ഐ.പി.എല്‍ ക്രിക്കറ്റില്‍ അമ്പയറായി അരങ്ങേറുകയാണ് മലയാളിയായ ടോണി ഇമ്മട്ടി. തൃശൂർ സ്വദേശിയും അഭിഭാഷകനുമായ ടോണി ഇന്ന് മുംബയ് വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മുംബയ് ഇന്ത്യൻസും ലക്നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള മത്സരത്തിന്റെ നാലാം അമ്പയറാണ്. ഈ മാസം 15ന് ലക്നൗവില്‍ ചെന്നൈ സൂപ്പർ കിംഗ്സും ലക്നൗവും തമ്മിലുള്ള മത്സരത്തിലൂടെ ഫീല്‍ഡ് അമ്പയറായും അരങ്ങേറും.

കെ.എൻ അനന്തപത്മനാഭന് പിന്നാലെ ഐ.പി.എല്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന മലയാളിയാണ് ടോണി. വനിതാ പ്രിമിയർ ലീഗ് മത്സരങ്ങള്‍ നിയന്ത്രിച്ച ആദ്യ മലയാളി ടോണിയാണ്. ഈ സീസണിലെ നാലു മത്സരങ്ങളില്‍ ഫീല്‍ഡ് അമ്പയറായും രണ്ട് മത്സരങ്ങളില്‍ വീതം ടിവി അമ്പയറായും ഫോർത്ത് അമ്പയറായും ടോണി മത്സരം നിയന്ത്രിച്ചു.തൃശൂർ സി.എം.എസ് സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ടോണി അമ്പയറിംഗ് തുടങ്ങിയത്. സ്നേഹരാജാണ് അമ്പയറിംഗ് ഗുരു. ലോ കോളജില്‍ എത്തിയപ്പോള്‍ കളിക്കാരനായും അമ്പയറായും തിളങ്ങി. 18 വയസുള്ളപ്പോള്‍ തൃശൂർ കേരളവർമ കോളജില്‍ നടന്ന സൂപ്പർലീഗ് ഫൈനല്‍ നിയന്ത്രിച്ച്‌ പ്രഫഷണല്‍ അമ്പയറായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിയമപഠനം കഴിഞ്ഞ് ജില്ലാ കോടതിയില്‍ 10 വർഷത്തോളം പ്രാക്ടിസ് ചെയ്യുമ്പോഴും അമ്പയറിംഗ് കൈവിട്ടില്ല. 2018ല്‍ ബി.സി.സി.ഐ ലെവല്‍ രണ്ട് അമ്പയർ ആയപ്പോഴാണ് വക്കീല്‍ കുപ്പായം താത്കാലികമായി ഉൗരിവച്ചത്. ഇതിനിടെ ടെന്നിസ് ബോള്‍ ടൂർണമെന്റുകള്‍ അടക്കം 2500ഓളം മത്സരങ്ങള്‍ നിയന്ത്രിച്ചു. രഞ്ജി ട്രോഫിയില്‍ 10 മത്സരങ്ങള്‍ നിയന്ത്രിച്ചു. സെയ്ദ് മുഷ്താഖ് ട്രോഫിയിലും വിജയ് ഹസാരേയിലും അമ്പയറായി. അഭിഭാഷകനായ ഇ.ടി ലാസറാണ് പിതാവ്. മാതാവ് എ.ഒ മറിയം അദ്ധ്യാപികയായിരുന്നു.ഭാര്യ ബി.രശ്മിയും അഭിഭാഷകയാണ്. മകള്‍: എമ്മ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക