സ്വർണവില ഈ വർഷം പവന് കുറഞ്ഞിരിക്കുന്നത് 24,360 രൂപയാണ്. ഏതാനും ദിവസങ്ങളായി വില താഴേക്ക് തന്നെ പോയിക്കൊണ്ടിരിക്കുന്നു.രണ്ട് ദിവസം കൊണ്ട് മാത്രം പവന് കുറഞ്ഞിരിക്കുന്നത് 5520 രൂപയാണ്. സ്വർണം വാങ്ങാനുളളവർക്ക് സന്തോഷമുളള കാര്യമാണെങ്കിലും വില്‍ക്കാനുളളവർ മടിച്ച് നില്‍ക്കുകയാണെന്ന് സ്വർണവ്യാപാരിയായ അരുണ്‍ മാർക്കോസ് പറയുന്നു.
മാത്രമല്ല, സ്വർണവില ഇടിയുന്നത് ചെറുകിടക്കാരായ ജ്വല്ലറികളെ കടക്കെണിയിലേക്ക് തള്ളി വിടുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും സീ മലയാളത്തോട് അരുണ്‍ മാർക്കോസ് വ്യക്തമാക്കുന്നു.
അരുണ്‍ മാർക്കോസിന്റെ വാക്കുകള്‍: ”സ്വര്‍ണവില കുറയുന്നത് വ്യാപാരികളെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. വില കൂടുന്ന ട്രെന്‍ഡ് കാണിച്ചപ്പോള്‍ ജ്വല്ലറിക്കാര്‍ സ്വര്‍ണം സ്‌റ്റോക്ക് ചെയ്ത് വെച്ചിരുന്നു. എന്നാല്‍ ഈ വിലയിടിവ് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. വില ഇടിവ് തുടരാനുളള സാധ്യതയാണ് കാണുന്നത്.
യുദ്ധത്തിന്റെ സാധ്യതകള്‍ നിലനില്‍ക്കുന്നതാണ് സ്വര്‍ണവിലയില്‍ ഇടിവ് സംഭവിക്കാനുളള കാരണം. യുദ്ധം അവസാനിക്കാതെ സ്വര്‍ണവിലയില്‍ ഇനിയൊരു വര്‍ധനവ് ഉണ്ടാകാനുളള സാധ്യത കാണുന്നില്ല. സ്വര്‍ണം വാങ്ങുന്നവരെ സംബന്ധിച്ച് അതിന് പറ്റിയ സമയമാണ്.
കഴിഞ്ഞ നാളുകളെ അപേക്ഷിച്ച് വലിയ വിലക്കുറവാണ് ഇപ്പോഴുളളത്. അത് പരമാവധി പ്രയോജനപ്പെടുത്തി വാങ്ങാനുളള സുവര്‍ണാവസരമാണിത്. സ്വര്‍ണം വാങ്ങാനായി വരുന്നതിനേക്കാള്‍ സ്വര്‍ണം വില്‍ക്കാനായി ആളുകള്‍ വരുന്ന ഒരു ട്രെന്‍ഡ് കുറച്ച് നാളുകളായി കണ്ട് വരുന്നുണ്ട്. വന്‍കിട ജ്വല്ലറികള്‍ സ്വര്‍ണം വാങ്ങാന്‍ മടിച്ചിരുന്നു. ചെറുകിടക്കാരാണ് സ്വര്‍ണം വാങ്ങാന്‍ മുന്നിട്ട് നിന്നിരുന്നത്.
എന്നാല്‍ ഏതാനും മാസങ്ങളായി വന്‍കിട ജ്വല്ലറി ഗ്രൂപ്പുകളൊക്കെ സ്വര്‍ണം വാങ്ങുമെന്ന് പരസ്യം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. അതിലുളള പ്രശ്‌നം, ചെറുകിടക്കാരായ ജ്വല്ലറികളെ പിടിച്ച് നിന്നിരുന്നത് ആളുകള്‍ വില്‍ക്കാന്‍ വരുന്ന സ്വര്‍ണം വാങ്ങി മറിച്ച് വിറ്റിട്ടായിരുന്നു. വന്‍കിടക്കാര്‍ ഇതിലേക്ക് എത്തിയതോടെ ചെറുകിടക്കാര്‍ക്ക് ലഭിക്കുന്ന സ്വര്‍ണം കുറഞ്ഞു.
രണ്ട് ദിവസം കൊണ്ട് വലിയ വിലയിടിവ് വന്നതോടെ സ്വര്‍ണം വാങ്ങി വെച്ചിരുന്ന ആളുകള്‍ വലിയ നഷ്ടത്തിന്റെ കയത്തിലേക്ക് കൂപ്പ് കുത്തിയിരിക്കുകയാണ്. ഒന്നാമത് ബിസിനസ്സൊക്കെ കരകയറി വന്ന് കൊണ്ടിരുന്ന ചെറുകിട ജ്വല്ലറികളെ വലിയ കടക്കെണിയിലേക്ക് തള്ളി വിടുന്ന അവസ്ഥയിലേക്കാണ് ഓരോ ദിവസത്തേയും വിലക്കുറവ്.
അടിക്കടി വില കുറയുമ്പോള്‍ സ്വര്‍ണം വില്‍ക്കണം എന്ന് ആഗ്രഹിച്ചിരിക്കുന്നവരും ജ്വല്ലറികളിലേക്ക് വരാന്‍ മടിക്കുന്നു. വീണ്ടും വില കുറയുമ്പോള്‍ വില്‍ക്കാം എന്ന് അവര്‍ കരുതുന്നു. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് പറ്റിയ അവസരമാണ്. അവര്‍ക്ക് സാമ്പത്തിക ഞെരുക്കമുണ്ട്. ആളുകളുടെ പര്‍ച്ചേസിംഗ് പവര്‍ കുറഞ്ഞു. പ്രതിസന്ധി ആളുകള്‍ പരിഹരിച്ച് കൊണ്ടിരുന്നത് കയ്യിലെ സ്വര്‍ണം വിറ്റിട്ടായിരുന്നു. പക്ഷേ വില കുറയുന്നത് കൊണ്ട് വില്‍ക്കാന്‍ അവര്‍ മടിക്കുന്നു. യുദ്ധം കഴിയുമ്പോള്‍ വില കൂടുമെന്ന് കരുതി ആളുകള്‍ കാത്തിരിക്കുന്ന സ്ഥിതിയുണ്ട്. വിലസ്ഥിരതയുമായി ബന്ധപ്പെട്ട് സര്‍ക്കാരുകള്‍ ജനോപകാരപ്രദമായ സ്‌കീമുകള്‍ കൊണ്ട് വരേണ്ടതുണ്ട്”.











