എറണാകുളം കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി അക്ബർ അടക്കം പ്രതികളായ 2 യുവതികള്‍ കൂടി പൊലീസിൻ്റെ കസ്റ്റഡിയില്‍.ഇതോടെ കേസില്‍ അറസ്റ്റില്‍ ആകാനുള്ളവരുടെ എണ്ണം 4 ആയി. പാലക്കാട് നിന്നാണ് മുഖ്യപ്രതി അക്ബറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സെക്സ് റാക്കറ്റ് കണ്ണിയാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ചൊവ്വ പുലർച്ചെയായിരുന്നു നടുക്കുന്ന സംഭവം. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് മുഖ്യപ്രതിയെ പിടികൂടാനായത്. അക്ബർ മുൻപും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. മറ്റ് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
കൊച്ചി കലൂരില്‍ റോഡിലൂടെ നടന്നുപോയപ്പോള്‍ കമന്റടിച്ചത് ചോദ്യം ചെയ്ത പെണ്‍കുട്ടികള്‍ക്ക് നേരെയാണ് സംഘം ചേർന്ന് ആക്രമണമുണ്ടായത്. പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയിലേക്ക് പോകുമ്പോഴാണ് റോഡരികില്‍ നിന്ന യുവാക്കള്‍ ലൈംഗിക ചുവയോടെ സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ യുവാക്കള്‍ സംഘം ചേർന്ന് പെണ്‍കുട്ടികളെ ആക്രമിക്കുകയായിരുന്നു. എട്ടോളം ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഈ സംഘത്തിനൊപ്പമുണ്ടായിരുന്നു. തടഞ്ഞു നിർത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും ഫോണ്‍ നിലത്തെറിഞ്ഞ് തകർത്തു. ഫോണ്‍ എടുക്കാൻ ശ്രമിച്ചതോടെ മുടിക്ക് പിടിച്ച് കറക്കി നിലത്തെറിയാൻ ശ്രമിച്ചു. നെഞ്ചില്‍ ചവിട്ടി. പിന്നാലെ പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രം വലിച്ചുകീറാനും സംഘത്തിലെ യുവാക്കള്‍ ശ്രമിച്ചിരുന്നു.
കഴുത്തിലും പെണ്‍കുട്ടിക്ക് പരിക്കേറ്റിരുന്നു. എന്തിനാണ് ഈ സമയത്ത് പുറത്തിറങ്ങിയതെന്നും നിങ്ങള്‍ ധരിച്ച വസ്ത്രത്തിന്റെ പ്രശ്നമാണ് നടന്നതെന്നുമാണ് സംഭവത്തില്‍ പരിശോധിക്കാനെത്തിയ പൊലീസുകാർ വിലയിരുത്തിയതെന്നും പെണ്‍കുട്ടികളുടെ സുഹൃത്ത് പരാതിപ്പെട്ടിരുന്നു. താമസിച്ചിരുന്ന വീടിന് സമീപത്തുള്ള കടയില്‍ നിന്ന് സാധനം വാങ്ങാൻ എത്തിയതായിരുന്നു പെണ്‍കുട്ടികള്‍.





