കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ബ്ലാങ്കറ്റില്‍ പൊതിച്ച് ഉപേക്ഷിച്ചു കടന്നുകളഞ്ഞ കേസിലെ പ്രതികളായ മലയാളിയുടെയും നാലു സൗദി പൗരന്മാരുടെയും വധശിക്ഷ നടപ്പാക്കി. കൊടുവള്ളി മണിപുരം ചുള്ളിയാട്ട് പൊയില്‍ വീട്ടില്‍ അഹമ്മദ് കുട്ടി -ഖദീജ ദമ്ബതികളുടെ മകൻ സമീറിനെ 2016 ജൂലൈ ഏഴിന് പെരുന്നാള്‍ ദിനത്തിലാണ് ജുബൈലിലെ വർക്ക്ഷോപ്പ് ഏരിയയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൃശൂർ ഏറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സിദ്ദീഖ്, സൗദി പൗരന്മാരായ ജാഫർ ബിൻ സാദിഖ് ബിൻ ഖാമിസ് അല്‍ഹാജി, ഹുസൈൻ ബിൻ ബാകിർ ബിൻ ഹുസൈൻ അല്‍അവാദ്, ഇദ്രിസ് ബിൻ ഹുസൈൻ ബിൻ അഹമ്മദ് അല്‍സമീല്‍, ഹുസൈൻ ബിൻ അബ്ദുല്ല ബിൻ ഹാജി അല്‍മുസ്‌ലിമി എന്നിവരാണ് പ്രതികളായി പിടിക്കപ്പെട്ടത്.
പിന്നീട് സൗദി കോടതി വധശിക്ഷ വിധിച്ചു. ജുബൈലില്‍ ബുധനാഴ്ചയാണ് വധശിക്ഷ നടപ്പാക്കിയത്. 2016 ജൂലൈ ആറിന് സമീറിനെയും സുഹൃത്തിനേയും കാണാതാവുകയായിരുന്നു. പിറ്റേന്ന് ജുബൈല്‍ വർക്ക്ഷോപ്പ് ഏരിയയിലെ മണലും സിമൻറും വില്‍ക്കുന്ന ഭാഗത്ത് പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം കാണപ്പെടുകയും പിന്നീട് പരിശോധന വഴി സമീർ ആണെന്ന് ഉറപ്പിക്കുകയുമായിരുന്നു. ജുബൈല്‍ പൊലീസ് മലയാളികളായ നിരവധി പേരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയുണ്ടായി.
മൃതദേഹം കണ്ടെത്തിയ ഭാഗത്തെ മൊബൈല്‍ ടവർ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് തുമ്ബുണ്ടായത്. കുഴല്‍പ്പണ സംഘത്തേയും മദ്യവാറ്റുകാരേയും കൊള്ളയടിക്കുന്ന സംഘമാണ് സമീറിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. സ്വദേശികളുടെ സംഘത്തിെൻറ സഹായിയായിരുന്നു തൃശൂർ സ്വദേശി സിദ്ദീഖ്. മദ്യവാറ്റു കേന്ദ്രത്തിെൻറ നടത്തിപ്പുകാരൻ എന്ന് തെറ്റിദ്ധരിച്ചാണ് സമീറിനെയും സുഹൃത്തിനെയും സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഖഫ്ജി റോഡിലെ ആളൊഴിഞ്ഞ കൃഷിയിടത്തിലെ കെട്ടിടത്തില്‍ താമസിപ്പിച്ച് പീഡനമേല്‍പിച്ചു. പണം ആവശ്യപ്പെട്ടുള്ള ക്രൂരമർദ്ദനം. ക്രൂര പീഡനമേറ്റ് സമീർ അബോധാവസ്ഥയിലായി.
തുടർന്ന് പ്രതികള്‍ ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് വഴിയരുകില്‍ ഉപേക്ഷിച്ചു. എന്നാല്‍ അപ്പോഴേക്കും സമീർ കൊല്ലപ്പെട്ടിരുന്നു. സമീറിെൻറ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും സംഘം മർദ്ദിച്ചിരുന്നു. പരിക്കേറ്റ അയാളെ വഴിയിലിറക്കിവിട്ടു. ജുബൈല്‍ പൊലീസിലെ കുറ്റന്വേഷണ വിഭാഗം മേധാവി മേജർ തുർക്കി നാസർ അല്‍-മുതൈരി, രഹസ്യാന്വേഷണ വിഭാഗം ക്യാപ്റ്റൻ അബ്ദുല്‍ അസീസ്, ക്യാപ്റ്റൻ ഖാലിദ് അല്‍-ഹംദി എന്നിവരുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്‌ക്വോഡ് രൂപവത്കരിച്ചാണ് 17 ദിവസം കൊണ്ട് പ്രതികളെ പിടികൂടിയത്. കുടുംബത്തിെൻറ ഏക അത്താണിയായിരുന്ന സമീറിെൻറ മരണം വൃദ്ധരായ മാതാപിതാക്കളുടെയും ഭാര്യയുടെയും മക്കളുടെയും ജീവിതം കൂടുതല്‍ ദുരിതത്തിലാക്കിയിരുന്നു.

















