ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നു.ബ്രിട്ടനില്‍ നിന്നുള്ള കാറുകള്‍ക്ക് ഇന്ത്യയില്‍ വൻതോതില്‍ വില കുറയാൻ വഴിയൊരുക്കുന്നതാണ് ഈ ചരിത്ര കരാർ.

നിലവില്‍ 110 ശതമാനം വരെയുണ്ടായിരുന്ന ഇറക്കുമതി തീരുവ നിശ്ചിത ക്വാട്ടയനുസരിച്ച്‌ 10 ശതമാനമായി കുറയ്ക്കാനാണ് കരാറിലെ പ്രധാന വ്യവസ്ഥ. കരാർ നിലവില്‍ വരുന്ന ആദ്യത്തെ 15 വർഷത്തിനുള്ളില്‍ സാധാരണക്കാരുടെ ബജറ്റിലൊതുങ്ങുന്നവ ഉള്‍പ്പെടെ 3.78 ലക്ഷം പെട്രോള്‍/ഡീസല്‍ കാറുകള്‍ കുറഞ്ഞ നികുതിയില്‍ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കരാറിന്റെ ആദ്യവർഷം ആകെ 20,000 കാറുകള്‍ക്കാണ് നികുതിയിളവോടെ ഇറക്കുമതി ചെയ്യാൻ സാധിക്കുക. ഇതില്‍ വലിയ എൻജിൻ ശേഷിയുള്ള കാറുകളുടെ നികുതി 110-ല്‍ നിന്ന് 30 ശതമാനമായും, ഇടത്തരം കാറുകളുടേത് 50 ശതമാനമായും കുറയും. അഞ്ചാം വർഷം തികയുമ്പോഴേക്കും ഇറക്കുമതി ചെയ്യാവുന്ന കാറുകളുടെ പരിധി 37,000 ആയി ഉയരുകയും എല്ലാ വിഭാഗം കാറുകളുടെയും നികുതി 10 ശതമാനമായി ചുരുങ്ങുകയും ചെയ്യും. എന്നാല്‍ 15-ാം വർഷം മുതല്‍ എല്ലാ കാറുകള്‍ക്കുമുള്ള ഇറക്കുമതി ക്വാട്ട പ്രതിവർഷം 15,000 ആയി നിജപ്പെടുത്തുമെങ്കിലും കുറഞ്ഞ നികുതി നിരക്കായ 10 ശതമാനം തന്നെ തുടരുന്നതായിരിക്കും. അതേസമയം, ഇരുചക്ര വാഹനങ്ങള്‍, ബസുകള്‍, ട്രക്കുകള്‍ എന്നീ സീറോ എമിഷൻ വാഹനങ്ങള്‍ക്ക് ഈ ഇളവുകള്‍ ബാധകമല്ല.

ടാറ്റ, മഹീന്ദ്ര, മാരുതി സുസുക്കി തുടങ്ങിയ സ്വദേശി കമ്പനികളെ സംരക്ഷിക്കുന്നതിനായി 40,000 പൗണ്ടില്‍ താഴെ വിലയുള്ള ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ഇന്ത്യ വിപണി തുറന്നുകൊടുത്തിട്ടില്ല. ഇലക്‌ട്രിക്, ഹൈബ്രിഡ് കാറുകള്‍ക്ക് ആദ്യ അഞ്ച് വർഷത്തേക്ക് യാതൊരു നികുതിയിളവും ഉണ്ടാകില്ലെങ്കിലും ആറാം വർഷം മുതല്‍ ഉയർന്ന വിലയുള്ള കാറുകള്‍ക്ക് ഇളവ് നല്‍കിത്തുടങ്ങുകയും പത്താം വർഷത്തോടെ നികുതി 10 ശതമാനത്തില്‍ സ്ഥിരപ്പെടുത്തുകയും ചെയ്യും. അതേസമയം, ഇന്ത്യൻ കമ്പനികള്‍ക്ക് യുകെ വിപണിയില്‍ വൻ കുതിപ്പുണ്ടാക്കാൻ ഈ കരാർ സഹായിക്കും. ആറാം വർഷം മുതല്‍ 20,000 – 80,000 പൗണ്ട് വിലയുള്ള ഇന്ത്യൻ ഇലക്‌ട്രിക്/ഹൈബ്രിഡ് കാറുകള്‍ക്ക് നികുതിയില്ലാതെ ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യാം. 15-ാം വർഷത്തില്‍ പരമാവധി 88,000 കാറുകള്‍ വരെ പ്രതിവർഷം ഇത്തരത്തില്‍ കയറ്റുമതി ചെയ്യാൻ സാധിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക