ഡിവൈഎഫ്‌ഐയുടെ പൊതിച്ചോർ വിതരണത്തെ പരോക്ഷമായി പിന്തുണച്ച്‌ മുൻ യൂത്ത് ലീഗ് നേതാവും പാണക്കാട് ഹൈദരലി തങ്ങളുടെ മകനുമായ മുഈൻ അലി ശിഹാബ് തങ്ങള്‍.യൂത്ത് ലീഗ് നേതാവ് സൈനുദ്ദീൻ ഒളവട്ടൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്താണ് മുഈൻ അലി ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്.ഡിവൈഎഫ്‌ഐ നടത്തുന്ന പൊതിച്ചോർ വിതരണത്തിനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്ത് വന്നിരുന്നു. പൊതുസ്ഥലങ്ങളില്‍ ഭക്ഷണ വിതരണം നടത്തുന്നതിലെ ആരോഗ്യ സുരക്ഷ സംബന്ധിച്ച്‌ മന്ത്രി ഉന്നയിച്ച വിമർശനമാണ് വിവാദമായത്.ഈ സാഹചര്യത്തിലാണ് സൈനുദ്ദീൻ ഒളവട്ടൂരിന്റെ പോസ്റ്റ് ഷെയർ ചെയ്ത് ഡിവൈഎഫ്‌ഐയുടെ പ്രവർത്തനത്തെ അനുകൂലിച്ച്‌ മുഈൻ അലി ശിഹാബ് തങ്ങള്‍ രംഗത്തെത്തിയത്.

കുറിപ്പിന്റെ പൂർണരൂപം..

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ 38 ദിവസമായി ഭാര്യയുടെയും മകളുടെയും ചികിത്സയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഇടനാഴികളില്‍ കഴിയുമ്പോള്‍, ജീവിതം എന്നെ പഠിപ്പിച്ച ചില പാഠങ്ങളുണ്ട്. അവയില്‍ ഏറ്റവും വലുത്—വിശപ്പിന്റെ വിലയും മനുഷ്യസ്നേഹത്തിന്റെ അളവും വാക്കുകളിലല്ല, പ്രവർത്തികളിലാണെന്നതാണ്.

ഇവിടെ നാല് മാസവും ആറ് മാസവും, ചിലപ്പോള്‍ പത്ത് മാസത്തിലേറെയും കുഞ്ഞുങ്ങളോടൊപ്പം ചികിത്സയ്ക്കായി കഴിയുന്ന കുടുംബങ്ങളെ കാണാം. അവരില്‍ പലർക്കും സി.എച്ച്‌. സെന്റർ, സഹചാരി, സഹായി, കനിവ്, DYFI തുടങ്ങി വിവിധ സന്നദ്ധ സംഘടനകള്‍ വിവിധ സമയങ്ങളിലായി നല്‍കുന്ന ഭക്ഷണമാണ് ഏറ്റവും വലിയ ആശ്രയം.

രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം, രാത്രിയില്‍ എന്നിങ്ങനെ നാല് നേരങ്ങളിലായി ലഭിക്കുന്ന ഈ ഭക്ഷണം വിശപ്പടക്കുക മാത്രമല്ല, ചികിത്സയ്ക്കായി ആശുപത്രിയില്‍ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വലിയൊരു സാമ്പത്തിക ആശ്വാസം കൂടിയാണ്. ദിവസേന ഭക്ഷണത്തിനായി ചെലവഴിക്കേണ്ട തുക ലാഭിക്കാനാകുന്നത് ചികിത്സയുടെ ഭാരത്തില്‍ കഴിയുന്ന നിരവധി കുടുംബങ്ങള്‍ക്ക് വലിയ സഹായമാകുന്നു.

ഈ സേവനത്തിന്റെ യഥാർത്ഥ മൂല്യം ആശുപത്രിയില്‍ ദിവസങ്ങളോളം കഴിയുന്നവർക്കാണ് ഏറ്റവും നന്നായി അറിയുക. വിശപ്പിന്റെ വേദന അനുഭവിച്ചവർക്കേ ഒരു പൊതിച്ചോറിന്റെ വില മനസ്സിലാകൂ. അതുപോലെ, രോഗിയുടെ കൂടെയിരുന്ന് ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നവർക്കേ ഇത്തരത്തിലുള്ള സേവനങ്ങള്‍ നല്‍കുന്ന കരുതലിന്റെയും ആശ്വാസത്തിന്റെയും യഥാർത്ഥ വില മനസ്സിലാകൂ.

വിശപ്പിനെക്കുറിച്ച്‌ കവിത എഴുതുന്നതും പ്രസംഗിക്കുന്നതും എളുപ്പമാണ്. എന്നാല്‍ വിശക്കുന്നവന്റെ കൈയില്‍ ഒരു നേരത്തെ ഭക്ഷണം എത്തിച്ചുകൊടുക്കുന്നതാണ് യഥാർത്ഥ മനുഷ്യസ്നേഹവും സേവനവും. അതുകൊണ്ട്, ഇത്തരത്തിലുള്ള സന്നദ്ധ സേവനങ്ങളെ വിമർശിക്കുകയല്ല, കൂടുതല്‍ കരുത്തോടെ പ്രോത്സാഹിപ്പിക്കുകയാണ് സമൂഹം ചെയ്യേണ്ടത്.

ഭാവിയില്‍ എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ പോലുള്ള സ്ഥിരം സംവിധാനങ്ങള്‍ വിജയകരമായി പ്രവർത്തിക്കാൻ കഴിയുമെങ്കില്‍ അത് തീർച്ചയായും സ്വാഗതാർഹമാണ്. എന്നാല്‍ അത്തരം സംവിധാനങ്ങള്‍ കാര്യക്ഷമമായും വിശ്വസനീയമായും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാകുന്നതുവരെ, ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമായിരിക്കുന്ന സന്നദ്ധ സംഘടനകളുടെ ഭക്ഷണസേവനം ദുർബലപ്പെടുത്തുകയോ അവസാനിപ്പിക്കുകയോ ചെയ്യരുത്.

പകരം, അവയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. സേവനത്തിന് പകരം വാക്കുകളല്ല വേണ്ടത്; പ്രവർത്തിയാണ്.സൈനുദ്ധീൻ ഒളവട്ടൂർ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക