സോളാർ കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബെഹന്നാൻ, കെസി ജോസഫ് എന്നിവർ കോടതിയില്‍ മൊഴി നല്‍കി. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കിയത്.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളാർ പീഡനക്കേസില്‍ കുടുക്കാൻ കെബി ഗണേഷ് കുമാർ ഗൂഢാലോചന നടത്തി എന്ന ഹർജിയിലാണ് മൊഴി നല്‍കിയത്. അഭിഭാഷകനായ സുധീർ ജേക്കബ് ആണ് പരാതിക്കാരൻ.
എത്രകാലം കഴിഞ്ഞാലും ഉപ്പ് തിന്നയാള്‍ വെള്ളം കുടിക്കുമെന്ന് മൊഴി നല്‍കിയ ശേഷം കെസി ജോസഫ് പ്രതികരിച്ചു. സത്യം എന്നായാലും പുറത്തുവരുമെന്നും ഉമ്മൻചാണ്ടിയെ കുടുക്കാൻ നാല് പേജ് അധികമായി എഴുതിച്ചേർത്തുവെന്നും കെസി ജോസഫ് പറഞ്ഞു. കത്തില്‍ തിരിമറി നടത്തി. നാല് പേജ് അധികമായി എഴുതി ചേർത്തു. വലിയ തിരിമറിയാണ് നടന്നതെന്ന് ബെന്നി ബെഹനാനും പ്രതികരിച്ചു.
അതേസമയം, സോളാർ സാമ്പത്തിക തട്ടിപ്പ് കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിഎ ആയിരുന്ന ടെന്നി ജോപ്പനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാൻ അനുമതി നല്‍കി ഹൈക്കോടതി. ടെന്നി ജോപ്പനെതിരെ നിയമപരമായ മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് പരാതിക്കാരനായ മല്ലേലില്‍ ശ്രീധരൻ നായർ കോടതിയെ അറിയിച്ചതോടെയാണ് തീരുമാനം. ഉമ്മൻ ചാണ്ടിയെ ക്രൂശിക്കാൻ വേണ്ടി തന്നെ ഉപ്രദവിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ.ഹേമചന്ദ്രൻ അറസ്റ്റിന് മുൻപ് തന്നെ ഉപദ്രവിച്ചെന്നും ടെന്നി ജോപ്പൻ പ്രതികരിച്ചു.
രാഷ്ട്രീയകൊടുങ്കാറ്റായി ആഞ്ഞടിച്ച സോളാർ വിവാദപരമ്പരയിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒടുവില്‍ ടെന്നി ജോപ്പൻ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവായി. സരിത നായർക്ക് പണം കൊടുക്കാൻ ടെന്നി ജോപ്പൻ സമ്മർദ്ദം ചെലുത്തി എന്ന മല്ലേലി ശ്രീധരൻ നായരുടെ മൊഴിപ്രകാരമായിരുന്നു കേസും പിന്നാലെ അറസ്റ്റും നടന്നത്. പത്തനംതിട്ട കോന്നി പൊലീസ് ജില്ല JFMC കോടതിയില്‍ കുറ്റപത്രം നല്‍കിയെങ്കിലും വിചാരണ തുടങ്ങിയിരുന്നില്ല. ഇതിനിടെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടെന്നി ജോപ്പൻ ഹൈക്കോടതിയെ സമീപിച്ചു. ഹർജിയില്‍ കോടതി പരാതിക്കാരന്റെ നിലപാട് തേടി. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ജോപ്പനെതിരായ പരാതി കോടതിക്ക് പുറത്ത് പറഞ്ഞ് തീർത്തെന്നും ശ്രീധരൻ നായർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്നാണ് ടെന്നി ജോപ്പനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ശത്രുക്കള്‍ പുറത്തല്ല, ഉള്ളില്‍ തന്നെയായിരുന്നുവെന്ന് പറഞ്ഞ ടെന്നി ജോപ്പൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ ഹേമചന്ദ്രനെതിരെയും ഗുരുതര ആരോപണം ഉന്നയിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിദേശത്ത് തുടരുമ്പോള്‍ നടന്ന ടെന്നി ജോപ്പന്റെ അറസ്റ്റ് വലിയ രാഷ്ട്രീയവിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സോളാർ കേസില്‍ ഉമ്മൻചാണ്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഏക അറസ്റ്റായിരുന്നു ടെന്നി ജോപ്പന്റേത്. കേസില്‍ ഒന്നാം പ്രതി സരിത എസ് നായർ, ബിജു രാധാകൃഷ്ണൻ രണ്ടാം പ്രതിയുമാണ്.





