ഓടുന്ന ട്രെയിനില്‍ 7 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ യാത്രക്കാർ വളഞ്ഞിട്ട് തല്ലി. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വൈറല്‍ വീഡിയോകളിലൂടെ ഈ ഏറ്റുമുട്ടല്‍ വ്യാപകമായ ശ്രദ്ധ നേടി.ബാബ ബനാറസ് എന്ന എക്സ് ഹാൻറിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മുഹമ്മദ് എന്ന യുവാവാണ് മർദ്ദനമേറ്റു വാങ്ങിയത്. ട്രെയിൻ യാത്രയ്ക്കിടെ എഴ് വയസുകാരിയായ ഇയാള്‍ സമീപിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
കുട്ടി അസാധാരണമായ രീതിയില്‍ നിലവിളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടിയുടെ അമ്മ അവളെ കെട്ടിപ്പിടിച്ച് കാര്യമെന്തെന്ന് അന്വേഷിച്ചു. തന്‍റെ അടുത്തിരുന്നയാള്‍ സ്വകാര്യ ഭാഗങ്ങളില്‍ വേദനിപ്പിച്ചെന്ന് കുട്ടി വെളിപ്പെടുത്തിയതോടെ കാര്യങ്ങള്‍ മാറി മാറിഞ്ഞു. മറ്റ് യാത്രക്കാർ കുട്ടിയുടെ സമീപത്ത് ഇരുന്നയാളെ രക്ഷപ്പെടാൻ അനുവദിക്കാതെ പിടികൂടുകയും തല്ലിയും ചവിട്ടിയും ക്രൂരമായി മർദ്ദിച്ചു. ചിലർ ഇയാളെ പിടിച്ച് വച്ചപ്പോള്‍ മറ്റ് ചിലർ ഇയാളുടെ നെഞ്ചത്ത് ചവിട്ടുന്നതും വീഡിയോയില്‍ കാണാം. ഇടയ്ക്ക് കുട്ടിയുടെ അമ്മ ചെരുപ്പൂരി യുവാവിന്‍റെ മുഖത്ത് അടിക്കുന്നതും കാണാം.
വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പ്രതിക്ക് മരണ ശിക്ഷ നല്‍കണമെന്നായിരുന്നു ഒരു എക്സ് ഉപയോക്താവ് കുറിച്ചത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരില്‍ ഭയം ജനിപ്പിക്കാൻ കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും ചിലരെഴുതി. കുട്ടികളോട് ഇത്തരത്തില്‍ പെരുമാറുന്നവരെ വെറുതെ വിടരുതെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി. ആ പെണ്‍കുട്ടി ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന ട്രോമകളെ കുറിച്ച് മറ്റ് ചിലർ സൂചിപ്പിച്ചു.
അയാള്‍ മുഹമ്മദോ മനോഹറോ മാക്സവെല്ലോ ആരുമായിക്കോട്ടെ ഇത്തരം കുറ്റവാളികളെ പതിറ്റാണ്ടുകള്‍ ജയിലിലിടണമെന്ന് മറ്റ് ചിലർ ആവശ്യപ്പെട്ടു.അതേസമയം കുറ്റവാളികളെ ശിക്ഷിക്കാൻ പൊതുജനത്തിന് അധികാരമില്ലെന്നും അതിന് പോലീസും കോടതിയും അടക്കുമുള്ള നിയമസംവിധാനങ്ങളുള്ള നാടാണ് നമ്മുടെതെന്നും ക്രമസമാധാനം പാലിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായെങ്കിലും ഇന്ത്യൻ റെയില്‍വേയുടെ പ്രതികരണമെന്നും ഇതുവരെ വന്നിട്ടില്ലെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
സമൂഹ മാധ്യമ ഉപയോക്താക്കള്‍ രണ്ട് തട്ടിലായി. കുറ്റവാളിക്ക് കഠിന ശിക്ഷ നല്‍കണമെന്ന് ഒരു പക്ഷം വാദിച്ചപ്പോള്‍, ശിക്ഷിക്കാനുള്ള അധികാരം പൊതുജനത്തിനല്ലെന്നും കോടതിക്കാണെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടുകയായിരുന്നു.








