ട്രെയിനില്‍ ഉപദ്രവിച്ച യുവാവിനെ വ്യത്യസ്തമായരീതിയില്‍ ‘കൈകാര്യംചെയ്ത്’ യുവതി. മഹാരാഷ്ട്രയിലാണ് ട്രെയിനുള്ളില്‍വെച്ച് അതിക്രമം നടത്തിയ യുവാവിനെ മുഖത്ത് ലിപ്സ്റ്റിക്കിട്ടും കൈകളില്‍ വളയണിയിച്ചും യുവതി ‘കൈകാര്യംചെയ്തത്’.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും വൈറലായി.
മഹാരാഷ്ട്രയിലെ ബദ്നേരയ്ക്കും അകോളയ്ക്കും ഇടയില്‍വെച്ചാണ് ട്രെയിനില്‍ ഈ സംഭവമുണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. യുവാവ് യാത്രക്കാരിയെ ഉപദ്രവിച്ചതോടെ ഇവരും ട്രെയിനിലുണ്ടായിരുന്ന മറ്റു യുവതികളും ഇത് ചോദ്യംചെയ്യുകയായിരുന്നു. തുടർന്നാണ് യുവാവിനെ സീറ്റില്‍ പിടിച്ചിരുത്തി ചുണ്ടിലും മുഖത്തും ലിപ്സ്റ്റിക് തേച്ചും വളകള്‍ അണിയിച്ചും പ്രതിഷേധമറിയിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകളും സജീവമായി. സ്ത്രീകളെ ഉപദ്രവിക്കുന്നവർക്കെതിരേ ഇത്തരം പ്രതീകാത്മക പ്രതിഷേധം മികച്ചതാണെന്നായിരുന്നു ചിലരുടെ അഭിപ്രായം. അതിക്രമം നേരിട്ടാല്‍ ഉടൻ തന്നെ ഹെല്‍പ്പ് ലൈൻ നമ്പറുകളില്‍ വിളിച്ച് സഹായം തേടണമെന്നാണ് പൊലീസിന്റെയും അധികൃതരുടെയും നിർദേശം.





