കുട്ടികളെ വളർത്തുന്ന രീതികളില്‍ യൂറോപ്യൻസില്‍ നിന്നും നമുക്ക് എന്തൊക്കെ പഠിക്കാനുണ്ടെന്ന് പറയുകയാണ് ഡോ. സുഖ്മണി ഗംബർ.ഒരു മാസം നീണ്ടുനിന്ന യൂറോപ്പ് യാത്രയില്‍ നിന്ന് താൻ മനസ്സിലാക്കിയ അഞ്ച് പ്രധാന പാഠങ്ങളാണ് ഡോക്ടർ പങ്കുവെക്കുന്നത്.

ലോകം കുട്ടികള്‍ക്ക് ചുറ്റും മാത്രമാകരുത്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുതിർന്നവരുടെ ലോകത്ത് നിന്നും കുട്ടികളെ മാറ്റിനിർത്തേണ്ടതില്ല. കഫേകളില്‍ പോകുമ്പോഴും യാത്ര ചെയ്യുമ്പോഴുമെല്ലാം അവരെക്കൂടി ഒപ്പം കൂട്ടുക. നമ്മുടെ സാധാരണ കാര്യങ്ങളില്‍ അവരെ ഉള്‍പ്പെടുത്തുമ്പോള്‍ പുതിയ സാഹചര്യങ്ങളുമായി വേഗത്തില്‍ പൊരുത്തപ്പെടാൻ അവർ പഠിക്കും.

ബോറടിക്കുന്നത് മോശം കാര്യമല്ല

മൊബൈല്‍ ഫോണുകളുടെയും മറ്റും ഈ കാലത്ത്, കുട്ടികള്‍ക്ക് ചെയ്യാൻ ഒന്നുമില്ലാതെ വരുമ്പോള്‍ മാതാപിതാക്കള്‍ പരിഭ്രാന്തരാകാറുണ്ട്. എന്നാല്‍ കളിപ്പാട്ടങ്ങളോ ഫോണോ ഇല്ലാതെ ഒരു അഞ്ചോ പത്തോ മിനിറ്റ് അവർ ഇരിക്കുന്നത് ഒട്ടും ദോഷം ചെയ്യില്ല. ബോറടി അനുഭവിക്കുന്നതും ക്ഷമയോടെയിരിക്കുന്നതും ഇന്നത്തെ കാലത്ത് കുട്ടികള്‍ ശീലിക്കേണ്ടുന്ന കാര്യങ്ങള്‍ തന്നെയാണ്.

ഭക്ഷണമേശയിലെ മര്യാദകള്‍

കുട്ടികള്‍ കുട്ടികളുടേതായ കുസൃതികള്‍ കാണിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ശേഷി അവർക്കുണ്ട്. പൊതുസ്ഥലങ്ങളില്‍ പെരുമാറേണ്ട രീതിയും ഭക്ഷണ മേശയിലെ മര്യാദകളും നമ്മള്‍ വിചാരിക്കുന്നതിലും വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളെ പഠിപ്പിക്കാനാകും.

ഭക്ഷണകാര്യത്തിലെ ഭയം ഒഴിവാക്കാം

മുതിർന്നവർ കഴിക്കുന്നത് എന്തോ അത് തന്നെയാണ് കുട്ടികളും അനുകരിക്കുക. ഐസ്ക്രീമും കുക്കീസുമെല്ലാം പൂർണ്ണമായി വിലക്കുന്നതിന് പകരം സമീകൃതമായ ഒരു ഭക്ഷണരീതി ശീലിപ്പിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഭക്ഷണത്തെ ഭയക്കുന്നതിന് പകരം അതുമായി ആരോഗ്യകരമായ ഒരു ബന്ധം കുട്ടികളില്‍ വളർത്തിയെടുക്കണം. കുട്ടികള്‍ നന്നായി ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യം മുതിർന്നവരുടെ പ്ലേറ്റിലാണ് മാറ്റം വരേണ്ടത്.

പൊതുസ്ഥലങ്ങളിലെ വാശിപിടിക്കലുകളെ ഭയക്കേണ്ടതില്ല

യൂറോപ്യൻ മാതാപിതാക്കള്‍ കുട്ടികളുടെ പൊതുസ്ഥലങ്ങളിലെ വാശിപിടിക്കലുകളെ കൈകാര്യം ചെയ്യുന്ന രീതിയാണ് അടുത്തത്. റെസ്റ്റോറന്റുകളിലിരുന്ന് കുട്ടികള്‍ കരയുമ്പോള്‍ മാതാപിതാക്കള്‍ ഒട്ടും പരിഭ്രാന്തരാകാറില്ല. അവരുടെ ആ ദേഷ്യവും കരച്ചിലും മാറുന്നത് വരെ ശാന്തമായി കാത്തിരുന്ന ശേഷം മാത്രമാണ് മാതാപിതാക്കള്‍ അവരോട് സംസാരിക്കാറുള്ളത്.

സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തിരിക്കുന്ന ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ അനുകൂലിച്ചുകൊണ്ട് നിരവധിപ്പേരാണ് കമന്റുകള്‍ നല്‍കിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക