മമത ബാനർജിക്ക് കനത്ത തിരിച്ചടിയായി തൃണമൂല്‍ കോണ്‍ഗ്രസില്‍ വീണ്ടും രാജി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഷ്മിത ദേവ് രാജ്യസഭാം അംഗത്വം രാജിവെച്ചു.മമതയുടെ വിശ്വസ്തനായിരുന്ന സുഖേന്ദു ശേഖർ റോയ് രാജ്യസഭയില്‍ നിന്ന് രാജിവെച്ച് ഒരാഴ്ച തികയുന്നതിന് മുമ്പാണ് അടുത്ത രാജി.
ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസിൻറെ രാജ്യസഭയിലെ സംഖ്യ പതിനൊന്നായി കുറഞ്ഞു. രാജ്യസഭാംഗത്വത്തില്‍ നിന്നുള്ള എന്റെ രാജി ഞാൻ ഇതിനാല്‍ സമർപ്പിക്കുന്നു. ഇത് ഉടനടി പ്രാബല്യത്തില്‍ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു-രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് അയച്ച കത്തില്‍ സുഷ്മിത ദേവ് വ്യക്തമാക്കി.
ആസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി ചർച്ച നടത്തിയ സുഷ്മിത ദേവ് ബിജെപിയില്‍ ചേരും. രാജി വെച്ചതിന് തൊട്ടുപിന്നാലെ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ദില്ലിയിലെ വസതിയില്‍ അദ്ദേഹത്തോടൊപ്പം സുഷ്മിത നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇതില്‍ ‘അസം ബന്ധം’ ഉണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോള്‍, ഇതില്‍ അസം ബന്ധം മാത്രമാണുള്ളത്” എന്ന് സുഷ്മിത മറുപടി നല്‍കി.
അസമിലെ സില്‍ച്ചറില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്‌സഭാ എംപിയായിരുന്ന സുഷ്മിത ദേവ്, 2019-ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് 2021-ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നത്. അന്ന് “ജനസേവനത്തിന്റെ പുതിയൊരു അധ്യായം” തുടങ്ങുകയാണെന്നാണ് സുഷ്മിത പറഞ്ഞിരുന്നത്. അസമിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും സ്വാധീനമുള്ള ബംഗാളി നേതാവുമായിരുന്ന സന്തോഷ് മോഹൻ ദേവിന്റെ മകളാണ് 53-കാരിയായ സുഷ്മിത ദേവ്. കോണ്‍ഗ്രസിന്റെ വനിതാ വിഭാഗമായ ‘ഓള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസ്’ അധ്യക്ഷയായിരുന്നു. 2021ലാണ് ഇവർ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ തൃണമൂലിൻറെ തീപ്പൊരി പ്രചാരകയായി മാറിയ സയോനി ഘോഷും മമതയെ കൈവിടുകയാണ്. പ്രത്യേക ബ്ളോക്കാകാനുള്ള കത്തില്‍ സയോനി ഘോഷും ഒപ്പുവച്ചതായുള്ള റിപ്പോർട്ട് ഇന്ന് പുറത്തു വന്നു. എല്ലാ എംപിമാരുടെയും പേര് ഇതുവരെ വിമത ഗ്രൂപ്പ് പുറത്തു വിട്ടിട്ടില്ല. പാർട്ടിയിലെ പൊട്ടിത്തെറിക്കിടെ ഇന്ന് ടിഎംസി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജി സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കണ്ടു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ലയിക്കും എന്ന അഭ്യൂഹം ഇത് ശക്താക്കിയെങ്കിലും അത്തരമൊരു നീക്കമില്ലെന്നാണ് ടിഎംസി നേതാക്കള്‍ വിശദീകരിക്കുന്നത്. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ വലിയ ആഭ്യന്തര കലഹങ്ങളാണ് നിലനില്‍ക്കുന്നത്.





