വയനാട്: നിരവധി പേരുടെ മരണത്തിനിടയാക്കിയ വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാപ്രവർത്തനത്തിനിറങ്ങിയും സഹായങ്ങള്‍ കൈമാറിയുമെല്ലാം മലയാളികള്‍ പരസ്പരം കൈകോർക്കുമ്ബോഴും മുസ്ലിം വിരുദ്ധ പരാമർശങ്ങളും വിദ്വേഷവും തുപ്പി തീവ്രഹിന്ദു വാദികള്‍. വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വാർത്തകള്‍ക്കടിയില്‍ വിദ്വേഷം നിറഞ്ഞ കമന്റുകള്‍ നിറയുകയാണ്. രാഹുല്‍ ഗാന്ധിയെ ജയിപ്പിച്ചവർക്കുള്ള മറുപടി, ബീഫ് ഭക്ഷിച്ചതിനുള്ള ശിക്ഷ, ഹിന്ദിയെ അംഗീകരിക്കാതിരിക്കല്‍, ക്രിസ്തുമതത്തെ പിന്തുടരല്‍, ബി.ജെ.പിയെ വിജയിപ്പിക്കാതിരിക്കല്‍, ഫലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചത് തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ‘വിമർശനം’.
ഹിന്ദുത്വ ഫാസിസ്റ്റ് പ്രചാരണ മാധ്യമമായ തത്വ ഇന്ത്യയുടെ കമന്റ് സെക്ഷനിലാണ് കേരളത്തെയും മുസ്ലിം വിഭാഗത്തെയും ദുരന്തത്തേയും അവഹേളിക്കും വിധത്തിലുള്ള കമന്റുകള്‍ നിറയുന്നത്. ദൈവത്തിന്റെ സ്വന്തം നാടിനോട് ദൈവത്തിന് പോലും താത്പര്യമില്ലെന്നാണ് ചിലരുടെ ആക്ഷേപം. വയനാട്ടില്‍ നടന്ന ദുരന്തം മലപ്പുറത്തായിരുന്നു സംഭവിക്കേണ്ടിയിരുന്നതെന്നും അവിടെ കത്വ ജനസംഖ്യ കൂടുതലാണെന്നും തുടങ്ങി വിദ്വേഷം നിറഞ്ഞ നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ഹിന്ദുത്വവാദികള്‍ പങ്കുവെക്കുന്നത്.

















