കോണ്‍ഗ്രസ് പോഷക സംഘടനകളില്‍ ഏറ്റവും നന്നായി ചലിക്കുന്ന സംവിധാനമുള്ളതെന്ന് പേരെടുത്ത മഹിളാ കോണ്‍ഗ്രസിലെ വിഭാഗീയത പുറത്തേക്ക്.മുഖ്യമന്ത്രി വി.ഡി സതീശനെതിരെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കിയതിന് പിറകേയാണ് സംഘടനക്കകത്ത് പുകച്ചില്‍ രൂക്ഷമായത്.
മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ഗായത്രി വി നായരെ ഗവ. പ്ലീഡറാക്കണമെന്ന ജെബി മേത്തറുടെ ശിപാര്‍ശ മുഖ്യമന്ത്രി നിരസിച്ചതാണ് പ്രമേയത്തിന് കാരണം. പോഷക സംഘടനയുടെ കത്ത് വാങ്ങലല്ല തന്‍റെ പണിയെന്ന് പറഞ്ഞ് ഗായത്രി വി നായരെ വി.ഡി സതീശന്‍ അധിക്ഷേപിച്ചത് അംഗീകരിക്കാനാവില്ലെന്നും ഇത് ചര്‍ച്ച ചെയ്യണമെന്നും ജെബി മേത്തറാണ് സംസ്ഥാന കമ്മിറ്റിയില്‍ പറഞ്ഞത്. യോഗത്തില്‍ പങ്കെടുത്ത എല്ലാ അംഗങ്ങളെകൊണ്ടും അഭിപ്രായം പറയിപ്പിച്ച ജെബി മേത്തര്‍ പിന്നീട് വി.ഡി സതീശനെതിരെ പ്രമേയം പാസാക്കുകയായിരുന്നു.
പ്രമേയം മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിറകെ മുഖ്യമന്ത്രിയുടെ ക്യാമ്പിലുള്ളവര്‍ മഹിളാ കോണ്‍ഗ്രസ് ഭാരവാഹികളുമായെല്ലാം ബന്ധപ്പെട്ടു. ജെബി മേത്തറുടെ നിര്‍ബന്ധ ബുദ്ധികൊണ്ടാണ് ഇത്തരമൊരു പ്രമേയം പാസായതെന്നും തങ്ങള്‍ക്ക് ഇതേ കുറിച്ച് കാര്യമായ ധാരണയില്ലെന്നുമാണ് ഭൂരിഭാഗം ഭാരവാഹികളും സതീശൻ ക്യാമ്പിനെ അറിയിച്ചത്. തനിക്കെതിരായ ഒരു ഗ്രൂപ്പ് നീക്കമായി കൂടി സതീശന്‍ ഇതിനെ കാണുന്നതായാണ് വിവരം. ഇതോടെ ജെബി മേത്തര്‍ വിരുദ്ധരായ മഹിളാ കോണ്‍ഗ്രസ് ഭാരവാഹികള്‍ തങ്ങളുടെ പരിഭവങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളുമായി പങ്കുവെക്കാനും തുടങ്ങി.
ഏറെ കാലമായി പ്രസിഡണ്ട് ജെബി മേത്തറിന്‍റെ പ്രവര്‍ത്തന ശൈലിയോട് വിയോജിപ്പ് സൂക്ഷിക്കുന്ന ഭാരവാഹികളാണ് കോണ്‍ഗ്രസ് നേതൃത്വത്തോട് തങ്ങളുടെ അതൃപ്തിയും പരാതിയും അറിയിച്ചത്. ജെബി മേത്തര്‍ ഏകാധിപത്യ ശൈലി സ്വീകരിക്കുന്നു, പണപ്പിരിവ് നടത്തിയതിന്‍റെ കണക്കുകള്‍ അവതരിപ്പിക്കുന്നില്ല, ഇഷ്ടക്കാരല്ലാത്ത ഭാരവാഹികളുടെ ഫോണെടുക്കുന്നില്ല തുടങ്ങിയവയാണ് പരാതികള്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് ചര്‍ച്ചകള്‍ മുതലാണ് സംഘടനയില്‍ ഭിന്നത രൂക്ഷമാകുന്നത്. മഹിളാ കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് മൂന്ന് സീറ്റെങ്കിലും ആവശ്യപ്പെടണമെന്ന നിർദേശം സംഘടനയില്‍ ഉയര്‍ന്നു.ജെബി മേത്തര്‍ ഇതിന് തയ്യാറായില്ല.
സീറ്റ് ആവശ്യമുള്ളവര്‍ സ്വയം അതിന് ശ്രമിക്കണമെന്ന നിലപാടാണ് ജെബി സ്വീകരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ മഹിളാ കോണ്‍ഗ്രസ് ഭാരവാഹികളാരും അതിലുണ്ടായിരുന്നില്ല. സീറ്റ് ലഭിച്ച വനിതകളെല്ലാം കെപിസിസി ഭാരവാഹികളായിരുന്നു. സീറ്റ് പ്രതീക്ഷിച്ചിരുന്ന ഭാരവാഹികള്‍ പലരും ഇതോടെ കടുത്ത അതൃപ്തി പ്രകടിപ്പിക്കാന്‍ തുടങ്ങി.
രാജ്യസഭാ അംഗം കൂടിയായ ജെബി മേത്തറുടെ എംപി ഫണ്ട് വിനിയോഗത്തെ കുറിച്ചാണ് മറ്റൊരു പരാതി. തദ്ദേശ സ്ഥാപനങ്ങളുടേയും മറ്റും അധ്യക്ഷരായ ചില ഭാരവാഹികള്‍ ജെബിയോട് വികസന പദ്ധതികള്‍ക്കായി എംപി ഫണ്ട് ആവശ്യപ്പെട്ടു. യുഡിഎഫിന് എംപിമാരും എംഎല്‍എമാരും ഇല്ലാത്ത മണ്ഡലങ്ങളില്‍ എംപി ഫണ്ട് നല്‍കണമെന്ന ആവശ്യവും ജെബി നിരാകരിച്ചു. വയനാട്ടിലും ആലപ്പുഴയിലും ചെലവഴിക്കേണ്ടതുണ്ടെന്ന കാരണം പറഞ്ഞ് ന്യായമായ ആവശ്യം ജെബി തള്ളിക്കളഞ്ഞെന്നാണ് ചില ഭാരവാഹികളുടെ പരാതി.
സംസ്ഥാന ഭാരവാഹികള്‍ വിളിച്ചാല്‍ ഫോണെടുക്കുന്നില്ലെന്നും ഇഷ്ടക്കാരുടെ ഫോണ്‍ മാത്രമാണ് പ്രസിഡണ്ട് എടുക്കുന്നതെന്നുമാണ് മറ്റൊരു പരാതി. പ്രസിഡണ്ടിന് താത്പര്യമുള്ള സംസ്ഥാന ഭാരവാഹികള്‍ക്ക് വസ്ത്രങ്ങള്‍, ചോക്ലേറ്റുകള്‍ അടക്കമുള്ള സമ്മാനങ്ങള്‍ അയച്ചു നല്‍കി ഒപ്പം നിര്‍ത്തുന്ന ശൈലി ജെബി മേത്തര്‍ക്കുണ്ടെന്നാണ് ഒരു വിഭാഗത്തിൻ്റെ ആരോപണം. ജെബി മേത്തര്‍ നയിച്ച മഹിളാ സാഹസ് യാത്രയുടെ ഭാഗമായി കേരളത്തിലെ ആയിരത്തിലധികം മണ്ഡലങ്ങളില്‍ നിന്ന് പതിനായിരം രൂപ വീതം പിരിച്ചിട്ടുണ്ട്. സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരും അയ്യായിരം രൂപ വീതവും നല്‍കി. ഈ പണപ്പിരിവിന്‍റെയും ചെലവിന്‍റെയും കണക്ക് അവതരിപ്പിക്കണമെന്ന് ഭാരവാഹികളില്‍ ചിലര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രസിഡണ്ട് ഇതിന് തയ്യാറായില്ല. ഇതും പരാതിയായി ഉയർന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗങ്ങളില്‍ നിന്ന് പല നേതാക്കളും വിട്ടു നല്‍ക്കുന്നുണ്ട്. എഴുപതംഗ സംസ്ഥാന ഭാരവാഹികളില്‍ 40 -45 പേര്‍ മാത്രമാണ് യോഗങ്ങളില്‍ പങ്കെടുക്കുന്നതെന്നാണ് ഒരു ഭാരവാഹി മീഡിയവണിനോട് പറഞ്ഞത്. കെ എസ് യു പ്രസിഡൻ്റിന് പിറകെ മഹിളാ കോണ്‍ഗ്രസിലെ ഒരു വിഭാഗവും മുഖ്യമന്ത്രി വി.ഡി സതീശനെതിരെ രംഗത്തുവന്നതും അതിന് ഗ്രൂപ്പ് നീക്കങ്ങളുടെ നിറം ലഭിച്ചതും കോണ്‍ഗ്രസില്‍ ചർച്ചയായിട്ടുണ്ട്. അതോടൊപ്പം മഹിളാ കോണ്‍ഗ്രസിലെ വിഭാഗീയത രൂക്ഷമാകുന്നതും പാര്‍ട്ടിക്ക് തലവേദനയാകും.





