അടക്കം വീട്ടിലുണ്ടെന്നും ഇത്തരം സാഹചര്യങ്ങളും പരിശോധിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു.

നവീൻ ബാബുവിന്‍റെ യാത്രയയപ്പ് യോഗത്തിലെ പ്രസംഗവും ദിവ്യ കോടതിയല്‍ ഹാജരാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക