മതസ്പർധ വളർത്തുന്ന വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായിരുന്ന കൊല്ലം കെ.എം.എം.എല്‍ മിനറല്‍ സെപ്പറേഷൻ യൂനിറ്റിലെ കമ്മ്യൂണിറ്റി ആൻഡ് പബ്ലിക് റിലേഷൻസ് മാനേജർ അനില്‍ മുഹമ്മദിന്റെ സസ്പൻഷൻ പിൻവലിച്ച് സർവിസില്‍ തിരിച്ചെടുത്തതും ചട്ടംലംഘിച്ച്.സസ്പൻഷൻ പിൻവലിക്കുമ്പോള്‍ വ്യവസായ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷാണ് കെ.എം.എം.എല്‍ ചെയർമാൻ.
കൊല്ലം ബിഷപ്പിന്റെ പരാതി അന്വേഷിച്ച വ്യവസായ വകുപ്പ് ഓഫിസർ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ആനി ജൂല തോമസ് നല്‍കിയ ശുപാർശയെ തുടർന്ന്, ചെയർമാനായ വ്യവസായ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിന് പിന്നാലെയാണ് അനില്‍ മുഹമ്മദിനെ സസ്പെൻഡ് ചെയ്തത്. പിന്നാലെ കെ.എം.എം.എല്‍ ഡയരക്ടർ ബോർഡാണ് നിയമപരമായ തുടർ നടപടികള്‍ക്കായി എറണാകുളത്തെ അഭിഭാഷകനെ ആഭ്യന്തര അന്വേഷണത്തിന് നിയോഗിച്ചത്.അന്വേഷണ റിപ്പോർട്ടില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ബോർഡ് യോഗമാണെന്നിരിക്കെ യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് പതിനൊന്നു ദിവസത്തിനുള്ളില്‍ ലഭിച്ച ആഭ്യന്തര അന്വേഷണ റിപ്പോർട്ട് കെ.എം.എം.എല്‍ എം.ഡി, ചെയർമാന് നല്‍കി അനുമതി വാങ്ങാതെയാണ് അടിയന്തരമായി അനില്‍ മുഹമ്മദിനെ കുറ്റവിമുക്തനാക്കി സസ്പെൻഷൻ പിൻവലിച്ചത്. ഭരണ മാറ്റത്തിന് ശേഷം ഇതുവരെയും ബോർഡ് യോഗം കൂടിയിട്ടില്ല. ബോർഡ് പുനഃസംഘടിപ്പിക്കാത്തതാണ് കാരണം. എന്നാല്‍ നടപടിക്ക് ഉത്തരവിട്ട ചെയർമാൻ തന്നെയാണ് നിലവില്‍ വ്യവസായ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയും.
കെ.എം.എം.എല്‍ ചെയർമാനും.അനില്‍ മുഹമ്മദിനെ വെള്ളപൂശിയുള്ള ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ചെയർമാന്റെ അടുക്കലെത്തിയാല്‍ തള്ളുമെന്ന് മുന്നില്‍ കണ്ടാണ് റിപ്പോർട്ട് ചെയർമാനു നല്‍കാതെ സസ്െപൻഷൻ പിൻവലിച്ചത്.വ്യവസായ വകുപ്പ് സ്പെഷല്‍ ഓഫിസറുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് വിഷയത്തില്‍ ക്രിമിനല്‍ കുറ്റമുണ്ടെന്നും പൊലിസ് കേസ് എടുക്കണമെന്ന നിർദേശം ഉണ്ടായിരുന്നു.
ഗുരുതര കുറ്റം കണ്ടെത്തി സസ്പെൻഡ് ചെയ്ത അനില്‍ മുഹമ്മദിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് വ്യവസായ അധികാരികളുടെ പരിഗണനയ്ക്ക് അയച്ച് ബോർഡ് യോഗത്തില്‍ പരിഗണിച്ചതിനും ശേഷം മാത്രമേ എം.ഡിക്ക് തീരുമാനമെടുക്കാവൂ എന്നിരിക്കേയാണ്, ഈയുടെ രാജിവച്ച് പോയ എം.ഡിയില്‍ സമ്മർദം ചെലുത്തി സസ്പെൻഷൻ പിൻവലിച്ചത്. നടപടിക്കു ശേഷം അനില്‍ മുഹമ്മദ് സർവിസില്‍ തിരിച്ചു വന്ന് സമാന കുറ്റം ചെയ്തിട്ടും കെ.എം.എം.എല്‍ ചെയർമാൻ കൂടിയായ പ്രിൻസിപ്പല്‍ സെക്രട്ടറിക്കും മിണ്ടാട്ടമില്ല.
2018ല്‍ തരംതാഴ്ത്തി2005ല്‍ വകുപ്പ് മന്ത്രിയുടെ ശുപാർശയെ തുടർന്നാണ് അനില്‍ മുഹമ്മദിന് കെ.എം.എം.എല്ലില്‍ നിയമനം നല്‍കുന്നത്. തുടർന്ന് കെ.എം.എം.എല്ലിലെ സുപ്രധാന ടി.പി യൂനിറ്റില്‍ മാനേജരായി. വെല്‍ഫെയർ, പഴ്സനല്‍ ആൻഡ് അഡ്മിനിസ്ട്രേഷൻ, ജനറല്‍ അഡ്മിനിസ്ട്രേഷൻ, കമ്മ്യൂനിറ്റി വെല്‍ഫെയർ, എസ്റ്റേറ്റ് എന്നിവയുടെ സ്വതന്ത്ര ചുമതലയും നല്‍കി. കൊച്ചിയിലെ ഹനാൻ എന്ന പെണ്‍കുട്ടിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചുവെന്ന പരാതി ഉയർന്നതിനെ തുടർന്ന് അനില്‍ മുഹമ്മദിനെതിരേ അന്നത്തെ മാനേജിങ് ഡയരക്ടർ റോയി കുര്യൻ അന്വേഷണം നടത്തി. ഗുതരമായ കുറ്റങ്ങളാണ് കണ്ടെത്തിയത്.
പ്രധാന ചുമതലകളിലുണ്ടായിരുന്നിട്ടും കമ്പനിയുടെ മുൻകൂർ അനുമതി ഇല്ലാതെ സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുക, വെല്‍ഫെയർ മാനേജർ എന്ന നിലയില്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാതിരിക്കുക, കമ്പനിയുടെ അതീവ രഹസ്യ രേഖകള്‍ പുറത്ത് നല്‍കുക തുടങ്ങിയ കുറ്റങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് 2018ല്‍ ആസ്ഥാന ഓഫിസില്‍ നിന്നും സെപ്പറേഷൻ യൂനിറ്റിലേക്ക് ഡപ്യൂട്ടി മാനേജരായി തരം താഴ്ത്തി സ്ഥലം മാറ്റി. 2022ലാണ് സെപ്പറേഷൻ യൂനിറ്റില്‍ കമ്മ്യൂനിറ്റി ആൻഡ് പബ്ലിക് റിലേഷൻസ് മാനേജരാക്കിയത്. എന്നിട്ടും ആസ്ഥാന ഓഫിസില്‍ പ്രധാന തസ്തിക ഒന്നും നല്‍കിയില്ല. തുടർന്നാണ് രാഷ്ട്രീയ സ്വാധീനത്തില്‍ ടൂറിസത്തിലേക്കും കയർ കോർപറേഷനിലേക്കും മാറുന്നത്. ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ഡയറക്ടർ ആയിരിക്കേ ഒരു ഉന്നത സി.പി.എം നേതാവിന്റെ ഡ്രൈവറുടെ ബന്ധുവായ പെണ്‍കുട്ടിയോട് മോശമായി പെരുമാറി എന്ന പരാതി പാർട്ടി കേന്ദ്രങ്ങളില്‍ എത്തിയിരുന്നു.
ട്രേഡ് യൂനിയനും ഉണ്ടാക്കിസർക്കാർ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലില്‍ ചട്ടം ലംഘിച്ച് അനില്‍ മുഹമ്മദ് ട്രേഡ് യൂനിയനും ഉണ്ടാക്കി. കെ.എം.എം.എല്ലിലെ ചട്ട പ്രകാരം ഓഫിസർ തസ്തികകളില്‍ ജോലി നോക്കുന്നവർക്ക് ട്രേഡ് യൂനിയൻ ഉണ്ടാക്കാനോ അതില്‍ പ്രവർത്തിക്കാനോ പാടില്ല. എന്നാല്‍ കെ.എം.എം.എല്‍ ഓഫിസർമാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ച് സസ്പെൻഷൻ കാലയളവില്‍ ട്രേഡ് യൂനിയൻ ഉണ്ടാക്കുകയായിരുന്നു. അതിന്റെ പ്രവർത്തനം ഇപ്പോഴും തുടരുന്നു.2024 ഓഗസ്റ്റ് ആറിന് കെ.എം.എം.എല്ലിലെ ഓഫിസർമാരെ കൂട്ടി യോഗം ചേരുകയും ടൈറ്റാനിയം ഓഫിസേഴ്സ് അസോസിയേഷൻ എന്ന പേരില്‍ ഒരു സംഘടനയും രൂപീകരിച്ചു. 2025 ജനുവരി 15ന്, 1926ലെ ഇന്ത്യൻ ട്രേഡ് യൂനിയൻ ആക്‌ട് പ്രകാരം കൊല്ലം ലേബർ ഓഫിസില്‍ ട്രേഡ് യൂനിയൻ രജിസ്റ്റർ ചെയ്തു.
മന്ത്രി പി.സി വിഷ്ണുനാഥ് പ്രസിഡന്റായും അനില്‍ മുഹമ്മദ് ജനറല്‍ സെക്രട്ടറിയായും പെരുമാറ്റച്ചട്ടം ലംഘിച്ച് ട്രേഡ് യൂനിയൻ പ്രവർത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അത് ഇപ്പോഴും തുടരുന്നു. വിഷ്ണുനാഥ് മന്ത്രിയായിട്ടും പദവി ഒഴിഞ്ഞിട്ടില്ലെന്നാണ് സൂചന.





