കോവിഡ് മഹാമാരിയുടെ മറവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്നത് കോടികളുടെ ഗുരുതര സാമ്പത്തിക ക്രമക്കേടെന്ന് തെളിയിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്.2019-2020 കാലഘട്ടത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ (HDCS) അക്കൗണ്ടുകളില്‍ നിന്ന് 46 ലക്ഷം രൂപ ബാങ്കില്‍ അടയ്ക്കാതെ തട്ടിയെടുത്തതായാണ് വിപ്ലവകരമായ കണ്ടെത്തല്‍.
സംഭവത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നതോടെ, അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജയുടെ പങ്ക് സംബന്ധിച്ചും ചോദ്യങ്ങള്‍ ശക്തമാകുകയാണ്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവായി പ്രവര്‍ത്തിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇത്രയും വലിയ സാമ്പത്തിക തിരിമറി നടന്നിട്ടും അന്ന് ഭരണരംഗത്തുണ്ടായിരുന്ന ആരോഗ്യവകുപ്പും അന്നത്തെ മന്ത്രി കെ.കെ. ശൈലജയും ഇതൊന്നും അറിഞ്ഞില്ലേ എന്ന ചോദ്യമാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയരുന്നത്. ‘റോക്ക് സ്റ്റാര്‍’ പ്രതിച്ഛായയില്‍ ആരോഗ്യവകുപ്പ് ഭരിച്ച സമയത്ത് മൂക്കിന് താഴെ നടന്ന 46 ലക്ഷത്തിന്റെ പണമിടപാടിലെ ക്രമക്കേട് കണ്ടെത്താന്‍ കഴിയാതിരുന്നത് ഭരണപരമായ വീഴ്ചയാണെന്ന വിമര്‍ശനം ശക്തമായിക്കഴിഞ്ഞു.
മെഡിക്കല്‍ കോളേജിലെ ഏറ്റവും അധികം വരുമാനം ലഭിക്കുന്ന എം.ആര്‍.ഐ (MRI), സി.ടി. സ്‌കാന്‍ (CT Scan) ലാബുകളില്‍ നിന്ന് രോഗികളില്‍ നിന്ന് ഈടാക്കിയ തുകയാണ് ബാങ്കില്‍ അടയ്ക്കാതെ ജീവനക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് കവര്‍ന്നത്. രജിസ്റ്ററുകളിലും ലെഡ്ജറുകളിലും തുക കൃത്യമായി രേഖപ്പെടുത്തിയ ശേഷം ബാങ്കിലേക്ക് നിക്ഷേപിക്കേണ്ട തുക വകമാറ്റുകയായിരുന്നു. ഇതിനു പുറമെ, കരാറുകാര്‍ക്ക് നല്‍കിയ തുകയില്‍ നിന്നും ടി.ഡി.എസ് (TDS) ഇനത്തില്‍ നികുതി വെട്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ആരോഗ്യ വകുപ്പ് നല്‍കിയ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കും. തുടക്കത്തില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കുമെങ്കിലും, അഴിമതിയുടെ ആഴവും വ്യാപ്തിയും കണക്കിലെടുത്ത് കേസ് അടിയന്തരമായി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് (VACB) കൈമാറാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.
കോവിഡ് കാലത്ത് പി.പി.ഇ. കിറ്റ്, ഗ്ലൗസ് വാങ്ങിയതില്‍ ക്രമക്കേട് നടന്നെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് മെഡിക്കല്‍ കോളേജിലെ തന്നെ ലക്ഷങ്ങളുടെ കവര്‍ച്ചാ വിവരങ്ങള്‍ പുറത്തുവരുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയം ഏറ്റെടുത്തതോടെ വരുംദിവസങ്ങളില്‍ വിജിലന്‍സ് അന്വേഷണം അന്നത്തെ ഉന്നത ഉദ്യോഗസ്ഥരിലേക്കും അന്വേഷണ നിഴലിലുള്ളവരിലേക്കും നീളും.






