അയല്‍വാസിയുടെ വീട്ടില്‍ കലഹം ദൃശ്യം ലഭിക്കാൻ ബഹുനില കെട്ടിടത്തിന്റെ ജനലിലൂടെ പുറത്തേക്ക് തൂങ്ങി നിന്ന് വയോധികൻ.അയല്‍വാസിയുടെ ഫ്ലാറ്റിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്താനായി സ്വന്തം ജീവൻ പണയപ്പെടുത്തി അപ്പാർട്ട്മെന്റിന്റെ ജനലിലൂടെ പുറത്തേക്ക് തൂങ്ങിനില്‍ക്കുന്ന ഒരു വയോധികന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്.
അടുത്ത വീട്ടിലുണ്ടായ ബഹളത്തിന്റെ കാര്യം കൃത്യമായി അറിയാൻ നടത്തിയ ശ്രമമായാണ് വയോധികന്റെ സാഹസികതയെ ആളുകള്‍ നിരീക്ഷിക്കുന്നത്. എന്നാല്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് സംഭവമെന്നും വയോധികനെ അറസ്റ്റ് ചെയ്യണമെന്നുമാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഏറെയും. സ്വന്തം സുരക്ഷ പോലും നോക്കാതെ, അങ്ങേയറ്റം അപകടകരമായ രീതിയില്‍ ഇയാള്‍ കാണിച്ച ഈ പ്രവർത്തി ഒരേസമയം ആളുകളെ അമ്പരപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മറ്റൊരു ഫ്ലാറ്റിലിരുന്ന വ്യക്തിയാണ് ഈ ഭയപ്പെടുത്തുന്ന ദൃശ്യം ക്യാമറയില്‍ പകർത്തിയത്. ഒരു ഭവന സമുച്ചയത്തിലെ ഉയർന്ന നിലയിലുള്ള അപ്പാർട്ട്മെന്റിന്റെ ജനല്‍ പൂർണ്ണമായും തുറന്ന്, അതിലൂടെ ശരീരത്തിന്റെ പകുതിയിലധികം ഭാഗം പുറത്തേക്ക് തള്ളി നില്‍ക്കുന്ന രീതിയിലാണ് വയോധികനുള്ളത്. ഒരു കൈകൊണ്ട് ജനലിന്റെ ഫ്രെയിമില്‍ പിടിച്ച് ബാലൻസ് ചെയ്തുകൊണ്ട്, മറുകൈയിലെ മൊബൈല്‍ ഫോണ്‍ തൊട്ടടുത്ത ഫ്ലാറ്റിലെ ജനലിന് നേരെ പിടിച്ച് ദൃശ്യങ്ങള്‍ ഇയാള്‍ റിക്കോർഡ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഒരല്പം കൈവിട്ടാല്‍ വലിയൊരു ദുരന്തം സംഭവിക്കാവുന്നതും അതീവ അപകടകരവുമായ ഈ സാഹചര്യത്തിലും യാതൊരു ഭയവുമില്ലാതെയാണ് ഇയാള്‍ അയല്‍വാസിയുടെ വീട്ടിലേക്ക് ക്യാമറ തിരിച്ചുപിടിച്ചിരിക്കുന്നത്. പ്രാദേശിക പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് ഇയാള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല. ഇയാള്‍ ഏത് നഗരത്തിലാണ് ഉള്ളതെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.






