സാമ്ബത്തികത്തട്ടിപ്പ് കേസിലെ പ്രതിയായ മോൻസണ്‍ മാവുങ്കലിന്‍റെ പക്കല്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥൻ നിയമവിരുദ്ധമായി പണം വാങ്ങിയെന്ന സ്ഥിരീകരണവുമായി ആഭ്യന്തര വകുപ്പ്. ഉദ്യോഗസ്ഥന്‍റേത് സ്വഭാവദൂഷ്യവും അച്ചടക്കലംഘനവുമാണെന്ന് വകുപ്പിന്‍റെ കണ്ടെത്തല്‍. ഉദ്യോഗസ്ഥനെതിരെ സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച അച്ചടക്ക നടപടി ശരിയെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ വിലയിരുത്തല്‍.

അഞ്ചു വർഷം മുൻപാണ് സാമ്ബത്തികത്തട്ടിപ്പ് കേസിലെ പ്രതിയായ മോൻസണ്‍ മാവുങ്കലില്‍ നിന്ന് അന്ന് കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനില്‍ സർക്കിള്‍ ഇൻസ്പെക്ടറായിരുന്ന അനന്തലാല്‍ ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ വാങ്ങുന്നത്. തുടർന്ന് പൊലീസ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ പണം വാങ്ങല്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സംസ്ഥാന പൊലീസ് മേധാവി അനന്തലാലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, താൻ കടം വാങ്ങിയ പണമാണിതെന്ന് വാദിച്ച അനന്തലാല്‍ നല്‍കിയ പുനഃപരിശോധനാ ഹരജി തള്ളിക്കൊണ്ട് ഇപ്പോള്‍ ആഭ്യന്തരവകുപ്പ് കണ്ടെത്തിയിരിക്കുന്നത് പൊലീസിന്‍റെ യശസ്സിന് തന്നെ കളങ്കം വരുത്തുന്ന നടപടിയാണിത് എന്നാണ്.മോൻസൻ മാവുങ്കലിന്‍റെ വീടിരിക്കുന്ന പരിധിയിലുള്ള പൊലീസ് സ്റ്റേഷനില്‍ അനന്തലാല്‍ ഇതേവരെ ജോലി ചെയ്തിട്ടില്ല. പക്ഷേ, നിരന്തര സാമ്ബത്തിക കുറ്റകൃത്യം നടത്തുന്ന ഒരു വ്യക്തി ഒരു പൊലീസ് ഉദ്യോഗസ്ഥന് ഇത്രയധികം പണം നല്‍കുന്നത്, അദ്ദേഹത്തിന്‍റെ ഔദ്യോഗിക പദവി കണ്ടുകൊണ്ടായിരിക്കാം എന്ന നിഗമനത്തിലാണ് ആഭ്യന്തര വകുപ്പ് ഇപ്പോള്‍ എത്തിച്ചേർന്നിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥനെ സ്വാധീനിക്കാൻ ശേഷിയുള്ള സ്വകാര്യ വ്യക്തിയില്‍ നിന്ന് പണം വാങ്ങിയത്, നീതി നിർവഹണത്തിന് തടസ്സമാകുന്നതാണ്. സ്വഭാവദൂഷ്യവും അച്ചടക്കലംഘനവുമാണ്. ഈ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് അനന്തലാല്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന നിഗമനത്തിലേക്ക് ആഭ്യന്തരവകുപ്പ് എത്തിയത്. ഇതോടെ അനന്തലാലിന്‍റെ മൂന്നുവർഷത്തെ വാർഷിക ശമ്ബള വർദ്ധനവ് തടഞ്ഞുകൊണ്ടുള്ള അച്ചടക്കനടപടി നിലനില്‍ക്കും.

സിനിമ മേഖലയുമായി അടുത്ത ബന്ധമുള്ള വ്യക്തി കൂടിയാണ് അനന്തലാൽ. നിരവധി സിനിമകളിൽ ഇയാൾ അഭിനയിച്ചിട്ടുണ്ട്. സിനിമാക്കാരുടെ പോലീസ് പ്രൊട്ടക്ടർ എന്ന നിലയിലും ഇയാൾ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ട് എന്ന ആക്ഷേപവും ശക്തമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക