സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണവില കുതിക്കുന്നു. 57,000 കടന്നും കുതിക്കുന്ന സ്വര്‍ണവില ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്.

57,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 7160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57,000 കടന്നത്. ഒക്ടോബർ മാസത്തിൻ്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. എന്നാല്‍ ഒക്ടോബർ നാലിന് ഇത് 56,960 രൂപയായി ഉയർന്ന് അതുവരെയുള്ള ഏറ്റവും ഉയർന്ന വിലയെന്ന റെക്കോർഡ് രേഖപ്പെടുത്തിയിരുന്നു. ഈ റെക്കോർഡാണ് ഇന്ന് പഴങ്കഥയായത്. ഇതിന് ശേഷം സ്വർണവില 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ സ്വർണവില കുതിച്ചുയർന്നിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച്‌ സൊല്യൂഷന്‍ വിലയിരുത്തുന്നത്.

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക