ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ സൈനികനെ കൊലപ്പെടുത്തി. ചൊവ്വാഴ്ച ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ സൈനികരില്‍ ഒരാളുടെ മൃതദേഹമാണ് മണിക്കൂറുകള്‍ക്ക് ശേഷം വെടിയേറ്റ നിലയില്‍ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. അനന്ത്നാഗ് സ്വദേശി കൂടിയായ ഹിലാല്‍ അഹമ്മദ് ഭട്ട് ആണ് വീരമൃത്യു വരിച്ചത്.
കൊക്കർനാഗിലെ വനമേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ടെറിറ്റോറിയല്‍ ആർമിയിലെ രണ്ട് സൈനികരെയാണ് വോട്ടെണ്ണല്‍ ദിനമായ ചൊവ്വാഴ്ച തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ടെറിട്ടോറിയല്‍ ആർമിയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിടെയാണ് 161 യൂണിറ്റിലെ രണ്ട് സൈനികരെ അനന്ത്നാഗിലെ വനമേഖലയില്‍ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയത്. സൈനികരില്‍ ഒരാള്‍ തന്ത്രപൂർവം രക്ഷപ്പെട്ടു.
സുരക്ഷാസേന സൈനികർക്കായി തിരിച്ചില്‍ തുടങ്ങിയിരുന്നു.ഇതിനിടെയാണ് രണ്ടാമത്തെ സൈനികനെ വനമേഖലയില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ വെടിയുണ്ടകളേറ്റതിന്റെയും കുത്തേറ്റതിന്റെയും മുറിവുകളുണ്ടെന്നാണ് റിപ്പോർട്ടുകള്‍. രക്ഷപെടുന്നതിനിടയില്‍ പരിക്കേറ്റ സൈനികനെ ആവശ്യമായ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.

















