ഭാര്യയെ ക്രൂരമായി മർദിച്ചുവെന്ന പരാതിയില്‍ ബിജെപി നേതാവിനെതിരെ കേസ്. ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്‍റ് എ ശ്രീകുമാറിന് എതിരെയാണ് ജാമ്യമില്ലാ കുറ്റം ചുമത്തി വധശ്രമത്തിന് കേസ് എടുത്തത്.കരണത്തടിച്ചു, കണ്ണിനു താഴെ മർദിച്ചു എന്നെല്ലാമാണ് പരാതിയില്‍ പറയുന്നത്. നരഹത്യാ ശ്രമത്തിനാണ് ശ്രീകുമാറിനെതിരെ കേസെടുത്തത്.
എന്തുകൊണ്ട് വീട്ടില്‍ എത്താൻ വൈകി എന്ന് ചോദിച്ച് ജൂണ്‍ 9ന് രാത്രി 7.30ന് ശ്രീകുമാർ മർദിച്ചെന്നാണ് ഭാര്യയുടെ പരാതി. തോന്നുന്ന സമയത്ത് വരാൻ ഇത് സത്രമാണോ എന്ന് ചോദിച്ച് മുഖത്തടിച്ചെന്നും മുടിയില്‍ കുത്തിപ്പിടിച്ചെന്നും തല ഭിത്തിയില്‍ ഇടിക്കാൻ ശ്രമിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. ആ സമയത്ത് ഭിത്തിയില്‍ കൈവച്ചതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. അല്ലായിരുന്നെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നെന്നും പരാതിയില്‍ പറയുന്നു.
ഭർത്താവിന്‍റെ ക്രൂരമർദനമേറ്റതിന് പിന്നാലെ ഇവർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തിന് പിന്നാലെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.മതിലകം പോലീസാണ് കേസെടുത്തത്.





