കൊല്ലം കെഎസ്‌ആർടിസി ഡിപ്പോയില്‍ നടന്ന പ്രിയദർശിനി ബസ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു.സ്ത്രീകള്‍ക്കായുള്ള സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചതിന്റെ ആവേശത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വിതരണം ചെയ്ത പായസമാണ് അബദ്ധത്തില്‍ മന്ത്രിയുടെ തലയില്‍ വീണത്. സംഭവത്തില്‍ മന്ത്രിക്ക് ഗുരുതര പരിക്കുകളൊന്നും ഉണ്ടായിട്ടില്ല.
അതേസമയം, രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്‌ആർടിസി കോംപ്ലക്സില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് പിന്നാലെ സംസാരിച്ച മുഖ്യമന്ത്രി, ഇത് സർക്കാരിന്റെ അഭിമാന നിമിഷമാണെന്നും അധികാരത്തിലെത്തി ഒരു മാസം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാനായെന്നും പറഞ്ഞു.
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് ഒരു ഔദാര്യമല്ല, മറിച്ച് സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന പദ്ധതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകള്‍ക്ക് ആത്മാഭിമാനത്തോടെയും സുരക്ഷിതത്വത്തോടെയും യാത്ര ചെയ്യാനാകുമെന്നും ‘ഇത് ഞങ്ങളുടെ സർക്കാരിന്റെ ബസാണ്’ എന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സൗജന്യ യാത്രയിലൂടെ ലാഭിക്കുന്ന തുക എന്ത് ചെയ്യണമെന്ന് ഒരു സ്ത്രീ ചോദിച്ചതായും, അത് ചിട്ടിയോ സമ്പാദ്യ പദ്ധതികളിലോ നിക്ഷേപിക്കാൻ താൻ നിർദേശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി കെഎസ്‌ആർടിസിക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.







