ലൈംഗികാരോപണങ്ങളിലും മതപരിവർത്തനക്കേസിലും പ്രതിയായ മുൻ ടിസിഎസ് (TCS) ജീവനക്കാരി നിദ ഖാന് ജാമ്യം. അഞ്ച് മാസം ഗർഭിണിയായ നിദ ഖാന്റെ ആരോഗ്യസ്ഥിതിയും ജയിലിലെ പ്രസവം ഒരു സ്ത്രീക്ക് നല്‍കുന്ന മാനസികാഘാതവും കണക്കിലെടുത്താണ് നാസിക് കോടതി ജാമ്യം അനുവദിച്ചത്.കൃഷ്ണഭഗവാന്റെ ജനനവുമായി താരതമ്യം ചെയ്തുകൊണ്ട്, ജയിലിലെ അവസ്ഥ ഏതൊരു സ്ത്രീക്കും അസഹനീയമാണെന്ന് അഡീഷണല്‍ സെഷൻസ് ജഡ്ജി കെ.ജി. ജോഷി ഉത്തരവില്‍ നിരീക്ഷിച്ചു.
ജൂലൈ ആറിനാണ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ കുറ്റപത്രം സമർപ്പിച്ചതിനാല്‍ പ്രതിയെ ഇനിയും ജയിലില്‍ പാർപ്പിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. 75,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ലൈംഗികാരോപണം, മതപരിവർത്തനത്തിന് പ്രേരിപ്പിക്കല്‍, ദളിത് പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് നിദ ഖാനെതിരെ കേസെടുത്തിരുന്നത്.
നാസിക്കിലെ ടിസിഎസ് യൂണിറ്റില്‍ ജോലി ചെയ്തിരുന്ന ഇവർ, സഹപ്രവർത്തകയെ മതം മാറ്റാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ആരോപണം. ഇരയെ ബുർഖ ധരിക്കാൻ പ്രേരിപ്പിക്കുകയും ഇസ്ലാം മതവുമായി ബന്ധപ്പെട്ട ആപ്പുകള്‍ ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്ത് നല്‍കുകയും ചെയ്തിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ടിസിഎസ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. പ്രോസിക്യൂഷൻ ജാമ്യത്തെ ശക്തമായി എതിർത്തെങ്കിലും കോടതി മാനുഷിക പരിഗണന മുൻനിർത്തി ജാമ്യം നല്‍കുകയായിരുന്നു.





