ലെബനൻ പേജർ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം നോർവീജിയൻ പൗരത്വമുള്ള മലയാളിയായ റിൻസണ്‍ ജോണിൻ്റെ ഉടമസ്ഥതയിലുള്ള കമ്ബനിയിലേക്ക് തിരിയുന്നു. പേജറുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടുകളില്‍ ഇയാളുടെ കമ്ബനിക്ക് പങ്കുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ സ്ഫോടനവുമായി റിൻസണ്‍ ജോണിന് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.
പേജറുകളില്‍ ഉപയോഗിച്ച സ്ഫോടകവസ്തുക്കളുടെ ഉത്ഭവം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ആണ് ഹിസ്ബുളള പേജറുകള്‍ വാങ്ങിയതിലെ സാമ്ബത്തിക ഇടപാട് വിവരങ്ങള്‍ പുറത്ത് വരുന്നത്. തായ്വാൻ കമ്ബനിയുടെ പേരിലുളള പേജറുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലബനനില്‍ പൊട്ടിത്തെറിച്ചത്. എന്നാല്‍ തങ്ങള്‍ പേജറുകള്‍ നിർമ്മിച്ചിട്ടില്ലെന്നും കമ്ബനി ലോഗോ ഉപയോഗിക്കാനുളള അവകാശം ഒരു ഹംഗേറിയൻ കമ്ബനിക്ക് നല്‍കിയെന്നുമാണ് തായ്വാൻ കമ്ബനി വിശദീകരിച്ചത്.
ഇതനുസരിച്ച് ഹംഗേറിയൻ കമ്ബനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി. തങ്ങള്‍ പേജറുകള്‍ നിർമ്മിച്ചിട്ടില്ലെന്നും നോർവീജിയൻ കമ്ബനിക്ക് ഉപ കരാർ നല്‍കിയിരുന്നുവെന്നുമാണ് ഹംഗേറിയൻ കമ്ബനി മറുപടി നല്‍കിയത്. അങ്ങനെയാണ് അന്വേഷണം നോർവയിലേക്കും അവിടെ നിന്നും ബള്‍ഗേറിയൻ കമ്ബനിയിലേക്കും മലയാളിയിലേക്കും എത്തിയത്.
ബള്‍ഗേറിയയില്‍ രജിസ്റ്റർ ചെയ്ത കമ്ബനിയാണ് റിൻസണ്‍ ജോണിന്റേത്. ബള്‍ഗേറിയൻ തലസ്ഥാനമായ സോഫിയയിലാണ് കമ്ബനി പ്രവർത്തിക്കുന്നത്. ഈ കമ്ബനിയാണ് പേജർ നിർമ്മാണത്തിനുളള പണം ഹംഗറിയിലുളള മറ്റൊരു കമ്ബനിയിലേക്ക് നല്‍കിയത്. റിൻസണ്‍ ജോണിന്റെ കമ്ബനിയെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി ബള്‍ഗേറിയൻ അധികൃതർ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ആരോപണത്തെ കുറിച്ച് റിൻസൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ചൊവ്വാഴ്ച (സെപ്തംബർ 17), ലെബനനിലെയും സിറിയയിലെയും വിവിധ പ്രദേശങ്ങളില്‍ നൂറുകണക്കിന് ഹാൻഡ്‌ഹെല്‍ഡ് പേജറുകള്‍ ആണ് പൊട്ടിത്തെറിച്ചത്. തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയിലെ അംഗങ്ങളും ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടെ നിരവധി പേരുടെ മരണത്തിനും ഇത് കാരണമായി. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു. അത്യാധുനിക റിമോട്ട് ഓപ്പറേഷനാണ് ആക്രമണത്തിന് കാരണമെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റവരില്‍ ലെബനനിലെ ഇറാൻ അംബാസഡറും ഉള്‍പ്പെടുന്നു.

















