സർവീസില്‍ നിന്ന് വിരമിച്ച്‌ മൂന്ന് വർഷം പിന്നിട്ടിട്ടും വാഹനത്തില്‍ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങള്‍ അനധികൃതമായി പ്രദർശിപ്പിച്ച മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്കെതിരെ നടപടിയെടുക്കാൻ പോലീസ് മടിക്കുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ നിർദ്ദേശം നല്‍കിയിട്ടും കോട്ടയം പോലീസ് ഇതുവരെ അനങ്ങിയിട്ടില്ല. അതേസമയം, മോട്ടോർ വാഹന വകുപ്പ് നിയമലംഘനത്തിന് 250 രൂപ പിഴ ചുമത്തുകയും തച്ചങ്കരി ഈ തുക ഉടൻ തന്നെ അടച്ചുതീർക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയം കോടതിയില്‍ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ വാഹനത്തിലെ നിയമലംഘനം പുറംലോകം അറിഞ്ഞത്. കാറിന്റെ നമ്പർ പ്ലേറ്റിന് സമീപം ഡിജിപി പദവിയെ സൂചിപ്പിക്കുന്ന നക്ഷത്രങ്ങള്‍ പ്രദർശിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ മാധ്യമപ്രവർത്തകരും മറ്റും ചോദ്യങ്ങളുയർത്തി. ഇതോടെ ധൃതിയില്‍ വാഹനത്തിലെ ബോർഡ് മാറ്റാനും സ്ഥലത്തുനിന്ന് വാഹനം നീക്കം ചെയ്യാനും അദ്ദേഹം ശ്രമിച്ചെങ്കിലും ദൃശ്യങ്ങള്‍ പുറത്തുവന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2023-ല്‍ വിരമിച്ചതിന് ശേഷമുള്ള കഴിഞ്ഞ മൂന്ന് വർഷക്കാലവും അദ്ദേഹം ഇതേ ഔദ്യോഗിക ചിഹ്നം പതിച്ച വാഹനത്തിലാണ് യാത്ര ചെയ്തിരുന്നത്. പദവി ദുരുപയോഗം ചെയ്തതിനെതിരെ വ്യാപക പരാതികള്‍ ഉയർന്ന പശ്ചാത്തലത്തിലാണ് കോട്ടയം എസ്പിയോട് ഡിജിപി റിപ്പോർട്ട് തേടിയത്. എന്നാല്‍, സഹപ്രവർത്തകനായിരുന്ന ഉന്നത ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ നടപടികളിലേക്ക് നീങ്ങാൻ പോലീസ് മടിക്കുന്നത് വകുപ്പിനുള്ളില്‍ തന്നെ ചർച്ചയായിട്ടുണ്ട്.

വാഹനത്തിലെ ചിഹ്നത്തിന് പുറമെ, പോലീസിന്റെ ഔദ്യോഗിക സീരീസിലുള്ള ഫോണ്‍ നമ്പർ തച്ചങ്കരി ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന ഗുരുതരമായ വിവരവും പുറത്തുവന്നിട്ടുണ്ട്. വിരമിച്ച ഉദ്യോഗസ്ഥർക്ക് ഇത്തരം നമ്പറുകള്‍ കൈവശം വെക്കാൻ അനുവാദമില്ലാതിരിക്കെ, ഇത് എങ്ങനെ സാധ്യമായി എന്നതിനെക്കുറിച്ച്‌ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. എംവിഡി പിഴ ഈടാക്കിയതോടെ സാങ്കേതികമായി നിയമലംഘനം സ്ഥിരീകരിക്കപ്പെട്ടെങ്കിലും, പോലീസിന്റെ ഭാഗത്തുനിന്നുള്ള തുടർനടപടികള്‍ വൈകുന്നത് വലിയ വിമർശനങ്ങള്‍ക്കിടയാക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക